വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന്. യുക്രെയ്‌ന് ക്ലസ്റ്റർ ബോംബുകൾ നൽകാനുള്ള അമേരിക്കൻ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ കൂടിക്കാഴ്ചയ്‌ക്ക് ഏറെ പ്രാധാന്യമുണ്ട്. സംഘർഷം സംഘർഷം അവസാനിക്കുന്നത് വരെ യുക്രൈനിന് നാറ്റോ അംഗത്വം നൽകാനുള്ള സാധ്യത ജോ ബൈഡൻ തള്ളി.
നാറ്റോ സഖ്യരാജ്യമായ ബ്രിട്ടൻ, യുക്രെയ്‌നിന് ക്ലസ്റ്റർ ബോംബുകൾ നൽകാനുള്ള അമേരിക്കയുടെ നീക്കത്തെ എതിർത്തിരുന്നു. ബഹുഭൂരിപക്ഷം നാറ്റോ രാജ്യങ്ങളും നിരോധിച്ച ആയുധമാണ് ക്ലസ്റ്റർ ബോംബ്. ഈ സാഹചര്യത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ആശങ്ക അറിയിച്ചത്. യുക്രെയ്ൻ ആയുധ ശേഖരത്തിൽ കുറവ് വന്ന പശ്ചാത്തലത്തിൽ ആണ് ക്ലസ്റ്റർ ബോംബുകൾ നൽകാൻ തീരുമാനം എന്നാണ് ബൈഡന്റെ വിശദീകരണം.
അനവധി ചെറു ബോംബുകളായി പൊട്ടി ചിതറുന്ന മാരക ആയുധമാണ് ക്ലസ്റ്ററുകൾ. ചെറു ബോംബുകൾ മണ്ണിൽ പുതഞ്ഞു കിടന്ന് കാലങ്ങൾക്ക് ശേഷം പൊട്ടിത്തെറിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അതേസമയം യുദ്ധം അവസാനിക്കാതെ യുക്രെയ്‌നെ നാറ്റോ അംഗത്വം നൽകുന്ന വിഷയം പരിഗണിക്കില്ലെന്ന് ജോ ബൈഡൻ വ്യക്തമാക്കിയിട്ടുണ്ട്. നാളെ നടക്കുന്ന നാറ്റോ സഖ്യ രാഷ്‌ട്രങ്ങളുടെ യോഗത്തിൽ യുക്രെയ്ൻ വിഷയം ചർച്ചയാകും.