കരുതൽ എന്ന കാരുണ്യം

0
150

ഒരിക്കൽ അവശയും വൃദ്ധയുമായ    ഒരു അമ്മയുണ്ടായിരുന്നു .  അവരുടെ സ്നേഹനിധിയായ ഭർത്താവ് നേരത്തേ  മരിച്ചു. അങ്ങനെ അവർ  സ്വന്തം മകനോടും, ഭാര്യയോടും, മകളോടും ഒപ്പം താമസിക്കാൻ പോയി. എല്ലാ ദിവസവും, ആ അമ്മയുടെ  കാഴ്ച കൂടുതൽ വഷളായി, കേൾവി മോശമായി. ചില ദിവസങ്ങളിൽ അവരുടെ  കൈകൾ  അവശതമൂലം വിറച്ചു കൊണ്ടിരുന്നു . ഭക്ഷണ സമയത്ത്  അവരുടെ പാത്രത്തിലെ  ഭക്ഷണം  തറയിലേക്ക് വീണുകൊണ്ടിരുന്നു. ആ ആഡംബര വീടിൻ്റെ തറയും, ഊൺ മേശയുമെല്ലാം  വൃത്തികേടാകാൻ തുടങ്ങി.  അവരുടെ മകനും ഭാര്യക്കും സഹിക്കാനായില്ല, മറിച്ച് അവരുടെ നേരെ പ്രകോപിതരായി.   ഇതിന് ഒരു അവസാനം വേണമെന്ന് അവർ തീരുമാനിച്ചു. അതിനാൽ അവർ  ക്ലോസറ്റിന് അടുത്തുള്ള ഒരു കോണിൽ വൃദ്ധയായ അമ്മയ്ക്കായി  ഒരു ചെറിയ മേശ സ്ഥാപിക്കുകയും അവിടെ അവരുടെ  ഭക്ഷണമെല്ലാം നൽകുകയും  ചെയ്തു.

ക്ലോസെറ്റിനടുത്തിട്ട മേശയിലിരുന്ന്  നിറഞ്ഞ കണ്ണുകളോടെ അവർ ഭക്ഷണ സമയങ്ങളിൽ തൻറെ മക്കളെ  നോക്കും, പക്ഷേ അവർ ഭക്ഷണം കഴിക്കുമ്പോൾ അവരോട്  സംസാരിച്ചില്ല. എന്നാൽ  ഒരു സ്പൂൺ അല്ലെങ്കിൽ ഫോർക്ക്,  വിറയ്ക്കുന്ന കയ്യിൽ നിന്നും താഴെ വീണാൽ  അവരെ  ശകാരിക്കാൻ അവർ ആവേശഭരിതരായിരുന്നു.

ഒരു വൈകുന്നേരം അത്താഴത്തിന് തൊട്ടുമുമ്പ്, അവരുടെ കൊച്ചു മകൾ  തറയിൽ ഇരുന്നു ബിൽഡിംഗ് ബ്ലോക്‌സ് കൊണ്ടു  കളിക്കുകയായിരുന്നു . ‘നീ എന്ത് ചെയ്യുന്നു ? അവളുടെ അച്ഛൻ  ആത്മാർത്ഥമായി ചോദിച്ചു. അവൾ പറഞ്ഞു “ഞാൻ അച്ഛനും,  അമ്മയ്ക്കും വേണ്ടി ഒരു ചെറിയ ഊൺ മേശ പണിയുകയാണ്. കാരണം ഞാൻ വലുതാകുമ്പോൾ ഒരു ദിവസം നിങ്ങൾക്ക് സ്വയം ഒരു മൂലയിൽ ഇരുന്നു ഭക്ഷണം കഴിക്കാമല്ലൊ”.  അവളുടെ അച്ഛനും, അമ്മയും കുറച്ചു സമയത്തേക്ക് ഒരു നിത്യത പോലെ തോന്നിക്കുന്ന നിശ്ശബ്ദതയിലാണ്ടു പോയി.

പിന്നെ അവർ കരയാൻ തുടങ്ങി. ആ നിമിഷത്തിൽ തന്നെ അവരുടെ സ്വന്തം  സ്വഭാവത്തെക്കുറിച്ചും അവർ അമ്മക്ക്‌ ഉണ്ടാക്കിയ സങ്കടത്തെക്കുറിച്ചും  ബോധവാന്മാരായി. ആ രാത്രിയിൽ തന്നെ അവർ അവരുടെ അമ്മയെ  അവരുടെ വലിയ അത്താഴ മേശയിലെ ശരിയായ സ്ഥലത്തേക്ക് തിരികെ കൊണ്ടുപോയി ഇരുത്തി. അവിടെ ഇരുന്ന് പിന്നീട്  ആ ‘അമ്മ അവരുടെ എല്ലാ ഭക്ഷണവും അവരോടൊപ്പം കഴിച്ചു.  ഭക്ഷണപദാർത്ഥങ്ങൾ മേശയിൽ നിന്ന് വീഴുകയോ സ്പൂൺ തറയിൽ വീഴുകയോ ചെയ്താൽ വീണ്ടും അമ്മയ്‌ക്കെടുത്തു കൊടുക്കുമായിരുന്നു.

ഈ കഥയിൽ മാതാപിതാക്കൾ മോശക്കാരാണെന്നു പറയാൻ പറ്റത്തില്ല.  അനുകമ്പയുടെ മെഴുകുതിരി അവരുടെ ഉള്ളിൽ തെളിയാൻ  അവബോധത്തിന്റെ ചൈതന്യം  ആവശ്യമായിരുന്നു. ആ തിരി അവരുടെ ഉള്ളിൽ തെളിയിച്ചത് അവരുടെ പശ്ചാത്താപത്തിന്റെ കണ്ണുനീരാണ്.

ദൈനംദിന ജീവിതത്തിൽ   കരുണയോടെയുള്ള കരുതലിന്റെ  പ്രവൃത്തികൾ നമ്മുടെ  ജീവിതത്തെ കൂടുതൽ സമ്പന്നമാക്കുന്നു.  ജീവിതത്തെ കൂടുതൽ സമ്പന്നമാക്കാൻ, കുടുംബാംഗങ്ങളോടും, സുഹൃത്തുക്കളോടും ഓരോ ദിവസവും നമ്മുടെ സ്നേഹത്തിന്റെയും, വാത്സല്യത്തിന്റെയും ഒരു ചെറിയ കണികയെങ്കിലും  പങ്കു വയ്ക്കാം.

 

LEAVE A REPLY

Please enter your comment!
Please enter your name here