തിരുവനന്തപുരം: ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസ് എം ഇടതുമുന്നണിയുടെ ഔദ്യോഗിക ഘടകകക്ഷിയായി. തിരുവനന്തപുരത്ത് ചേര്‍ന്ന ഇടതുമുന്നണിയോഗത്തിലാണ് ജോസ് കെ മാണിയെ ഔദ്യോഗിക ഘടകകക്ഷിയാക്കാനുള്ള ധാരണയായത്. ഇടയ്ക്ക് സിറ്റിംഗ് സീറ്റുകളില്‍ ആശങ്കയറിയിച്ച് എന്‍സിപി രംഗത്തെത്തിയെങ്കിലും ഇടപെട്ടത് മുഖ്യമന്ത്രിയാണ്. എല്ലാം പിന്നീട് ചര്‍ച്ച ചെയ്യാമെന്നും, തല്‍ക്കാലം യുഡിഎഫ് ദുര്‍ബലമാകുന്നതാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനാണ്, ജോസ് കെ മാണിയെ മുന്നണിയിലെടുക്കാമെന്ന നിര്‍ദേശം അവതരിപ്പിച്ചത്. ഇത് എല്ലാ ഘടകകക്ഷികളും, സിപിഐ ഉള്‍പ്പടെ, അംഗീകരിച്ചു.മുന്നണി അംഗത്വത്തിന് എല്ലാ ഘടകകക്ഷികളുടെയും അംഗീകാരത്തോടെ, കേരളാ കോണ്‍ഗ്രസ് എം എല്‍ഡിഎഫില്‍ ഔദ്യോഗിക ഘടകകക്ഷിയായി.
പാലായില്‍ എന്തെങ്കിലും ധാരണയുണ്ടെങ്കില്‍ അത് വ്യക്തമാക്കണമെന്ന് എന്‍സിപി എല്‍ഡിഎഫ് യോഗത്തില്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ എന്‍സിപി നേതാവ് മാണി സി കാപ്പനാണ് പാലാ എംഎല്‍എ. കെ എം മാണിയുടെ മരണത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചാണ് മാണി സി കാപ്പന്‍ ജയിച്ചത്. അത്രയും കടുത്ത പോരാട്ടത്തിലൂടെ പിടിച്ചെടുത്ത സീറ്റ് അങ്ങനെ വിട്ടുനല്‍കാന്‍ എന്‍സിപിക്കും മനസ്സില്ല.
എന്നാല്‍ അക്കാര്യങ്ങളെല്ലാം പിന്നീട് ചര്‍ച്ച ചെയ്യാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. നിലവില്‍ കേരളാ കോണ്‍ഗ്രസ് എമ്മിലെ ജോസ് കെ മാണി പക്ഷം എല്‍ഡിഎഫിലേക്ക് വരുന്നത് മുന്നണിക്ക് ഗുണം ചെയ്യും. യുഡിഎഫ് ദുര്‍ബലമാകുകയും ചെയ്യും. അതിനാല്‍ അക്കാര്യമാണ് പ്രധാനമെന്നും മുഖ്യമന്ത്രി നിലപാടെടുത്തു.