തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഷകരുടെ ക്ഷേമം മുന്‍നിര്‍ത്തി കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ബോര്‍ഡ് ചെയര്‍മാനായി ഡോ. പി. രാജേന്ദ്രനെ നിയമിക്കും. കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് എന്നായിരിക്കും ഈ ബോര്‍ഡ് അറിയപ്പെടുക. കര്‍ഷകരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു ബോര്‍ഡ് നിലവില്‍ വരുന്നത്.
ബോര്‍ഡിന്‍റെ ക്ഷേമനിധി പദ്ധതിയില്‍ അംഗത്വം ലഭിക്കുന്നതിന് കര്‍ഷകര്‍ നൂറു രൂപ രജിസ്ട്രേഷന്‍ ഫീസായി നല്‍കണം. ഒപ്പം പ്രതിമാസം കുറഞ്ഞത് 100 രൂപ അംശദായം അടക്കണം. കര്‍ഷകര്‍ക്ക് ആറു മാസത്തേക്കോ ഒരു വര്‍ഷത്തേക്കോ അംശദായം ഒരുമിച്ചും അടയ്ക്കാവുന്നതാണ്.ക്ഷേമനിധി അംഗങ്ങള്‍ക്ക് 250 രൂപ വരെയുളള അംശദായത്തിന് തുല്യമായ വിഹിതം സര്‍ക്കാര്‍ നല്‍കും.
ക്ഷേമനിധി അംഗങ്ങള്‍ക്ക് വ്യക്തിഗത പെന്‍ഷന്‍, കുടുംബ പെന്‍ഷന്‍, അനാരോഗ്യ ആനുകൂല്യം, അവശത ആനുകൂല്യം, ചികില്‍സാ സഹായം, വിവാഹ-പ്രസവ ധനസഹായം, വിദ്യാഭ്യാസ സഹായം, മരണാനന്തര സഹായം എന്നീ ആനുകൂല്യങ്ങളാണ് നല്‍കുക. അഞ്ച് വര്‍ഷത്തില്‍ കുറയാതെ അംശദായം അടയ്ക്കുകയും ക്ഷേമനിധിയില്‍ കുടിശ്ശികയില്ലാതെ അംഗമായി തുടരുകയും 60 വയസ് പൂര്‍ത്തിയാക്കുകയും ചെയ്ത കര്‍ഷകര്‍ക്ക് ഒടുക്കിയ അംശദായത്തിന്‍റെ ആനുപാതികമായി പെന്‍ഷന്‍ ലഭിക്കുന്നതാണ്.
ശ്രീനാരായണഗുരു ഓപ്പണ്‍ യൂനിവേഴ്സിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനായി ഡോ. പിഎം മുബാറക് പാഷയെ വൈസ് ചാന്‍സലറായി നിയമിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു. കോഴിക്കോട് സര്‍വകലാശാലയുടെ ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍ വിഭാഗത്തിന്‍റെ ഡയറക്ടറായും ഫാറൂഖ് കോളേജിന്‍റെ പ്രിന്‍സിപ്പലായും മുബാറക് പാഷ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഓപണ്‍ യൂനിവേഴ്സിറ്റിയുടെ പ്രോ-വൈസ് ചാന്‍സലറായി പ്രൊഫ. എസ് വി സുധീറിനെയും രജിസ്ട്രാറായി ഡോ. പിഎന്‍ ദിലീപിനെയും നിയമിക്കും.
കണ്ണൂര്‍ പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് 768 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി. 247 അധ്യാപക തസ്തികകളും 521 നഴ്സിങ് തസ്തികകളുമാണ് സൃഷ്ടിച്ചത്. 247 അധ്യാപക തസ്തികയില്‍ 100 എണ്ണം പുതിയ തസ്തികയായാണ് സൃഷ്ടിച്ചത്. 45 പ്രഫസര്‍, 44 അസോ. പ്രഫസര്‍, 72 അസി. പ്രഫസര്‍, 26 ലക്ച്ചറര്‍, 6 ട്യൂട്ടര്‍, 36 സീനിയര്‍ റസിഡന്‍റ്, 18 ജൂനിയര്‍ റസിഡന്‍റ് എന്നീ വിഭാഗങ്ങളിലാണ് അധ്യാപക തസ്തിക സൃഷ്ടിച്ചത്. 2 നഴ്സിങ് സൂപ്രണ്ട് ഗ്രേഡ് രണ്ട്, 11 ഹെഡ് നഴ്സ്, 232 സ്റ്റാഫ് നഴ്സ് ഗ്രേഡ് ഒന്ന്, 276 സ്റ്റാഫ് നഴസ് ഗ്രേഡ് രണ്ട് എന്നിങ്ങനെയാണ് നഴ്സിങ് തസ്തിക സൃഷ്ടിച്ചത്.