വെനസ്വേലയിൽനിന്ന് എണ്ണ വാങ്ങുന്നതിനും രാജ്യത്തെ എണ്ണ ഉൽപാദന മേഖലയിൽ പങ്കാളിയാകുന്നതിനും റിലയൻസ് ഇൻഡസ്ട്രീസിനെ ക്ഷണിച്ച് അമേരിക്ക. വെനസ്വേലൻ ക്രൂഡ് ഓയിൽ സംസ്കരിക്കുന്നതിൽ റിലയൻസിനുള്ള ശേഷിയും പരിചയസമ്പത്തും കണക്കിലെടുത്താണ് യുഎസിന്റെ നീക്കമെന്നാണ് റിപ്പോർട്ട്. ഗുജറാത്തിലെ ജാംനഗറിലുള്ള റിലയൻസിന്റെ റിഫൈനറി സമുച്ചയത്തിന് വെനസ്വേലയിലെ കനത്ത ക്രൂഡ് ഓയിൽ സംസ്കരിക്കാനുള്ള സാങ്കേതിക ശേഷിയുണ്ട്.
അമേരിക്കയുടെ നിർദേശം യാഥാർഥ്യമായാൽ വെനസ്വേലയുടെ എണ്ണവ്യാപാരത്തിലും ഉൽപാദന മേഖലയിലും റിലയൻസിന് പുതിയ അവസരങ്ങൾ തുറന്നേക്കാം. എന്നാൽ യുഎസിന്റെ ഉപരോധ നയങ്ങൾ, എണ്ണവ്യാപാരത്തിനുള്ള അനുമതികൾ, വെനസ്വേലയിലെ രാഷ്ട്രീയ സാഹചര്യം എന്നിവ നിർണായകമാകും. നീക്കം ഇന്ത്യയുടെ ഊർജമേഖലയ്ക്കും അന്താരാഷ്ട്ര എണ്ണവ്യാപാരത്തിനും പ്രാധാന്യമുള്ളതാണ്.








