കൊച്ചി: അതിവേഗ യാത്ര കേരളം എത്രത്തോളം ആഗ്രഹിക്കുന്നുണ്ടെന്ന് തെളിയിക്കുന്നതാണ് സംസ്ഥാനത്തെ വന്ദേ ഭാരത് ട്രെയിനുകളിലെ തിരക്ക്. കേരളത്തിന് ലഭിച്ച മൂന്ന് വന്ദേ ഭാരതുകളും ഒക്യുപെൻസി റേറ്റിൽ മുന്നിലാണെന്ന റിപ്പോർട്ട് നേരത്തെ പലതവണ പുറത്ത് വന്നിട്ടുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ കേരള വന്ദേ ഭാരതുകളുടെ വരുമാന കണക്കാണ് ചർച്ചയാകുന്നത്. കേരളത്തിലെ രണ്ടു ജോഡി വന്ദേ ഭാരത് എക്സ്പ്രസുകൾ 10 സ്റ്റേഷനുകളിൽനിന്ന് 2025-26 വർഷം 249.65 കോടി രൂപയാണ് നേടിയത്.
2024 – 25ൽ 166.5 കോടി രൂപയായിരുന്നു കേരളത്തിലെ രണ്ട് വന്ദേ ഭാരതുകളിൽ നിന്നുള്ള വരുമാനം. ഇത്തവണ 83 കോടി രൂപയാണ് അധികമായി ലഭിച്ചത്. വന്ദേ ഭാരതിലെ കോച്ചുകളുടെ എണ്ണം 20 ആയി വർധിച്ചപ്പോഴാണ് വരുമാനത്തിലും വലിയ വർധനവുണ്ടായത്. കോച്ചുകളുടെ എണ്ണം കൂട്ടിയിട്ടും വലിയ തിരക്കാണ് വന്ദേ ഭാരതുകളിലുള്ളത്. കൂടുതൽ സർവീസുകൾ വേണമെന്ന ആവശ്യത്തിന് ബലംനൽകുന്നതാണ് ഇക്കാര്യം.
കേരള വന്ദേ ഭാരത് സർവീസുകളുടെ വരുമാനം ഇങ്ങനെ
തിരുവനന്തപുരം – കാസർകോട് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ (20634) 2025 -26 സാമ്പത്തിക വർഷം 60.88 കോടി രൂപയാണ് നേടിയത്. കഴിഞ്ഞ വർഷം (2024-25) ഇത് 50.92 കോടി രൂപയായിരുന്നു. കാസർകോ ട്- തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ (20633) 67.47 കോടി രൂപയാണ് നേടിയത് കഴിഞ്ഞതവണ ഇത് 54.26 കോടിയായിരുന്നു.
തിരുവനന്തപുരം – മംഗളൂരുവന്ദേ ഭാരത് എക്സ്പ്രസ് (20632) 025 -26 സാമ്പത്തിക വർഷം 62.20 കോടി രൂപ നേടി 2024-25 ൽ 30.71 കോടി രൂപയായിരുന്ന ഇത്. ഇരട്ടിയോളമാണ് വർധിച്ചത്. മംഗളുരു – തിരുവനന്തപുരം വന്ദേ ഭാരത് (20631) സർവീസ് 59.10 കോടി രൂപയും നേടി. നേരത്തെ ഇത് 30.75 കോടി രൂപയായിരുന്നു.
ആലപ്പുഴ വഴി സർവീസ് നടത്തുന്ന മംഗളൂരു വന്ദേ ഭാരതിന് എട്ട് കോച്ചുകളായിരുന്നു ആദ്യം ഉണ്ടായത്. 2025 മെയിൽ ഇത് 16 കോച്ചായും5 സെപ്റ്റംബറിൽ 20 കോച്ചായി ഉയർത്തി. ഇതാണ് ഇരട്ടിയോളം വരുമാനം വർധിപ്പിച്ചത്. കോട്ടയം വഴി സർവീസ് നടത്തുന്ന തിരുവനന്തപുരം – കാസർകോട് വന്ദേ ഭാരതിൽ 16 കോച്ചുകളാണ് ഉണ്ടായിരുന്നത്. 2025 ജനുവരിയിലാണ് ഇത് 20 കോച്ചിലേക്ക് ഉയർത്തിയത്.
കേരളത്തിലേക്ക് പുതിയ വന്ദേ ഭാരതുകൾ വരും
വരുമാനത്തിൽ മുന്നിട്ട് നിൽക്കുന്ന കേരളത്തിലേക്ക് കൂടുതൽ വന്ദേ ഭാരത് വേണമെന്ന ആവശ്യം റെയിൽവേയ്ക്ക് മുന്നിലുണ്ട്. ഗോവ – മംഗളൂരു വന്ദേ ഭാരത് കോഴിക്കോടേക്ക് നീട്ടുക, കണ്ണൂരി നിന്ന് പാലക്കാട് വഴി ബെംഗളൂരുവിലേക്ക് പുതിയ വന്ദേ ഭാരത് എന്നീ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഡിആർഎം നേരത്തെ ഉറപ്പ് നൽകിയിട്ടുണ്ട്.








