ശിവരാത്രിക്ക് പൂജിച്ച ചെറുനാരങ്ങ ലേലത്തിൽ പോയത് 16,000 രൂപയ്ക്ക്;

0
15

ഈറോഡിലെ ഒരു ക്ഷേത്രത്തിലാണ് വൻ തുകയ്ക്ക് ചെറുനാരങ്ങ ലേലത്തിൽ പോയത്. ഭക്തർ ആവേശത്തോടെയാണ് ലേലത്തിൽ പങ്കെടുത്തത്.

  • പഴംതിണ്ണി കറുപ്പസ്വാമി ക്ഷേത്രത്തിൽ നാരങ്ങ ലേലത്തിൽ പോയത് 16,000 രൂപയ്ക്ക്.
  • വിഴക്കേത്തി ഗ്രാമത്തിന് സമീപം പുതു അണ്ണാമലൈ പാളയം ക്ഷേത്രത്തിലാണ് ലേലം നടന്നത്.
  • തമിഴ്‌നാട്ടിലെ മഹാ ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് ലേലം നടന്നത്.
ഈറോഡ്: തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിൽ മഹാ ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പൂജിച്ച ഒരു നാരങ്ങ ലേലത്തിൽ പോയത് 16,000 രൂപയ്ക്ക്. പഴംതിണ്ണി കറുപ്പസ്വാമി ക്ഷേത്രത്തിൽ നടന്ന ചടങ്ങിലാണ് നാരങ്ങ ലേലത്തിൽ പോയത്. ക്ഷേത്ര വികസനത്തിനും, പ്രത്യേക പൂജകൾ നടത്താനുമാണ് ഈ ലേലത്തുക ഉപയോഗിക്കുക.

തിങ്കളാഴ്ച ക്ഷേത്രത്തിൽ വൈകീട്ട് ആറിനും എട്ടരയ്ക്കും ഇടയിൽ പ്രത്യേക പൂജകൾ നടന്നിരുന്നു. ഈ പൂജകളുടെ ഭാഗമായി ഉപയോഗിച്ച സാധനങ്ങളാണ് ലേലത്തിന് വെച്ചത്.

ഇതോടൊപ്പം ലേലത്തിന് വെച്ച പൂജിച്ച വെള്ളി മോതിരവും നാണയവും ഉയർന്ന തുകയ്ക്ക് എടുക്കാൻ ആളുണ്ടായി. ഇവ രണ്ടിനും യഥാക്രമം 52,000 രൂപയും 21,000 രൂപയും ലഭിച്ചു. ക്ഷേത്ര വികസനത്തിനും പ്രത്യേക പൂജകൾക്കുമായാണ് ലേലത്തുക ഉപയോഗിക്കുക.

വിഴക്കേത്തി ഗ്രാമത്തിനടുത്തുള്ള പുതു അണ്ണാമലൈ പാളയത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിങ്കളാഴ്ച വൈകുന്നേരം 6 മണി മുതൽ 8.30 വരെ ഇവിടെ പ്രത്യേക പൂജകൾ നടന്നിരുന്നു. ആയിരക്കണക്കിന് ഭക്തരാണ് ഈ ചടങ്ങുകളിൽ പങ്കെടുത്തത്.

പൂജകൾക്ക് ശേഷം, പ്രതിഷ്ഠാ മൂർത്തിയുടെ അലങ്കാരത്തിനായി ഉപയോഗിച്ച വെള്ളി മോതിരം, വെള്ളി നാണയം, നാരങ്ങ എന്നിവ ലേലത്തിന് വെച്ചു. വടുകപട്ടി ഗ്രാമത്തിൽ നിന്നുള്ള വിശ്വനാഥൻ 13,000 രൂപയ്ക്ക് നാരങ്ങ സ്വന്തമാക്കി.

ക്ഷേത്രത്തിലെ തന്നെ ജീവനക്കാരനായ പരമശിവം ആണ് 52,000 രൂപയ്ക്ക് വെള്ളി മോതിരം ലേലത്തിൽ പിടിച്ചത്. വെള്ളി നാണയം അതപ്പാമ്പാളയം ഗ്രാമത്തിൽ നിന്നുള്ള ദുരൈ ആണ് ലേലത്തിൽ 43,000 രൂപയ്ക്ക് പിടിച്ചത്.

വാർഷിക ലേലത്തിൽ ഭക്തരുടെ ഭാഗത്തുനിന്ന് എപ്പോഴും വലിയ പങ്കാളിത്തം ഉണ്ടാകാറുണ്ടെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. സാധാരണയായി പൂജകൾക്ക് ശേഷം ഭക്തർക്ക് പ്രസാദമായി നൽകുന്ന വസ്തുക്കൾ ലേലത്തിൽ വെക്കുന്നത് തമിഴ്നാട്ടിൽ സാധാരണമാണ്. ആവേശത്തോടെയാണ് ഭക്ത ജനങ്ങൾ ഇത്തരം ലേലങ്ങളിൽ പങ്കെടുക്കുക. പഴംതിണ്ണി ക്ഷേത്രത്തിൽ എല്ലാ വർഷവും ലേലങ്ങൾ നടക്കാറുണ്ട്. വലിയ തുകയ്ക്ക് ലേല ഉരുപ്പടികൾ പോകാറുമുണ്ട്. തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ക്ഷേത്ര നടത്തിപ്പിന് പണം കണ്ടെത്തുന്ന രീതി കൂടിയാണ് ഇത്തരം ലേലങ്ങൾ. പൂജയ്ക്ക് വെച്ചവയാകയാൽ ഭക്തർ ഗൗരവത്തോടെയാണ് ലേലത്തിൽ പങ്കെടുക്കാറ്. എത്ര വലിയ തുകയ്ക്കും ലേലം പിടിക്കാൻ ആളുകൾ തയ്യാറായി മുമ്പോട്ടു വരുന്നത് പതിവാണ്.

LEAVE A REPLY

Please enter your comment!
Please enter your name here