സി.ബി ഐക്ക് വിലക്ക് പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ

0
81

മുംബൈ: കേസുകള്‍ നേരിട്ട് ഏറ്റെടുത്ത് അന്വേഷിക്കുന്നതില്‍ സിബിഐക്ക് തടയിട്ട് മഹാരാഷ്ട്ര. സംസ്ഥാനത്തെ കേസുകള്‍ നേരിട്ട് ഏറ്റെടുത്ത് അന്വേഷിക്കാന്‍ സിബിഐക്ക്‌ നല്‍കിയിരുന്ന അനുമതി മഹാരാഷ്ട്ര സര്‍ക്കാര്‍ പിന്‍വലിച്ചു. ടിആര്‍പി റേറ്റിങ് കേസില്‍ സിബിഐ അന്വേഷണം ആരംഭിക്കുകയും എഫ്‌ഐആര്‍ സമര്‍പ്പിക്കുകയും ചെയ്തതിന് പിന്നാലെയാണ് താക്കറെ സര്‍ക്കാര്‍ സിബിഐക്ക് തടയിട്ട് ഉത്തരവിറക്കിയത്.

 

റിപ്പബ്ലിക് ടി വി അടക്കം മൂന്നു ചാനലുകള്‍ ടിആര്‍പി റേറ്റിങ്ങില്‍ കൃത്രിമം നടത്തിയെന്ന കേസില്‍ മഹാരാഷ്ട്ര പൊലീസ് അന്വേഷണം നടത്തുകയും അര്‍ണാബ് ഗോസ്വാമിയോട് ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു ഇതിനിടെ ടി ആര്‍ പി കേസ് യുപി സര്‍ക്കാര്‍ സിബിഐക്ക് വിട്ടു. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ കേസുകള്‍ സിബിഐക്ക് അന്വേഷിക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടിയിരിക്കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവ്‌ പുറത്തിറക്കിയത്.

 

ഡല്‍ഹി സ്പെഷ്യല്‍ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്‌ട്(1956) നല്‍കുന്ന പ്രത്യേക അധികാരം ഉപയോഗിച്ച്‌ ഡല്‍ഹി സ്പെഷ്യല്‍ പൊലീസ് സേന അംഗങ്ങള്‍ കേസ് അന്വേഷിക്കുന്നതിലുള്ള അനുമതി മഹാരാഷ്ട്ര സര്‍ക്കാര്‍ പിന്‍വലിക്കുന്നതായി ഡെപ്യൂട്ടി സെക്രട്ടറി കൈലാസ് ഗെയ്ക്ക് വാദ് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കി. ലക്നൗവിലെ ഹസ്രത്ഗഞ്ജ് പൊലീസ് സ്റ്റേഷനിലാണ് ടിആര്‍പി കേസ് ആദ്യം രജിസ്റ്റര്‍ ചെയ്തത്. പിന്നീട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അത് സിബിഐയ്ക്ക് കൈമാറുകയായിരുന്നു.

 

ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ മരണം സംബന്ധിച്ച കേസിലും ടിആര്‍പി കേസിലും നിലവില്‍ നടന്നുവരുന്ന അന്വേഷണങ്ങളെ മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഉത്തരവ് ബാധിച്ചേക്കില്ലെന്നാണ് സൂചന. സുശാന്തിന്റെ മരണത്തില്‍ മുംബൈ പൊലീസാണ് ആദ്യം അന്വേഷിച്ചത്. എന്നാല്‍ സുശാന്തിന്റെ പിതാവിന്റെ പരാതിയില്‍ ബിഹാര്‍ സര്‍ക്കാര്‍ കേസ് സിബിഐക്ക് വിട്ടു. രാജസ്ഥാനും പശ്ചിമ ബംഗാളും സിബിഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി വേണമെന്ന വ്യവസ്ഥ കൊണ്ടുവന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here