തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ആശ്വാസം. ഇന്ന് പവന് 1,240 രൂപ കുറഞ്ഞ് 1,04,320 രൂപയായി. ഒരു ഗ്രാമിന് 155 രൂപയുടെ കുറവോടെ 13,040 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില കുത്തനെ ഉയർന്നതിന് പിന്നാലെയാണ് വിപണിയിലെ ഈ ഇടിവ്.
മറ്റ് കാരറ്റുകളിലെ വിലവിവരങ്ങൾ
മറ്റ് കാരറ്റുകളിലെ സ്വർണവിലയിലും ഇന്ന് ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 130 രൂപ കുറഞ്ഞ് 10,670 രൂപയിലും പവന് 85,360 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 95 രൂപ കുറഞ്ഞ് 8,350 രൂപയും പവന് 66,800 രൂപയുമായി. അതേസമയം വെള്ളി വിലയിലും ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം വെള്ളിക്ക് 210 രൂപയും 10 ഗ്രാം വെള്ളിക്ക് 2,100 രൂപയുമാണ് ഇന്നത്തെ നിരക്ക്.
റെക്കോഡ് വിലയും ആഗോള ഘടകങ്ങളും
കേരളത്തിലെ എക്കാലത്തെയും ഉയർന്ന സ്വർണവില രേഖപ്പെടുത്തിയത് ഈ വർഷം ജനുവരി 29നാണ്. അന്ന് 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 16,395 രൂപയും എട്ട് ഗ്രാമിന് 1,31,160 രൂപയുമായിരുന്നു നിരക്ക്. നിലവിൽ റെക്കോഡ് വിലയിൽ നിന്നും വലിയ കുറവാണ് വിപണിയിലുള്ളത്.
വരും ദിവസങ്ങളിലും വിലയിൽ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അമേരിക്കൻ ഡോളറിൻ്റെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങളും പലിശ നിരക്കുകളിലെ തീരുമാനങ്ങളും സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്. അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്കുകളിൽ വരുത്തുന്ന മാറ്റങ്ങളും ആഗോള വിപണിയിലെ പണപ്പെരുപ്പവും സ്വർണവിലയിൽ പ്രതിഫലിക്കാറുണ്ട്. കൂടാതെ പശ്ചിമേഷ്യയിലെ സംഘർഷങ്ങളിൽ അയവ് വന്നതും സുരക്ഷിത നിക്ഷേപം എന്ന നിലയിലുള്ള സ്വർണത്തിൻ്റെ ഡിമാൻഡിൽ നേരിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
ഉപഭോക്താക്കളുടെ ആശങ്കയും അഡ്വാൻസ് ബുക്കിങ്ങും
സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിൽ തുടരുന്നതിനാൽ സാധാരണക്കാർക്ക് ഉയർന്ന വില കൊടുത്ത് ആഭരണം വാങ്ങാൻ സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. അതിനാൽ താഴ്ന്ന കാരറ്റിലുള്ള ആഭരണങ്ങളെയാണ് ആളുകൾ കൂടുതലായി ആശ്രയിക്കുന്നത്.
പ്രധാനമായും ലൈറ്റ് വെയ്റ്റ് ആഭരണങ്ങളാണ് ഈ കാരറ്റുകളിൽ ലഭ്യമാകുന്നത്. സാധാരണ സ്വർണാഭരണങ്ങളെ അപേക്ഷിച്ച് ഇവയ്ക്ക് പണിക്കൂലി അല്പം കൂടുതലായിരിക്കും. വിവാഹ സീസണും ഉത്സവകാലവും അടുത്തുവരുന്ന സാഹചര്യത്തിൽ വില ഇനിയും ഉയർന്നേക്കുമെന്ന ആശങ്കയും ഉപയോക്താക്കൾക്കിടയിലുണ്ട്. അതിനാൽ പലരും അഡ്വാൻസ് ബുക്കിങ് സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്.
സ്വർണവില വീണ്ടും ഉയർന്നാലും ബുക്ക് ചെയ്ത ദിവസത്തെ വിലയിലോ അല്ലെങ്കിൽ വിതരണം ചെയ്യുന്ന ദിവസത്തെ കുറഞ്ഞ വിലയിലോ ആഭരണങ്ങൾ സ്വന്തമാക്കാൻ ഈ സൗകര്യം ഉപഭോക്താക്കളെ സഹായിക്കുന്നു. പഴയ സ്വർണം മാറ്റി പുതിയത് വാങ്ങുന്നവരും വിപണിയിൽ സജീവമാണ്. വില കുറയുന്നത് ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാണ്. സ്വർണത്തിൽ നിക്ഷേപം നടത്താൻ താത്പര്യം കാണിക്കുന്നവർക്കും ഈ വിലക്കുറവ് പ്രയോജനപ്പെടുത്താം. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന് എക്കാലവും വലിയ ഡിമാൻഡ് ആണ് വിപണിയിലുള്ളത്.







