മുംബൈ: ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും മഹാരാഷ്ട്രയില്‍ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം നാലക്കത്തില്‍ എത്തി. ഇന്ന് 9,060 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. കോവിഡ് ബാധിതരേക്കാള്‍ കൂടുതല്‍ പേര്‍ രോഗമുക്തിയും നേടി. 11,204 പേരാണ് 24 മണിക്കൂറിനിടെ രോഗം ഭേദമായതെന്ന് മഹാരാഷ്ട്ര ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.
150 പേര്‍ കൂടി മരിച്ചതോടെ, സംസ്ഥാനത്ത് കോവിഡ് മരണസംഖ്യ 42,115 ആയി ഉയര്‍ന്നു. നിലവില്‍ 15,95,381 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇതില്‍ 13,69,810 പേര്‍ രോഗമുക്തരായി. 1,82,973 പേരാണ് മഹാരാഷ്ട്രയില്‍ ചികിത്സയില്‍ കഴിയുന്നതെന്നും ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.ദക്ഷിണേന്ത്യയില്‍ തമിഴ്നാട്ടിലും ആന്ധ്രയിലും കോവിഡ് കേസുകള്‍ കുറഞ്ഞപ്പോള്‍ കേരളത്തിലെ പോലെ കര്‍ണാടകയിലും രോഗവ്യാപനം രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 7012 പേര്‍ക്കാണ് കര്‍ണാടകയില്‍ കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം കേരളത്തിലെ പോലെ കൂടുതല്‍ പേര്‍ രോഗമുക്തരായി. 8344 പേര്‍ക്കാണ് അസുഖം ഭേദമായത്. ഈ സമയത്ത് 51 പേര്‍ക്ക് മരണം സംഭവിച്ചതായും കര്‍ണാടക ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.
പുതിയ കേസുകള്‍ കൂടി കണക്കാക്കിയാല്‍, മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 7,65,586 ആയി വര്‍ധിച്ചു. ഇതില്‍ 1,09,264 പേര്‍ ചികിത്സയിലാണ്. അവശേഷിക്കുന്ന 6,45,825 പേര്‍ രോഗമുക്തരാണ്. മരണസംഖ്യ 10,478 ആയി വര്‍ധിച്ചതായും ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.
പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആഴ്ചകളോളം 5000ന് മുകളില്‍ മാറ്റമില്ലാതെ തുടര്‍ന്നിരുന്ന തമിഴ്നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. ഇന്ന് 3914 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. 4,929 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 56 പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായും തമിഴ്നാട് ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.
നിലവില്‍ കോവിഡ് ബാധിതരുടെ മൊത്തം എണ്ണം 6,87,400 ആയി ഉയര്‍ന്നു. ഇതില്‍ 6,37,637 പേര്‍ രോഗമുക്തി നേടി. 39,121 പേര്‍ മാത്രമാണ് ചികിത്സയില്‍ കഴിയുന്നത്. മരണസംഖ്യ 10,642 ആണെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
ആന്ധ്രയിലും തമിഴ്നാടിന് സമാനമായ അവസ്ഥയാണ്. 24 മണിക്കൂറിനിടെ 3,986 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. 7,81,132 പേര്‍ക്കാണ് ഇതുവരെ രോഗബാധ ഉണ്ടായത്. ഇതില്‍ 36,474 പേര്‍ മാത്രമാണ് ചികിത്സയില്‍ കഴിയുന്നത്. മരണസംഖ്യ 6429 ആണെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.