ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് പെരുകുന്നു;

0
6

കോഴിക്കോട്: ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ കോഴിക്കോട് റൂറൽ ജില്ലയിലെ സൈബർ തട്ടിപ്പിൻ്റെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്. കഴിഞ്ഞ 11 മാസത്തിനിടെ കോഴിക്കോട് റൂറൽ മേഖലയിൽനിന്ന് മാത്രം 20,42,78,046 രൂപയാണ് സൈബർ തട്ടിപ്പുകാർ കവർന്നത്. ഇക്കാലയളവിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് 2,714 പരാതികൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഉൾപ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്താണ് സൈബർ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി തട്ടിപ്പ് നടക്കുന്നത്. വ്യാജ നിക്ഷേപ പദ്ധതികളുടെ പേരിൽ പ്രചരിക്കുന്ന ഇത്തരം ലിങ്കുകൾ നീക്കം ചെയ്യാൻ മെറ്റയോട് അന്വേഷണ ഏജൻസികൾ ആവശ്യപ്പെടാറുണ്ട്. എന്നാൽ ഇവ നീക്കം ചെയ്താലും മറ്റ് പല പേരുകളിൽ വീണ്ടും പ്രത്യക്ഷപ്പെടുന്നത് പൊലീസിന് വലിയ വെല്ലുവിളിയാകുന്നുണ്ടെന്ന് വടകര സൈബർ ക്രൈം എസ്ഐ ഷൈജു പറഞ്ഞു. പൊതുജനങ്ങൾക്കൊപ്പം ബാങ്ക് അധികൃതരും ഇത്തരം സൈബർ തട്ടിപ്പുകൾക്കെതിരെ കർശന ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം നിർദേശിച്ചു.

തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം കൂടുന്നു
ഫേസ്ബുക്കിലൂടെയും വാട്സാപ്പിലൂടെയും പ്രചരിക്കുന്ന വ്യാജ വീഡിയോകൾ കണ്ട് ഇൻവെസ്റ്റ്മെൻ്റുകളിലും ട്രേഡിങ് ആപ്പുകളിലും പണം നിക്ഷേപിച്ച് ചതിയിൽപ്പെടുന്നവരുടെ എണ്ണം അനുദിനം വർധിക്കുകയാണെന്ന് എസ്ഐ ഷൈജു വ്യക്തമാക്കി. സാധാരണയായി ഇൻ്റർനെറ്റ് കോൾ വഴിയോ വാട്സാപ്പ് കോൾ വഴിയോ ആണ് തട്ടിപ്പുകാർ ഇരകളെ ബന്ധപ്പെടുന്നത്. തട്ടിപ്പിൻ്റെ പ്രാരംഭ ഘട്ടത്തിൽ നിക്ഷേപിക്കുന്ന തുകയ്ക്ക് ചെറിയ ലാഭവിഹിതം നൽകി ഇവർ വിശ്വാസം നേടിയെടുക്കും.

പിന്നീട് കൂടുതൽ തുക നിക്ഷേപിക്കുന്നതോടെ പണം പിൻവലിക്കാൻ സാധിക്കാതെ വരും. സാങ്കേതിക തടസ്സങ്ങൾ കാരണമാണ് പണം എടുക്കാൻ കഴിയാത്തതെന്നാകും തട്ടിപ്പുകാർ അപ്പോൾ നൽകുന്ന വിശദീകരണം. എന്നാൽ ഈ വാദങ്ങൾ വിശ്വസിക്കാതെ ഉടൻതന്നെ പൊലീസിൽ പരാതി നൽകുകയാണ് വേണ്ടത്. സംശയാസ്പദമായ രീതിയിലുള്ള സാമ്പത്തിക ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ 1930 എന്ന സൈബർ ഹെൽപ്പ് ലൈൻ നമ്പറിൽ വിവരം അറിയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വടകരയിലും ചേവായൂരിലും വീണ്ടും തട്ടിപ്പ്
ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെയും അല്ലാതെയും വ്യാപകമായ ബോധവത്‌കരണം നടക്കുന്നുണ്ടെങ്കിലും തട്ടിപ്പുസംഘങ്ങളുടെ വലയിൽ കുരുങ്ങി നിരവധി ആളുകൾക്ക് ഇപ്പോഴും പണം നഷ്ടപ്പെടുന്നുണ്ട്. അടുത്തിടെ വടകരയിൽ നടന്ന രണ്ട് വ്യത്യസ്ത ഓൺലൈൻ തട്ടിപ്പുകളിലായി വടകര സ്വദേശിക്കും ബിഹാർ സ്വദേശിക്കും ചേർത്ത് 1,32,481 രൂപ നഷ്ടമായി. ഇ ചലാൻ ആപ്പിൻ്റെ വ്യാജ പേജ് അയച്ചുനൽകിയാണ് വടകര സ്വദേശിയായ യുവാവിൽനിന്ന് 99,000 രൂപ തട്ടിയെടുത്തത്. മൊബൈൽ ഫോണിൽ ലഭിച്ച ഇ ചലാൻ ആപ്പിൻ്റെ വ്യാജ പേജ് യുവാവ് തുറക്കുകയായിരുന്നു. തുടർന്ന് ആപ്പിൽനിന്ന് പിന്നോട്ട് പോകാൻ ലഭിച്ച സന്ദേശത്തിൽ ക്ലിക്ക് ചെയ്തതോടെ ബാങ്ക് അക്കൗണ്ടിലെ പണം നഷ്ടമായി.

മൊബൈൽ ഫോണിൽ വന്ന വ്യാജ ആപ്ലിക്കേഷനിൽ ക്ലിക്ക് ചെയ്തതിനെത്തുടർന്നാണ് ബിഹാർ സ്വദേശിക്ക് 33,481 രൂപ നഷ്ടമായത്. ഫോണിൽ പ്രത്യക്ഷപ്പെട്ട ആപ്ലിക്കേഷൻ ഒഴിവാക്കാനായി ക്ലിക്ക് ചെയ്തപ്പോഴാണ് അക്കൗണ്ടിൽനിന്ന് പണം പോയത്. ഈ രണ്ട് സംഭവങ്ങളിലും വടകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇതിനുപുറമെ സ്വകാര്യ ബാങ്കിൻ്റെ ക്രെഡിറ്റ് കാർഡ് അനുവദിച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയതായും പൊലീസിന് പരാതി ലഭിച്ചു. കോഴിക്കോട് ചേവരമ്പലം വൃന്ദാവനം കോളനിയിലെ 53കാരനാണ് ഈ തട്ടിപ്പിൽ പണം നഷ്ടമായത്. സ്വകാര്യ ബാങ്കിൻ്റെ ക്രെഡിറ്റ് കാർഡ് അനുവദിച്ചിട്ടുണ്ടെന്ന് അറിയിച്ചാണ് ഇദ്ദേഹത്തിന് ഫോൺ കോൾ വന്നത്. തുടർന്ന് കാർഡ് ആക്ടിവേറ്റ് ചെയ്യാനാണെന്ന് വിശ്വസിപ്പിച്ച് ഒടിപി നമ്പർ കൈക്കലാക്കി. ഒടിപി നമ്പർ കൈമാറിയ ഉടൻതന്നെ അക്കൗണ്ടിൽനിന്ന് 48,159 രൂപ നഷ്ടമായെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ ചേവായൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here