തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തു കേസില്‍ വിവാദങ്ങള്‍ ഉയര്‍ന്നപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് കത്തെഴുതി കേന്ദ്ര ഏജന്‍സികളെ വിളിച്ചു വരുത്തിയതാണ്. എന്നാല്‍ ഇപ്പോള്‍ പുലിവാല് പിടിച്ചത് പോലെയാണ് സര്‍ക്കാര്‍. ലൈഫ് മിഷനിലെ അടക്കം അഴിമതികള്‍ വെളിച്ചത്തു വന്നതോടെയാണ് സര്‍ക്കാര്‍ സിബിഐയെ നിരോധിക്കാന്‍ തീരുമാനിച്ചത്. ഇപ്പോഴിതാ ഇഡിയെയും നിരോധിക്കാനുള്ള വഴികള്‍ തേടുകയാണ് പിണറായി സര്‍ക്കാര്‍.
സര്‍ക്കാരിന്റെ അഭിമാന പദ്ധതികളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്താനൊരുങ്ങുന്ന അന്വേഷണത്തിനു തടയിടാന്‍ ആണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇതിനായി അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയതായാണ് സൂചന.ഇഡി ആവശ്യപ്പെട്ട രേഖകള്‍ കൈമാറുന്ന കാര്യത്തില്‍ നിയമോപദേശം ലഭിച്ച ശേഷം തീരുമാനമെടുത്താല്‍ മതിയെന്ന് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സിബിഐ അന്വേഷണത്തിനു താല്‍ക്കാലികമായെങ്കിലും തടയിട്ടതു പോലെ ഇഡിയോടു സര്‍ക്കാരിനു മുഖം തിരിക്കാന്‍ കഴിയില്ലെന്നാണു നിയമവിദഗ്ധരുടെ പക്ഷം. കേന്ദ്ര ഏജന്‍സികള്‍ ഇടപെടുന്നതിനെക്കുറിച്ച് ഇന്നത്തെ മന്ത്രിസഭാ യോഗത്തിലും ചര്‍ച്ചയുണ്ടാകുമെന്നാണു സൂചന. കേന്ദ്രസര്‍ക്കാരിനുകീഴിലെ അന്വേഷണ ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികളെക്കുറിച്ച് അന്വേഷിക്കാന്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.
സ്വര്‍ണക്കടത്തില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആദ്യംമുതല്‍ സ്വാഗതംചെയ്ത മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) നീക്കങ്ങളായിരുന്നു.