തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണ വിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 120 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വർണത്തിന് 14,340 രൂപയായി. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില 960 രൂപ കുറഞ്ഞ് 1,14,720 രൂപയിലെത്തി.
സ്വർണ വില ഒരു ലക്ഷം പിന്നിട്ടതിനാൽ ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനവും ജിഎസ്‌ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്ത് ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,25,000 രൂപയ്ക്ക് മുകളിലാകുമെന്നാണ് സാമ്പത്തിക വിദഗ്‌ധരുടെ വിലയിരുത്തലുകൾ.
24 കാരറ്റ് ഒരു ഗ്രാം സ്വർണത്തിൻ്റെ വില 131 രൂപ കുറഞ്ഞ് 15,644 രൂപയും ഒരു പവൻ സ്വര്‍ണത്തിൻ്റെ വില 1,25,152 രൂപ എന്ന വിലയിലേക്കും എത്തി. 18 കാരറ്റ് ഒരു ഗ്രാം സ്വർണത്തിൻ്റെ വിലയിൽ 98 രൂപ കുറഞ്ഞ് 11,730 രൂപയും ഒരു പവൻ സ്വണത്തിൻ്റെ വില 93,864 രൂപ എന്ന വിലയിലേക്കും എത്തി. ഒരു ഗ്രാം വെള്ളിയുടെ വില 280 രൂപയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വെള്ളി വില നേരിയ മാറ്റത്തോടെ തുടരുന്നു.
തുടർച്ചയായ ഇടിവിന് കാരണം
- അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾ: ആഗോള വിപണിയിൽ സ്വർണ വില കുറയുന്നതാണ് കേരളത്തിലെ വിലയെ ബാധിക്കുന്ന പ്രധാന ഘടകം. ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിനെ തുടർന്നുണ്ടായ സാമ്പത്തിക നയങ്ങൾ നിക്ഷേപകരെ സ്വർണത്തിൽ നിന്ന് ഓഹരി വിപണിയിലേക്ക് മാറ്റാൻ പ്രേരിപ്പിച്ചു.
- വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളും രാഷ്‌ട്രീയ പൊരുത്തക്കേടുകളും വിപണിയില്‍ സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണമാകുന്നുണ്ട്.
- യുഎസ് പലിശ നിരക്കുകൾ: അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്കുകൾ കുറയ്ക്കാതിരിക്കുകയോ അല്ലെങ്കിൽ പ്രതീക്ഷിച്ചതിലും സാവധാനത്തിൽ കുറയ്ക്കുകയോ ചെയ്യുന്നത് സ്വർണത്തിൻ്റെ ആകർഷണീയത കുറയ്ക്കുന്നു. പലിശ നിരക്ക് കൂടുമ്പോൾ നിക്ഷേപകർ ബോണ്ടുകളിലും മറ്റും നിക്ഷേപിക്കാൻ താത്‌പര്യപ്പെടും.
- ഇന്ത്യ-യുഎസ് വ്യാപാരക്കരാർ: ഇന്ത്യയ്ക്ക് മേലുള്ള തീരുവ ട്രംപ് ഭരണകൂടം കുറച്ചത് ഇന്ത്യൻ രൂപയ്ക്ക് കരുത്ത് പകർന്നു. രൂപയുടെ മൂല്യം മെച്ചപ്പെടുന്നത് ഇന്ത്യയിലേക്കുള്ള സ്വർണ ഇറക്കുമതി ചെലവ് കുറയ്ക്കാൻ സഹായിക്കും.
- ലാഭമെടുപ്പ്: സ്വർണ വില റെക്കോഡ് ഉയരത്തിൽ എത്തിയപ്പോൾ നിക്ഷേപകർ വൻതോതിൽ സ്വർണം വിറ്റഴിച്ച് ലാഭം എടുത്തത് വിപണിയിൽ വില ഇടിയാൻ കാരണമായി.
- അസോസിയേഷനുകൾ: ആവശ്യകത അനുസരിച്ച് സ്വർണത്തിന് വില കൂട്ടാനും കുറയ്ക്കാനും അസോസിയേഷനുകൾക്ക് സാധിക്കും. ആവശ്യമായ സാഹചര്യങ്ങളിൽ ദിവസത്തിൽ രണ്ട് തവണ വരെയും അസോസിയേഷനുകൾ വില പുതുക്കാറുണ്ട്. ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങളും ഏറ്റക്കുറച്ചിലുകളുമാണ് ഇന്ത്യയിലെ സ്വർണ വിലയിലും മാറ്റങ്ങള്‍ സൃഷ്‌ടിക്കുന്നത്. അതേസമയം രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകതകൾ, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങളും ഇന്ത്യയിലെ സ്വർണ വില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്.







