2,000 രൂപ വരെയുള്ള യുപിഐ ഇടപാടുകൾക്ക് നിരക്കില്ല; നിർദേശവുമായി കേന്ദ്രം

0
1

ന്യൂഡൽഹി: 2,000 രൂപ വരെയുള്ള യുപിഐ ഇടപാടുകൾക്കും റുപേ ഡെബിറ്റ് കാർഡ് വഴിയുള്ള പണമിടപാടുകൾക്കും ബാങ്കുകളോ മറ്റ് സേവനദാതാക്കളോ യാതൊരുവിധ നിരക്കുകളും ഈടാക്കാൻ പാടില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം. ഇതുസംബന്ധിച്ച വിജ്ഞാപനം സർക്കാർ പുറത്തിറക്കി.

സെപ്റ്റംബർ 14ന് പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2,000 രൂപ വരെയുള്ള ഇടപാടുകൾ നടത്തുന്നവരിൽ നിന്നോ പണം സ്വീകരിക്കുന്നവരിൽ നിന്നോ നേരിട്ടോ അല്ലാതെയോ നിരക്കുകൾ ഈടാക്കാൻ പാടില്ല. അതേസമയം 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് വ്യാപാരികളിൽ നിന്ന് നിരക്ക് ഈടാക്കുന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. ഉപഭോക്താക്കൾക്കും വ്യക്തികൾ തമ്മിലുള്ള പണമിടപാടുകൾക്കും തുടർന്നും യാതൊരുവിധ നിരക്കുകളും ഉണ്ടാകില്ലെന്ന് സർക്കാർ നേരത്തെ തന്നെ ഉറപ്പുനൽകിയിട്ടുണ്ട്.

യുപിഐയുടെ വളർച്ച
2016 ഓഗസ്റ്റ് 25നാണ് രാജ്യത്ത് യുപിഐ സംവിധാനം അവതരിപ്പിച്ചത്. ഇന്ത്യയുടെ ഡിജിറ്റൽ പണമിടപാട് രംഗത്ത് വലിയ മാറ്റങ്ങളാണ് ഇതിലൂടെ ഉണ്ടായത്. 2016-17 സാമ്പത്തിക വർഷത്തിൽ വെറും 0.07 ലക്ഷം കോടി രൂപയായിരുന്ന യുപിഐ ഇടപാടുകൾ 10 വർഷം പിന്നിടുമ്പോൾ വലിയ കുതിപ്പാണ് നടത്തിയത്. 2025-26 സാമ്പത്തിക വർഷത്തിൽ ഇത് ഏകദേശം 314 ലക്ഷം കോടി രൂപയായി വർധിച്ചു. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ 4,000 ഇരട്ടിയിലധികം വർധനയാണ് ഈ മേഖലയിൽ ഉണ്ടായിട്ടുള്ളത്. നിലവിൽ രാജ്യത്തെ കോടിക്കണക്കിന് ആളുകളാണ് ദൈനംദിന ആവശ്യങ്ങൾക്കായി യുപിഐ സംവിധാനത്തെ ആശ്രയിക്കുന്നത്. ചെറിയ കടകൾ മുതൽ വലിയ ഷോപ്പിങ് മാളുകളിൽ വരെ ഇന്ന് യുപിഐ വഴിയുള്ള പണമിടപാടുകൾ സാധാരണമാണ്.

നിയമഭേദഗതിയും നിരക്കുകളും
2007ലെ പേയ്‌മെൻ്റ് ആൻഡ് സെറ്റിൽമെൻ്റ് സിസ്റ്റംസ് ആക്ടിലെ സെക്ഷൻ 10 എ ഭേദഗതി ചെയ്തതിന് പിന്നാലെയാണ് പുതിയ വിജ്ഞാപനം പുറത്തുവന്നിരിക്കുന്നത്. യുപിഐ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് പണമിടപാടുകൾക്ക് മർച്ചൻ്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) ഏർപ്പെടുത്താൻ ഈ ഭേദഗതിയിലൂടെ സാധിക്കും. 2026 ഓഗസ്റ്റ് 13ന് അവസാനിച്ച വർഷകാല സമ്മേളനത്തിലാണ് പാർലമെൻ്റ് ഈ ഭേദഗതി ബിൽ പാസാക്കിയത്.

നിശ്ചിത പരിധിക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് വ്യാപാരികളിൽ നിന്ന് ചെറിയ തോതിൽ എംഡിആർ ഈടാക്കാൻ ഇതിലൂടെ വഴിയൊരുങ്ങും. ബിൽ പാസായതിന് പിന്നാലെ നാഷണൽ പേയ്‌മെൻ്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) നേതൃത്വത്തിലുള്ള യുപിഐ ആൻഡ് സർവീസസ് സ്റ്റിയറിങ് കമ്മിറ്റിയാകും എംഡിആർ നിരക്കുകൾ തീരുമാനിക്കുകയെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.

നിരക്കുകൾ ഏർപ്പെടുത്തുന്നതിന് പിന്നിൽ
യുപിഐ ഇടപാടുകളുടെ എണ്ണം വലിയ തോതിൽ വർധിക്കുന്ന സാഹചര്യത്തിൽ സൈബർ സുരക്ഷ, തട്ടിപ്പുകൾ തടയൽ, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്കായി നിരന്തരമായ നവീകരണം ആവശ്യമാണെന്ന് സർക്കാർ വിശദീകരിക്കുന്നു. വിപണി വിപുലീകരിക്കുന്നതിനും സ്വയംപര്യാപ്തത കൈവരിക്കുന്നതിനും ഇത്തരം നിരക്കുകൾ അനിവാര്യമാണ്. കൂടുതൽ കമ്പനികളെ ഈ മേഖലയിലേക്ക് ആകർഷിച്ച് മത്സരം വർധിപ്പിക്കേണ്ടതുണ്ട്. ഇതിനായി സ്വന്തമായി വരുമാനം കണ്ടെത്താൻ കഴിയുന്ന ഒരു മാതൃക ആവശ്യമാണ്. സബ്സിഡികളെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകുന്നത് പ്രായോഗികമല്ലെന്നും യുപിഐ സംവിധാനം കൂടുതൽ സുരക്ഷിതവും എല്ലാവർക്കും പ്രാപ്യവുമാക്കാൻ കൃത്യമായ ചട്ടക്കൂട് ആവശ്യമാണെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here