ദേശീയ അവാർഡ് ജേതാവും കന്നഡ സൂപ്പർതാരവുമായ ഋഷഭ് ഷെട്ടി തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. ഭാര്യ പ്രഗതി ഷെട്ടിക്കൊപ്പമാണ് താരം ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തിന് മുന്നിൽനിന്നുള്ള ചിത്രം പ്രഗതി ഷെട്ടി സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ ചിത്രം ആരാധകർക്കിടയിലും ശ്രദ്ധ നേടി. പ്രഗതി ഇൻസ്റ്റഗ്രാം സ്റ്റോറിയായാണ് ചിത്രം പങ്കുവച്ചത്.
വൈകീട്ട് അഞ്ചുമണിയോടെയാണ് ഇരുവരും ദര്‍ശനത്തിനായി എത്തിയത്. ദീപാരാധന തൊഴുതതിന് ശേഷം ക്ഷേത്രത്തില്‍ വിവിധ വഴിപാടുകള്‍ നടത്തി.
ക്ഷേത്രദർശനത്തിന് പിന്നാലെ ഇരുവരും സാംസ്‌കാരിക മന്ത്രി പി.സി. വിഷ്‌ണുനാഥുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ മന്ത്രി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ‘കാന്താര’യിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ഋഷഭ് ഷെട്ടിയെയും ഭാര്യ പ്രഗതി ഷെട്ടിയെയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ കാണാൻ കഴിഞ്ഞത് ഏറെ സന്തോഷം നൽകിയ അനുഭവമായിരുന്നു എന്ന കുറിപ്പോടെയാണ് മന്ത്രി ചിത്രം പങ്കുവച്ചത്.
ഋഷഭ് ഷെട്ടിയുടെ കേരള സന്ദർശനം ഇതാദ്യമല്ല. നേരത്തെയും താരം കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിൽ ദർശനം നടത്തിയിരുന്നു. മലയാളി താരം ജയസൂര്യക്കൊപ്പം ഋഷഭ് ഷെട്ടി നേരത്തെ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തിയത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇരുവരും ക്ഷേത്രത്തിൽ എത്തിയതിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതാണ്.
‘ജയ് ഹനുമാൻ’ ഒരുങ്ങുന്നു
ഇതിനിടെ ഋഷഭ് ഷെട്ടിയുടെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സംവിധായകൻ പ്രശാന്ത് വർമ്മ ഒരുക്കുന്ന ‘ജയ് ഹനുമാൻ’. പാൻ-ഇന്ത്യൻ തലത്തിൽ വലിയ വിജയം നേടിയ ‘ഹനുമാൻ’ എന്ന ചിത്രത്തിന് ശേഷം പ്രശാന്ത് വർമ്മ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ‘കാന്താര’യിലൂടെ ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടിയ ഋഷഭ് ഷെട്ടിയാണ് ചിത്രത്തിൽ ഹനുമാനായി എത്തുന്നത്.
പ്രശാന്ത് വർമ്മയുടെ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായാണ് ‘ജയ് ഹനുമാൻ’ ഒരുങ്ങുന്നത്. പുരാണകഥകളെയും സമകാലിക സിനിമാ അവതരണത്തെയും കൂട്ടിച്ചേർത്ത് വലിയ പ്രേക്ഷകസ്വീകാര്യത നേടിയ സംവിധായകനാണ് പ്രശാന്ത് വർമ്മ. ‘ഹനുമാൻ’ നേടിയ വൻ വിജയത്തിന് പിന്നാലെ അതിന്‍റെ തുടർച്ചയായി എത്തുന്ന ‘ജയ് ഹനുമാൻ’ പ്രഖ്യാപനം തന്നെ സിനിമാലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
ഋഷഭ് ഷെട്ടി ഹനുമാന്റെ വേഷത്തിലെത്തുന്നു എന്ന വാർത്ത പുറത്തുവന്നതോടെ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ വീണ്ടും ഉയർന്നു. ‘കാന്താര’യിലൂടെ തന്റേതായ അഭിനയശൈലിയും സംവിധാന മികവും തെളിയിച്ച ഋഷഭ് ഷെട്ടിയും, പുരാണ പശ്ചാത്തലത്തെ വ്യത്യസ്തമായ സിനിമാറ്റിക് രീതിയിൽ അവതരിപ്പിക്കുന്ന പ്രശാന്ത് വർമ്മയും ഒന്നിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.
‘ജയ് ഹനുമാൻ’ എന്ന ചിത്രത്തിന്റെ മറ്റൊരു ശ്രദ്ധേയമായ പ്രത്യേകത മലയാളി സാങ്കേതികപ്രവർത്തകരുടെ സാന്നിധ്യമാണ്. ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത് മലയാളിയായ നിമിഷ് രവിയാണ്. പാൻ-ഇന്ത്യൻ പ്രോജക്ടിന്റെ ദൃശ്യഭാഷ നിർണയിക്കുന്നതിൽ നിമിഷ് രവിയുടെ ക്യാമറ നിർണായകമാകുമെന്നാണ് പ്രതീക്ഷ.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നപ്പോൾ തന്നെ വലിയ ആവേശത്തോടെയാണ് സിനിമാസ്വാദകർ അതിനെ സ്വീകരിച്ചത്. പോസ്റ്ററിലെ ഋഷഭ് ഷെട്ടിയുടെ ഹനുമാൻ രൂപം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ചർച്ചയാവുകയും ചെയ്തിരുന്നു. ചിത്രത്തിന്‍റെ പ്രഖ്യാപനം മുതൽ തന്നെ ഇന്ത്യൻ സിനിമയിലെ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന പ്രോജക്ടുകളിലൊന്നായി ‘ജയ് ഹനുമാൻ’ മാറിയിട്ടുണ്ട്.
തെലുഗുവിലെ പ്രമുഖ നിർമാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സ് ആണ് ‘ജയ് ഹനുമാൻ’ നിർമിക്കുന്നത്. നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വലിയ മുതൽമുടക്കിലും ഉയർന്ന സാങ്കേതിക നിലവാരത്തിലുമാണ് ചിത്രം ഒരുക്കുന്നതെന്നാണ് അണിയറപ്രവർത്തകർ വ്യക്തമാക്കിയിട്ടുള്ളത്.







