തിരുവനന്തപുരം: മന്ത്രി എംഎം മണിക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ സംസ്ഥാനത്ത് മറ്റൊരു മന്ത്രിക്ക് കൂടി കൊവിഡ് ബാധ കണ്ടെത്തി. മന്ത്രി കെടി ജലീലിനാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. തുടര്‍ന്ന് മന്ത്രി വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ പ്രവേശിച്ചിരിക്കുകയാണ്. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
സംസ്ഥാനത്ത് ഇത് അഞ്ചാമത്തെ മന്ത്രിക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. വൈദ്യുതി മന്ത്രി എംഎം മണിക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യവസായ മന്ത്രി ഇപി ജയരാജന്‍, ധനമന്ത്രി ടിഎം തോമസ് ഐസക്, കൃഷി മന്ത്രി വിഎസ് സുനില്‍ കുമാര്‍ എന്നിവര്‍ക്കാണ് ഇതിന് മുന്‍പ് കൊവിഡ് 19 സ്ഥിരീകരിച്ചത്.ഇന്ന് സംസ്ഥാനത്ത് രണ്ട് മന്ത്രിമാര്‍ക്കാണ് ഇതോടെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മന്ത്രി എംഎം മണിയുടെ ഡ്രൈവര്‍ക്ക് കൊവിഡ് ബാധിച്ചതിന് പിറകേയാണ് അദ്ദേഹത്തിന് കൊവിഡ് പരിശോധന നടത്തിയത്. ഞായറാഴ്ച മണ്ഡലത്തില്‍ ചില പരിപാടികളില്‍ അടക്കം മന്ത്രി പങ്കെടുത്തിരുന്നു. താനുമായി അടുത്ത് ഇടപഴകിയവര്‍ ക്വാറന്റൈനില്‍ പ്രവേശിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ ഓഫീസില്‍ ഇരുന്ന് കൊണ്ടാണ് മന്ത്രി എംഎം മണി പങ്കെടുത്തത്. അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രിയിലുളള മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണ്. മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉളളതിനാല്‍ മന്ത്രിക്ക് അതീവ ശ്രദ്ധയാണ് ആവശ്യമുളളത്.