കൊൽക്കത്ത: ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം ആദ്യമായി കൊൽക്കത്തയിൽ അന്താരാഷ്ട്ര മത്സരത്തിന് ഇറങ്ങുന്നു. ഫിഫാ അന്താരാഷ്ട്ര വനിതാ മാച്ച് വിൻഡോയിൽ ഒക്ടോബർ 8, 11 തീയതികളിൽ റഷ്യക്കെതിരെയാണ് ഇന്ത്യയുടെ സൗഹൃദ മത്സരങ്ങൾ. കൊൽക്കത്തയിലെ കിഷോർ ഭാരതി ക്രിരംഗനിലാണ് ചരിത്ര പോരാട്ടങ്ങൾ നടക്കുക. കഴിഞ്ഞ ജൂണിൽ ആറാം തവണയും സാഫ് വനിതാ ചാമ്പ്യൻഷിപ്പ് കിരീടം ചൂടിയ ശേഷം ഇന്ത്യൻ ടീം കളിക്കുന്ന ആദ്യ അന്താരാഷ്ട്ര മത്സരങ്ങളാണിവ. ലോക റാങ്കിംഗിൽ 69-ാം സ്ഥാനത്തുള്ള ഇന്ത്യക്ക്, 27-ാം സ്ഥാനത്തുള്ള കരുത്തരായ റഷ്യക്കെതിരെയുള്ള മത്സരങ്ങൾ മികച്ചൊരു പരീക്ഷണവേദിയാകും.
2016-ൽ സിലിഗുരിയിൽ നടന്ന സാഫ് ചാമ്പ്യൻഷിപ്പിന് ശേഷം ആദ്യമായാണ് ഇന്ത്യൻ വനിതാ ടീം പശ്ചിമ ബംഗാളിൽ കളിക്കുന്നത്. അന്ന് ഇന്ത്യൻ ടീം കിരീടം നേടിയിരുന്നു. ഇതിനുമുമ്പ് ഇന്ത്യൻ വനിതകൾ ബംഗാളിൽ കളിച്ച ഏക സന്ദർഭവും അതുതന്നെയായിരുന്നു.
മറുവശത്ത്, റഷ്യൻ വനിതാ ടീം ഇതിനുമുമ്പ് ഇന്ത്യയിൽ കളിച്ചത് 1994-ൽ ചെന്നൈയിൽ നടന്ന ജയലളിത കപ്പിലായിരുന്നു. അന്ന് റഷ്യ റണ്ണേഴ്‌സ് അപ്പായപ്പോൾ ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായിരുന്നു. ഇന്ത്യയും റഷ്യയും തമ്മിലുള്ള മൂന്നാമത്തെ നേർക്കുനേർ പോരാട്ടങ്ങൾക്കാണ് കൊൽക്കത്ത ഇനി സാക്ഷ്യം വഹിക്കുക. ഇതിനുമുമ്പ് കളിച്ച രണ്ട് മത്സരങ്ങളിലും ഇന്ത്യക്കായിരുന്നു പരാജയം. 2021-ലെ ടർക്കിഷ് വനിതാ കപ്പിൽ എതിരില്ലാത്ത എട്ട് ഗോളുകൾക്കും, 2025-ൽ യു.എ.ഇയിൽ നടന്ന പിങ്ക് ലേഡീസ് കപ്പിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കുമാണ് ഇന്ത്യ റഷ്യയോട് തോറ്റത്.
യുവതാരങ്ങൾക്ക് അവസരം നൽകുമെന്ന് കോച്ച് ക്രിസ്‌പിന്‍ ഛേത്രി
കരുത്തരായ ടീമുകൾക്കെതിരെ കളിക്കുന്നത് ടീമിന്‍റെ വളർച്ചയ്ക്ക് എപ്പോഴും ഗുണം ചെയ്യുമെന്ന് ഇന്ത്യൻ മുഖ്യപരിശീലകൻ ക്രിസ്‌പിന്‍ ഛേത്രി പറഞ്ഞു. യു.എ.ഇയിൽ റഷ്യയോട് 2-0 ന് തോറ്റിരുന്നുവെന്നും, അതിനാൽ സ്വയം വിലയിരുത്താൻ ഈ മത്സരങ്ങൾ വീണ്ടുമൊരു അവസരമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“മത്സരഫലങ്ങൾ പ്രധാനമാണെങ്കിലും ദീർഘകാലാടിസ്ഥാനത്തിലുള്ള കാഴ്ചപ്പാടോടെയാണ് ഞങ്ങൾ ഈ മത്സരങ്ങളെ നോക്കിക്കാണുന്നത്. യുവതാരങ്ങൾക്ക് അവസരം നൽകാനും അവരെ ഉയർന്ന നിലവാരമുള്ള മത്സരങ്ങളിലേക്ക് കൊണ്ടുവരാനും ഇതിലൂടെ സാധിക്കും,” കോച്ച് വ്യക്തമാക്കി.
സെപ്റ്റംബർ 18 മുതൽ ഇന്ത്യൻ ടീം കൊൽക്കത്തയിൽ പരിശീലനത്തിലാണ്. മത്സരങ്ങളോട് അനുബന്ധിച്ച് പരിശീലകൻ അന്തിമ ടീമിനെ പ്രഖ്യാപിക്കും. കൊൽക്കത്തയിലെ ആവേശഭരിതരായ ആരാധകർക്ക് മുന്നിൽ കളിക്കുന്നത് താരങ്ങൾക്ക് വലിയ അനുഭവസമ്പത്താകുമെന്നും കോച്ച് പ്രത്യാശ പ്രകടിപ്പിച്ചു.







