ചെല്ലാനത്ത് കടൽ ഭിത്തി നിർമിക്കാൻ പത്തു കോടി രൂപ അനുവദിച്ചു.

0
109

എറണാകുളം: കടലാക്രമണങ്ങളില്‍ നിന്ന് തീരങ്ങളെ സംരക്ഷിക്കുന്ന സംസ്ഥാനതല പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. തീരപ്രദേശത്തുള്ള ഭൂമിയെ സംരക്ഷിക്കുക മാത്രമല്ല, മത്സ്യത്തൊഴിലാളികളുടെ സംരക്ഷണം കൂടിയാണ് ഇതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കടലാക്രമണം രൂക്ഷമായ പ്രദേശങ്ങളുടെ സംരക്ഷണത്തിനായാണ് 200 കോടിയില്‍പരം രൂപ ചെലവിട്ടു കൊണ്ടുള്ള ബൃഹത്തായ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.മദ്രാസ് ഐ. ഐ.ടി യുടെ കീഴിലുള്ള ഓഷ്യാനോ ഗ്രാഫിക് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍്റെ പഠനത്തിന്‍്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ തുക അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ചടങ്ങില്‍ പങ്കെടുത്ത ധനമന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു.എറണാകുളം ജില്ലയിലെ ചെല്ലാനത്ത് 8 കോടി ചെലവില്‍ ഒരു കിലോ മീറ്റര്‍ നീളമുള്ള കടല്‍ഭിത്തി ജിയോ ട്യൂബുകള്‍ ഉപയോഗിച്ച്‌ നിര്‍മ്മിക്കും.2021 ജനുവരിയോടെ ഇത് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. ഇതോടൊപ്പം ചൊല്ലാനത്തെ ബസാര്‍ ഭാഗത്ത് 220 മീറ്റര്‍ നീളത്തില്‍ കടല്‍ഭിത്തി പണിയുന്നതിന് ഒരു കോടി രൂപയുടെ പ്രവൃത്തനങ്ങള്‍, ചാളക്കടവ്, മാലാഖപ്പടി, കണ്ണമാലി പ്രദേശങ്ങളില്‍ ജിയോ ബാഗ് ഉപയോഗിച്ച്‌ 270 മീറ്റര്‍ നീളത്തില്‍ താല്‍ക്കാലിക കടല്‍ഭിത്തി പണിയുന്നതിന് 30 ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവയും നടപ്പാക്കും.

 

ചെന്നൈ ഐഐടിയിലെ ഓഷ്യന്‍ എഞ്ചിനീയറിംഗ് വകുപ്പിന്‍്റെ വിദഗ്ധ നിര്‍ദ്ദേശം അനുസരിച്ച്‌ തയ്യാറാക്കുന്ന മാലാഖപ്പടിയിലെ രണ്ട് പുലിമുട്ടുകളുടെ നിര്‍മ്മാണം, മാലാഖപ്പടിയിലും കണ്ണമാലിയിലുമുള്ള മറ്റ് മൂന്ന് പുലിമുട്ടുകളുടെ പുനരുദ്ധാരണം എന്നിവ പുതിയ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി രൂപകല്പന ചെയ്ത് നടപ്പാക്കും.

 

അറ്റകുറ്റപ്പണികള്‍ക്ക് ഏകദേശം നാലു കോടി രൂപയും, പുതിയവയുടെ നിര്‍മാണത്തിന് ആറ് കോടി രൂപയും ഉള്‍പ്പെടെ 10 കോടി രൂപയാണ് പുലിമുട്ടുകള്‍ക്കായി ഇവിടെ ചെലവാക്കുന്നത്. കൂടാതെ നൂതന സാങ്കേതിക രീതിയിലുള്ള തീര സംരക്ഷണ മാര്‍ഗങ്ങള്‍ സംബന്ധിച്ച പഠനം ചെന്നൈ ആസ്ഥാനമായുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ ടെക്നോളജിയുടെ സഹായത്തോടെ നടത്തുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. അനുവദിച്ച തുക എത്രയും പെട്ടെന്ന് പുലിമുട്ടുകളുടെ നിര്‍മ്മാണത്തിനായി ഉപയോഗിക്കുമെന്ന് കൊച്ചി എംഎല്‍എ കെ.ജെ മാക്സി പറഞ്ഞു. ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ, ജില്ലാ പഞ്ചായത്തംഗം ടി.വി.അനിത എന്നിവര്‍ പങ്കെടുത്തു.

 

ചെല്ലാനം പഞ്ചായത്തിലെ വാച്ചാക്കല്‍, കമ്ബനിപ്പടി, ചെറിയകടവ് പ്രദേശങ്ങളില്‍ 69,60,000 രൂപ ചെലവില്‍ 425 മീറ്റര്‍ നീളത്തില്‍ ജിയോ ബാഗ് ഉപയോഗിച്ചുള്ള താല്‍ക്കാലിക കടല്‍ഭിത്തി മെയ് – ജൂണ്‍ മാസങ്ങളില്‍ നിര്‍മിച്ചിരുന്നു. അതിനു പുറമേ 97,80,000 രൂപ ചെലവില്‍ 900 മീറ്റര്‍ നീളത്തില്‍ മാലാഖപ്പടി, ദീപ്തി, അങ്കണവാടി, ബസാര്‍, വേളാങ്കണ്ണി, ചാളക്കടവ്, റീത്താലയം, പുത്തന്‍തോട് എന്നിവിടങ്ങളില്‍ കൂടി ജിയോ ബാഗ് ഉപയോഗിച്ചുള്ള താല്‍ക്കാലിക കടല്‍ഭിത്തി നിര്‍മ്മിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here