കോട്ടയം: ( 18.10.2020) മുന്‍ മന്ത്രി കെഎം മാണിക്കെതിരായ ബാര്‍കോഴ കേസിന് പിന്നില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെന്ന് കേരളാ കോണ്‍ഗ്രസ്. കെഎം മാണിയെ കുടുക്കാന്‍ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഐ ഗ്രൂപ്പ് നേതാക്കളും ഗൂഢാലോചന നടത്തിയെന്നാണ് കേരളാ കോണ്‍ഗ്രസ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഐ ഗ്രൂപ്പിന്റെ ഗൂഢാലോചനയില്‍ അടൂര്‍ പ്രകാശും ജോസഫ് വാഴയ്ക്കനും പങ്കാളികളായി. ആര്‍ ബാലകൃഷ്ണപിളളയും പി സി ജോര്‍ജും ഗൂഢാലോചനയില്‍ വിവിധ ഘട്ടങ്ങളില്‍ പങ്കാളികളായെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
ഇക്കാര്യത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അടക്കം അറിവുണ്ടായിരുന്നു എന്നും കേരളാ കോണ്‍ഗ്രസ് പുറത്തുവിട്ട അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.കേരള കോണ്‍ഗ്രസിനുവേണ്ടി സ്വകാര്യ ഏജന്‍സി തയാറാക്കിയ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. എന്നാല്‍ ഇത് ഔദ്യോഗിക റിപ്പോര്‍ട്ടല്ലെന്നും ഔദ്യോഗിക റിപ്പോര്‍ട്ട് കൈവശമുണ്ടെന്നും ഇപ്പോള്‍ പുറത്തുവിടില്ലെന്നും ജോസ് കെ മാണി പ്രതികരിച്ചു.