പോർച്ചുഗലിൽ നടന്ന ഐടിഎഫ് ഡബ്ല്യു35 ലാഗോസ് ടെന്നീസ് ടൂർണമെന്റിൽ ഇന്ത്യയുടെ 17-കാരി താരം മായാ രാജേശ്വരൻ രേവതിക്ക് കിരീടനേട്ടം. ഫൈനൽ പോരാട്ടത്തിൽ സ്പെയിനിന്റെ സെലിയ സെർവിനോ റൂയിസിനെ നേരിട്ടുള്ള സെറ്റുകൾക്ക് (6-4, 6-2) പരാജയപ്പെടുത്തിയാണ് മായ തന്റെ ആദ്യ സീനിയർ സിംഗിൾസ് കിരീടം സ്വന്തമാക്കിയത്.
ഐടിഎഫ് സർക്യൂട്ടിൽ കരിയറിലെ ആദ്യ സിംഗിൾസ് ഫൈനലിൽ കളിച്ച താരം തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. മത്സരത്തിലുടനീളം വ്യക്തമായ ആധിപത്യം പുലർത്താൻ മായയ്ക്ക് സാധിച്ചു. സിംഗിൾസ് കിരീടനേട്ടത്തിന് പുറമെ, ടൂർണമെന്റിൽ കൊട്‌ലിയറുമായി ചേർന്ന് ഡബിൾസ് കിരീടവും മായ സ്വന്തമാക്കിയിരുന്നു.







