“അന്താരാഷ്ട്ര വിദ്യാർത്ഥി ദിനമായി” പ്രഖ്യാപിച്ച് ഇന്നത്തെ ദിവസം അന്താരാഷ്ട്ര തലത്തിൽ ഈ മഹാ വ്യക്തിയെ ലോകം മുഴുവൻ ആദരിക്കുകയാണ് .
രാജ്യത്തെ നിരവധി പാവപ്പെട്ട കുട്ടികളുടെ ഹൃദയത്തെ സ്പർശിച്ച ചുരുക്കം ചില രാഷ്ട്രപതിമാരിൽ ഒരാളായിരുന്നു അദ്ദേഹം. എളിയ പശ്ചാത്തലത്തിൽ നിന്നാണ് അദ്ദേഹം വന്നതെന്നും ഒരു വ്യക്തിയുടെ ഭാവി മാറ്റുന്നതിൽ വിദ്യാഭ്യാസത്തിന്റെ ശക്തി അത്രമാത്രം അനിവാര്യമാണെന്നും അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു.
രാമേശ്വരത്തെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച്, ജീവിത സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കിയ ഒരു അമൂല്യ പ്രതിഭയാണ് എ.പി ജെ അബ്‌ദുൾ കലാം . സ്വന്തം ജീവിതത്തെ ഈ ലോകത്തിന് ഒരു സന്ദേശമായി നൽകിയ മഹത്തായ ജന്മം. ഒരു ദിനപത്ര വില്പനക്കാരനിൽ നിന്നും വളർന്നു ശാസ്ത്രജ്ഞനായി . ശാസ്ത്ര ലോകത്തു നിന്നും വളർന്ന് സ്വന്തം രാജ്യത്തിൻറെ തന്നെ രാഷ്ട്രപതിയായി. എങ്ങനെ ? ഒന്നുറങ്ങി എഴുന്നേറ്റപ്പോൾ സ്വപ്നത്തിൽ ലഭിച്ചതല്ല. എന്നാൽ കണ്ട സ്വപ്നത്തെ സാക്ഷാത്കരിക്കാൻ കഠിനാധ്വാനം ചെയ്ത ഈ പുണ്യാത്മാവിനെ ഒരു ഭാരതീയൻ എന്ന നിലയിൽ നമുക്കെല്ലാം ആദരിക്കേണ്ടതുണ്ട് .
കുട്ടിക്കാലത്തു തന്നെ അദ്ദേഹത്തിന്റെ ജീവിതചര്യകൾ ഭാവി ജീവിതത്തിന്റെ അടിത്തറ പാകിയെന്നുള്ളത് സ്വന്തം വാക്കുകളിൽ വ്യക്തമാണ്. “പുറത്ത് ഇരുട്ടായിരിക്കുമ്പോൾ തന്നെ ഞാൻ എന്റെ ദിവസം ആരംഭിച്ചിരുന്നു. എന്റെ അമ്മ സ്വയം നേരത്തെ ഉണർന്ന്എന്നും എന്നെ രാവിലെ 5 മണിക്ക് തട്ടി ഉണർത്തി, കുളിപ്പിച്ച് റ്റ്യുഷൻ റ്റീച്ചറുടെ അടുത്തേയ്ക്കു അയക്കുമായിരുന്നു. കുളി കഴിഞ്ഞു കുട്ടി കലാം പ്രഭാതത്തിനു മുൻപ് എത്തണം എന്നതായിരുന്നു അധ്യാപകന്റെ വ്യവസ്ഥ .”
അദ്ദേഹത്തിന്റെ വാക്കുകൾ എന്നും എല്ലാവര്ക്കും, ഈ ലോകത്തിനു തന്നെ പ്രചോദനം നൽകുന്നു. പിറന്നാൾ എന്നാൽ എന്താണ് എന്ന ചോദ്യം ബിബിസി ന്യൂസ് ലോകത്തിലെ പ്രമുഖരായ പല വ്യക്തികളോടും ചോദിച്ചു. അതിൽ നിന്ന് അവർ തിരഞ്ഞെടുത്ത് ലോകം അംഗീകരിച്ച ഏറ്റവും നല്ല മറുപടി കലാമിന്റേതായിരുന്നു. ആ മറുപടി. “നീ കരയുന്നത് കണ്ട് നിന്റെ അമ്മ ചിരിച്ച നിൻറെ ജീവിതത്തിലെ ഒരേ ഒരു ദിവസം”.
അദ്ദേഹത്തിന്റെ ജീവിതത്തിനു പ്രചോദനം നൽകിയ പ്രധാന വാക്കുകൾ, സ്ഥിരോത്സാഹം, കഠിനാധ്വാനം, ക്ഷമ എന്നിവയായിരുന്നു .കുട്ടിക്കാലം മുതലേ പക്ഷികളുടെ പറക്കൽ കലാമിനെ ആകർഷിച്ചു. എന്നാൽ വർഷങ്ങൾക്ക് ശേഷമാണ് ഈ ആകർഷണം, തന്നെ വിമാനങ്ങൾ പറക്കാൻ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം മനസ്സിലാക്കി. ജീവിതത്തിൽ സമയപരിധി പാലിക്കാൻ കലാം രാവും പകലും പ്രവർത്തിച്ചു. കുട്ടിക്കാലത്ത് സംസാരിക്കുമ്പോൾ വിക്കി വിക്കിയായിരുന്നു സംസാരിച്ചിരുന്നത്. ഇത് തന്റെ സംഭാഷണത്തിന്റെ ആത്മവിശ്വാസത്തെ തളർത്തിയിരുന്നു. ഇതിനെ മറി കടക്കാൻ സ്വയം തീരുമാനമെടുത്ത് എന്നും ബീച്ചിൽ പോയി ഉറക്കെ സംസാരിക്കുമായിരുന്നു. തിരമാലകളുടെ ശബ്ദത്തിനു മുകളിൽ തന്റെ സ്ഫുടമായ ശബ്ദം കേൾക്കുന്നതുവരെ അദ്ദേഹം ഈ അഭ്യാസം തുടർന്നു .
ഒരു മിസൈൽ മാൻ എന്ന പേരിനു പിന്നിലെ ത്യാഗം അത്ര വലുതായിരുന്നു. അദ്ദേഹം പ്രകൃതിയോട് വളരെയധികം അടുത്ത് ജീവിച്ച ഒരു വ്യക്തിയും കൂടിയായിരുന്നു. റിസർച്ച് സെന്ററായ ഇമാറാത് ക്യാമ്പസ്സിൽ എല്ലാവരും ‘അഗ്നി’ മിസൈൽ വിജയകരമായി വിക്ഷേപിക്കുന്നതിനായി കാത്തിരിക്കുകയായിരുന്നു.
വിക്ഷേപണത്തിന് തലേന്ന് രാത്രി, അപ്പോൾ പ്രതിരോധമന്ത്രി ആയിരുന്ന k.c Pant കലാമിനോട് ഈ വിജയം എങ്ങനെ ആഘോഷിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ചോദിച്ചു . കലാം പറഞ്ഞു ” റിസർച്ച് സെന്ററായ ഇമാറാത് ക്യാമ്പസ്സിൽ ഒരു ലക്ഷം വൃക്ഷ തൈകൾ വെച്ചു പിടിപ്പിക്കാൻ താൻ ആഗ്രഹിക്കുന്ന. ഇത് ചെയ്യുന്നതിലൂടെ നമ്മൾ “അഗ്നി” മിസൈലിനായി ഭൂമിദേവിയുടെ അനുഗ്രഹം വാങ്ങുകയാണ്“. ഇത് കേട്ട് Pant നിശബ്ദഭരിതനായി. അടുത്ത ദിവസം, “അഗ്നിയുടെ” വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി.
ജീവിതത്തിൽ ആത്മവിശ്വാസം നേടിയ അദ്ദേഹത്തിന് ധൈര്യത്തോടെ പറയാൻ കഴിഞ്ഞു “എന്നെ സംബന്ധിച്ചിടത്തോളം നെഗറ്റീവ് അനുഭവം എന്ന ഒരു സംഗതിയില്ല. പരാജയം സ്വീകരിച്ച് അവൻ അല്ലെങ്കിൽ അവൾ വിജയിക്കുന്നതുവരെ ശ്രമിക്കുന്നതാണ് ഒരു മനുഷ്യന്റെ പരീക്ഷണം. പുസ്തകം വായിക്കാൻ മാത്രമായി ഒരു ദിവസം ഒരു മണിക്കൂർ സമയം നൽകുക, ഏതാനും വർഷങ്ങൾക്കുള്ളിൽ നിങ്ങൾ വിജ്ഞാനത്തിന്റെ ഒരു വായന ശാലയായി മാറും.” എന്തിനധികം പറയണം “വായിച്ചു വായിച്ചു പത്മശ്രീ നേടിയ കുഞ്ഞോൾ മാഷ് ” നമുക്കൊക്കെ ഒരു വലിയ പ്രചോദനം അല്ലെ.
“അന്താരാഷ്ട്ര വിദ്യാർത്ഥി ദിനമായി” പ്രഖ്യാപിച്ച് ഈ വലിയ മനുഷ്യനെ ആദരിക്കുന്നതോടൊപ്പം വിദ്യാർത്ഥികളെ നമുക്കും ഉണരാം . ചുറ്റുമുള്ളവരെ നമ്മുടെ പ്രചോദനത്താൽ ഉണർത്താം . ഇന്നത്തെ കുട്ടികൾക്ക് ഉയരങ്ങളിലേക്ക് പറക്കാൻ ചിറകുകൾ വിരിയട്ടെ.