പ്രതിഷേധക്കാര്‍ക്ക് അന്ത്യശാസനം നല്‍കി ഇറാന്‍. കലാപങ്ങളില്‍ ചേരാന്‍ നിര്‍ബന്ധിതരായവര്‍ സ്വയം കീഴടങ്ങണം. അവരോട് ദയയോടെ പെരുമാറുമെന്നും ഭരണകൂടം.
പാരിസ്: ഇറാനിൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുണ്ടായ പ്രക്ഷോഭത്തില്‍ പങ്കെടുത്ത പ്രതിഷേധക്കാർക്ക് അന്ത്യശാസനം നല്‍കി ദേശീയ പൊലീസ് മേധാവി അഹമ്മദ്-റേസ റദാൻ. കലാപങ്ങളില്‍ ചേരാന്‍ നിര്‍ബന്ധിതരായ യുവാക്കൾ സ്വയം കീഴടങ്ങണമെന്നും ലളിതമായ ശിക്ഷ ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. മനഃപൂർവ്വമല്ലാതെ കലാപത്തിൽ ഉൾപ്പെട്ടവരെ ശത്രു സൈനികരായിട്ടല്ല വഞ്ചിക്കപ്പെട്ട വ്യക്തികളായി കണക്കാക്കുന്നു. അവരോട് ദയയോടെ പെരുമാറുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ആദ്യം സമാധാനപരമായിരുന്നു പ്രതിഷേധങ്ങൾ, എന്നാൽ പിന്നീട് സംഘർഷഭരിതമായി മാറിയെന്നും പൊലീസ് മേധാവി പറഞ്ഞു. ഇറാൻ്റെ പ്രധാന ശത്രുക്കളായ അമേരിക്കയും ഇസ്രയേലും രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിച്ചതാണ് ഇതിന് കാരണമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇറാൻ്റെ എക്‌സിക്യൂട്ടീവ്, ലെജിസ്ലേറ്റീവ്, ജുഡീഷ്യൽ ബ്രാഞ്ചുകളിലെ നേതാക്കൾ സാമ്പത്തിക, ഉപജീവന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുമെന്നും വാഗ്‌ദാനം ചെയ്‌തതായി അദ്ദേഹം അറിയിച്ചു.
അതേസമയം പ്രതിഷേധങ്ങൾക്ക് കാരണമായ സാമ്പത്തിക പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് സർക്കാർ വാഗ്‌ദാനം ചെയ്‌തു. ഭീകര സംഭവങ്ങൾക്ക് തുടക്കമിടുന്നവരെ ശിക്ഷിക്കുമെന്ന് പ്രസിഡൻ്റ് മസൂദ് പെസെഷ്‌കിയാൻ, പാർലമെൻ്റ് സ്‌പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്, ജുഡീഷ്യറി മേധാവി ഘോലാംഹൊസൈൻ മൊഹ്‌സെനി എജെയ് എന്നിവർ പ്രസ്‌താവനയിൽ പറഞ്ഞു.
ആയിരക്കണക്കിന് പേർ കൊല്ലപ്പെട്ടുവെന്ന് എന്‍ജിഒ
മനുഷ്യാവകാശ സംഘടനകളുടെ അഭിപ്രായത്തിൽ പ്രതിഷേധക്കാര്‍ക്ക് നേരെയുണ്ടായ അടിച്ചമര്‍ത്തലില്‍ ആയിരക്കണക്കിന് പേർ കൊല്ലപ്പെട്ടു. വർഷങ്ങളായി ഇറാൻ നേതാക്കൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഈ പ്രതിഷേധങ്ങൾ. ഇൻ്റര്‍നെറ്റ് വിച്ഛേദിക്കപ്പെട്ടതിനാൽ അക്രമത്തിൻ്റെ പൂർണ വ്യാപ്‌തി ഇപ്പോഴും അജ്ഞാതമാണ്. എന്നാല്‍ ആക്രമണ നടപടികളുടെ വ്യാപ്‌തി ക്രമേണ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു.
സുരക്ഷാ സേന 3,428 പ്രതിഷേധക്കാരെ കൊലപ്പെടുത്തിയതായി ഇറാൻ മനുഷ്യാവകാശ സംഘടനയായ എൻജിഒ പറയുന്നു. മരണസംഖ്യ ആയിരത്തിന് മുകളില്‍ ഉണ്ടാകാമെന്നും എൻജിഒയുടെ ഡയറക്‌ർ മഹ്മൂദ് അമീരി-മൊഗദ്ദാം പറഞ്ഞു. “ദൃക്‌സാക്ഷികളിൽ നിന്നും കുടുംബങ്ങളിൽ നിന്നും മറ്റ് പൗരന്മാരിൽ നിന്നും ലഭിച്ച വിവരങ്ങൾ, ലഭ്യമായ മറ്റ് തെളിവുകൾക്കൊപ്പം, കൊല്ലപ്പെട്ട പ്രതിഷേധക്കാരുടെ എണ്ണം മാധ്യമങ്ങളുടെ കണക്കുകളെക്കാൾ കൂടുതലാകുമെന്ന് സൂചിപ്പിക്കുന്നു” അദ്ദേഹം ഒരു പ്രസ്‌താവനയിൽ പറഞ്ഞു. ഈ കാലഘട്ടത്തില്‍ നടന്ന ഏറ്റവും വലിയ പ്രതിഷേധക്കാരുടെ കൂട്ടക്കൊലകളിൽ ഒന്നാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിഷേധക്കാർക്കെതിരെ അധികാരികൾ വധശിക്ഷ വിധിക്കുമെന്ന ആശങ്കയും വര്‍ധിച്ച് വരുന്നു. ഭരണകൂടത്തെ ഭീഷണിപ്പെടുത്തുന്നതിനുള്ള ഒരു ഉപകരണമായി രാജ്യം വധശിക്ഷകൾ ഉപയോഗിക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭ തിങ്കളാഴ്‌ച മുന്നറിയിപ്പ് നൽകി. ചൈന കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും കൂടുതൽ വധശിക്ഷ നടപ്പാക്കുന്ന രാജ്യമാണ് ഇറാന്‍.
കഴിഞ്ഞ വർഷം 1,500 പേരെ വധിച്ചതായി യുഎൻ അവകാശ മേധാവി വോൾക്കർ ടർക്ക് ഒരു പ്രസ്‌താവനയിൽ പറഞ്ഞു. പ്രകടനങ്ങളുമായി ബന്ധപ്പെട്ട് ഏകദേശം 3,000 പേരെ അറസ്റ്റ് ചെയ്‌തതായി ഇറാനിലെ തസ്‌നീം വാർത്താ ഏജൻസിയെ ഉദ്ധരിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാല്‍ ഈ സംഖ്യ 20,000 വരെയാകാമെന്ന് അവകാശ സംഘടനകൾ പറയുന്നു.
അധികാരികൾ രാജ്യദ്രോഹികളുടെ നട്ടെല്ല് തകർക്കണമെന്നാണ് സുപ്രീം നേതാവ് ആയത്തുള്ള അലി ഖമേനി അഭിപ്രായപ്പെട്ടത്. ഇൻ്റർനെറ്റ് ഈ ആഴ്‌ച സാധാരണ നിലയിലാകുമെന്ന് ശാസ്ത്ര, സാങ്കേതിക, വിജ്ഞാന സമ്പദ്‌വ്യവസ്ഥയുടെ വൈസ് പ്രസിഡൻ്റ് ഹൊസൈൻ അഫ്ഷിൻ പറഞ്ഞു. എന്നാല്‍ ഇൻ്റർനെറ്റ് നിയന്ത്രണങ്ങളെ വിമർശിച്ച പെസെഷ്‌കിയൻ സൈബർസ്‌പെയ്‌സിൻ്റെ മെച്ചപ്പെട്ട ഭരണം ആവശ്യപ്പെട്ടു.
പ്രതികരിച്ച് തുർക്കി പ്രസിഡൻ്റ്
ടെഹ്‌റാനില്‍ നടന്ന പ്രതിഷേധങ്ങള്‍ ഒരു പുതിയ പരീക്ഷമാണെന്ന് തുർക്കി പ്രസിഡൻ്റ് റജബ് ത്വയ്യിബ് എർദോഗൻ വിശേഷിപ്പിച്ചു. അതിര്‍ത്തി മേഖലയില്‍ അസ്വസ്ഥത സൃഷ്‌ടിക്കുന്ന ഏതൊരു നടപടിയെയും തുർക്കി എതിർക്കുമെന്ന് അദ്ദേഹം പറഞ്ഞു. ” സംഭാഷണത്തിലും നയതന്ത്രത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് ഇറാൻ്റെ സഹോദരങ്ങൾ ഈ ദുഷ്‌കരമായ സമയത്തെ മറികടക്കുമെന്ന് താൻ വിശ്വസിക്കുന്നു ” അദ്ദേഹം പറഞ്ഞു.






