2002-ൽ വെറും ഒരു ഇനത്തിൽ മാത്രം മത്സരിക്കാനായാണ് ഗുരുകുലം ആദ്യമായി കലോത്സവ വേദിയിലേക്ക് എത്തുന്നത്. 2012-ൽ തൃശ്ശൂരിൽ നടന്ന 52-ാമത് സംസ്ഥാന കലോത്സവത്തിലാണ് ഗുരുകുലം ആദ്യമായി ഒന്നാമതെത്തുന്നത്. പിന്നീട് കലോത്സവഭൂപടത്തിൽ ഗുരുകുലം ഒഴിവാക്കാനവാത്ത വൻകരയായി മാറുന്ന കാഴ്ച്ചയാണ് കണ്ടത്.
കപ്പ് നേടുകയെന്നതല്ല, ഞങ്ങളുടെ ലക്ഷ്യംകുട്ടികളെ കലയിലൂടെ നവീകരിക്കുക എന്നതാണ്. മികച്ച കലാകാരന്മാരെ വാർത്തെടുക്കാൻ സ്കൂളിനാവണം അതാണ് ഗുരുകുലത്തിന്റെ ലക്ഷ്യം, പ്രിൻസിപ്പൽ ഡോ.വിജയൻ വി. ആനന്ദ് പറയുന്നു.
ഗുരുകുലത്തിന് സ്ഥിരമായി സമ്മാനം ലഭിക്കുന്ന നാൽപതോളം ഇനങ്ങളിൽ ഇക്കുറിയും സമ്മാനം നിലനിൽത്തി. സംഘനൃത്തം, സംഘഗാനം, ദേശഭക്തിഗാനം, പരിചമുട്ട്, കോൽക്കളി, ഒപ്പന, ചവിട്ടുനാടകം, യക്ഷഗാനം, ഇംഗ്ലീഷ് സ്കിറ്റ്, മൂകാഭിനയം, വൃന്ദവാദ്യം, വട്ടപ്പാട്ട് തുടങ്ങിയ ഗ്രൂപ്പ് ഇനങ്ങളിലും വിവിധ വ്യക്തിഗത ഇനങ്ങളിലുമാണ് ഗുരുകുലത്തിന്റെ ആധിപത്യം. ഗുരുകുലത്തിന്റെ പേര് കലോത്സ വേദിയിൽ ഉയരുമ്പോഴും പാലക്കാട് ജില്ലയ്ക്ക് കൈവിട്ട് പോയ കപ്പിനെ കുറിച്ചോർത്ത് വിഷമത്തിലാണ് സ്കൂളിലെ വിദ്യാർഥികൾ.
61 വർഷത്തെ കലോത്സവ ചരിത്രത്തിൽ ആദ്യമായാണ് ഒരു സ്കൂൾ കൂടുതൽ പോയിന്റ് നേടിയ സ്കൂൾ എന്ന പട്ടം തുടർച്ചയായി നിലനിർത്തുന്നത്. തുടർച്ചയായി പത്താമത്തെ തവണയാണ് ഗുരുകുലം ഈ ഖ്യാതി നിലനിർത്തുന്നത്.