ജറുസലേം: ഹിസ്ബുല്ലയുമായി വെടിനിർത്തൽ ചർച്ച ചെയ്യാൻ വിസമ്മതിച്ച് ഇസ്രയേൽ. വെടിനിർത്തൽ സംബന്ധിച്ച് അടുത്തയാഴ്‌ച ലെബനൻ-ഇസ്രയേൽ ഉദ്യോഗസ്ഥർ കൂടിക്കാഴ്‌ച നടത്താൻ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി ഇസ്രയേൽ എത്തിയത്.
ഏപ്രിൽ 14ന് വാഷിങ്ടണിൽ ലെബനൻ സർക്കാരുമായി നടക്കാനിരിക്കുന്ന ചർച്ചകളിൽ ഹിസ്ബുല്ലയുമായുള്ള വെടിനിർത്തൽ പരിഗണിക്കില്ലെന്ന് ഇസ്രയേൽ വ്യക്തമാക്കി. ഹിസ്ബുല്ലയുമായുള്ള പോരാട്ടം ശക്തമായി തുടരുന്ന സാഹചര്യത്തിലാണിത്. അതേസമയം ലെബനൻ സർക്കാരുമായി ഔപചാരിക സമാധാന ചർച്ചകൾ ആരംഭിക്കാൻ സമ്മതിച്ചെങ്കിലും അവരുമായി നയതന്ത്ര ബന്ധമൊന്നുമില്ലെന്ന് ഇസ്രയേൽ അംബാസഡർ യെച്ചീൽ ലീറ്റർ പറഞ്ഞു.
ഇസ്രയേലിൻ്റെ സുരക്ഷാ ആശങ്കകളും ലെബനനിലെ സൈനിക നിയന്ത്രണങ്ങളും ഈ നയതന്ത്ര ചർച്ചകളിൽ പ്രധാന വിഷയങ്ങളാകും. എന്നാൽ ഇസ്രയേലിനെ നിരന്തരം ആക്രമിക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാനത്തിന് പ്രധാന തടസമായി നിലകൊള്ളുകയും ചെയ്യുന്ന ഹിസ്ബുല്ല ഭീകര സംഘടനയുമായി വെടിനിർത്തൽ ചർച്ച ചെയ്യാൻ ഇസ്രയേൽ വിസമ്മതിച്ചതായി പ്രസ്‌താവനയിൽ പറയുന്നു. അതേസമയം ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ട ഈ മേഖലയിൽ സമാധാനം കൊണ്ടുവരാനുള്ള സമ്മർദം ട്രംപ് ഭരണകൂടം തുടരുകയാണ്.
ഈ മാസം 14ന് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റിൽ വച്ചാണ് ഇരു രാജ്യങ്ങൾ തമ്മിലുള്ള ചർച്ചകൾ നടക്കുക. അമേരിക്കയുടെ മധ്യസ്ഥതയിലാണിതെന്നും പ്രസ്‌താവനയിൽ പറയുന്നു. ലെബനൻ പ്രസിഡൻ്റിൻ്റെ ഓഫിസ് പുറത്തിറക്കിയ പ്രസ്‌താവനയിലാണ് ഈ നിർണായക വിവരം അറിയിച്ചത്. പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് പുതിയൊരു വഴിത്തിരിവാകുമെന്നാണ് വിലയിരുത്തൽ. കൂടാതെ ഇന്ന് (ഏപ്രിൽ 11) അമേരിക്കൻ അംബാസഡറുടെ സാന്നിധ്യത്തിൽ ഇരു നേതാക്കളും ഫോൺ സംഭാഷണം നടത്തിയതായി വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
കൂടാതെ ഇസ്‌ലാമാബാദിൽ നടക്കുന്ന യുഎസ്-ഇറാൻ വെടിനിർത്തൽ ചർച്ചകളിൽ ലെബനനെ ഉൾപ്പെടുത്തിയിട്ടില്ലെന്നും ഇസ്രയേൽ വ്യക്തമാക്കി. ലെബനൻ സർക്കാരിൽ നിന്ന് നടപടികൾ സ്വീകരിക്കുന്നതിനെ കുറിച്ചായിരിക്കും ചർച്ചകൾ കേന്ദ്രീകരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 1,950ലധികം പേർ മരിച്ചതായി ലെബനൻ അധികൃതർ പറഞ്ഞു. ലെബനനിലെ ഹിസ്ബുല്ലയുടെ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്.
അമേരിക്ക-ഇറാൻ സമാധാന ചർച്ച
പശ്ചിമേഷ്യൻ സംഘർഷം പരിഹരിക്കുന്നതിനുള്ള നിർണായക ചർച്ചയ്‌ക്ക് ഒരുങ്ങി അമേരിക്കയും ഇറാനും. പാകിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന ചർച്ച കൂടിയാണ് ഇന്ന് (ഏപ്രിൽ 11) നടക്കുന്നത്. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെ ആക്രമിച്ചിരുന്നു. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാമേനിയും നിരവധി ഉന്നത സൈനിക കമാൻഡർമാരും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇതിന് മറുപടിയായി ഇറാൻ നടത്തിയ ശക്തമായ പ്രത്യാക്രമണം ഗൾഫ് മേഖലയിലാകെ യുദ്ധം വ്യാപിപ്പിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് സംഘർഷം ലഘൂകരിക്കാൻ ലക്ഷ്യമിട്ട് ലോകരാഷ്ട്രങ്ങളുടെ ശ്രദ്ധ പാകിസ്ഥാനിൽ നടക്കുന്ന സമാധാന ചർച്ചകളിലേക്ക് തിരിയുന്നത്.





