റിയാദ്: തുര്‍ക്കി നിലപാടില്‍ പ്രതിഷേധിച്ച് സഊദി അറേബ്യ രംഗത്ത്. തുര്‍ക്കിഷ് ജനറല്‍ അസംബ്ലിയില്‍ പ്രസിഡന്റ് ഉര്‍ദുഗാന്‍ നടത്തിയ പ്രസ്താവനയാണ് സഊദിയെ ചൊടിപ്പിച്ചിരിക്കുന്നത്. ചില അറബ് രാജ്യങ്ങള്‍ തുര്‍ക്കിയെ ടാര്‍ഗറ്റ് ചെയ്തിരിക്കുകയാണെന്നും പ്രദേശത്തെ അസ്ഥിരപ്പെടുത്തുന്ന നയങ്ങള്‍ പിന്തുടരുന്നുവെന്നുമുള്ള തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ നിലപാടിനെതിരെയാണ് സഊദി ചേംബര്‍ രംഗത്തെത്തിയിരിക്കുന്നത്. തുര്‍ക്കിയെ സഊദി അറേബ്യ പൂര്‍ണ്ണമായും ബഹിഷ്‌കരിക്കണമെന്നാണ് സഊദി ചേംബര്‍ ഓഫ് കൊമേഴ്‌സ് തലവന്‍ അജ്‌ലാന്‍ അല്‍ അജ്‌ലാന്‍ ആഹ്വാനം ചെയ്‌തത്. തുര്‍ക്കിയില്‍ നിന്നുള്ള ഇറക്കുമതി, നിക്ഷേപം, ടൂറിസം തുടങ്ങി എല്ലാ മേഖലയിലും തുര്‍ക്കിയെ ബഹിഷ്‌കരിക്കണമെന്നും ഇത് ഓരോ സഊദി പൗരന്റെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു.
അറേബ്യന്‍ ഗള്‍ഫിലെ ചില രാജ്യങ്ങള്‍ തുര്‍ക്കിയെ ലക്ഷ്യമാക്കി പ്രദേശത്തെ അസ്ഥിരപ്പെടുത്തുന്ന നയങ്ങള്‍ പിന്തുടരുന്നുവെന്നാണ് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ പ്രസ്‌താവിച്ചത്. സംശയാസ്‌പദമായ രാജ്യങ്ങള്‍ ഇന്നലെ നിലവിലില്ലായിരുന്നുവെന്നും ഒരുപക്ഷേ നാളെ നിലനില്‍ക്കില്ലെന്നും മറക്കരുത്; എന്നിരുന്നാലും, അല്ലാഹുവിന്റെ അനുമതിയോടെ ഈ പ്രദേശത്ത് ഞങ്ങളുടെ പതാക എന്നെന്നേക്കുമായി പറക്കുന്നത് തുടരരും’ എന്നായിരുന്നു തുര്‍ക്കി അസംബ്ലിയില്‍ ഉര്‍ദുഗാന്റെ പ്രസ്‌താവന.
ഇതിനെതിരെയാണ് സഊദി ചേംബര്‍ ഓഫ് കൊമേഴ്‌സ് രംഗത്തെത്തിയത്. ഇറക്കുമതി, നിക്ഷേപം, ടൂറിസം തുടങ്ങി എല്ലാ തലത്തിലും തുര്‍ക്കിയെ ബഹിഷ്കരിക്കുന്നത് ഓരോ സഊദി- വ്യാപാരിയുടെയും ഉപഭോക്താവിന്റെയും ഉത്തരവാദിത്വമാണ്. നമ്മുടെ നേതൃത്വത്തിനും രാജ്യത്തിനും പൗരന്മാര്‍ക്കുമെതിരെ തുര്‍ക്കി സര്‍ക്കാരിന്റെ തുടര്‍ച്ചയായി ശത്രുത പരത്തുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു.