ന്യൂഡല്‍ഹി: ശനിയും ഞായറുമായി ന്യൂഡല്‍ഹിയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍ പിങ് ഇന്ത്യയിലേക്ക്. ഏഴ് വര്‍ഷത്തിന് ശേഷമുള്ള ഷിയുടെ ഇന്ത്യ സന്ദര്‍ശനം ഏവരും ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അദ്ദേഹം ന്യൂഡല്‍ഹിയില്‍ കൂടിക്കാഴ്‌ച നടത്തും.
വര്‍ഷങ്ങളായി തുടരുന്ന സംഘര്‍ഷം അവസാനിപ്പിച്ച് പുത്തന്‍ ബന്ധങ്ങള്‍ കെട്ടിപ്പടുക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ കൂടിക്കാഴ്‌ചയെ നിരീക്ഷകര്‍ വിലയിരുത്തുന്നത്. സന്ദര്‍ശം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കുമെന്നും സൂചനയുണ്ട്.
പതിനെട്ടാം ബ്രിക്‌സ് ഉച്ചകോടിയില്‍ ഷിയുടെ പങ്കെടുക്കലിനെ നയതന്ത്രലോകം സൂക്ഷ്‌മമായി വീക്ഷിക്കുന്നുണ്ട്. ഇരുരാജ്യങ്ങളും തമ്മില്‍ തന്ത്രപരമായും സാമ്പത്തികമായുമുള്ള ചില അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ രാഷ്‌ട്രീയ ഇടപെടലുകളില്‍ നിര്‍ണായക മാറ്റങ്ങളുണ്ടായിട്ടുണ്ട്.
2020ല്‍ കിഴക്കന്‍ ലഡാക്കിലുണ്ടായ സംഘര്‍ഷത്തില്‍ ഇരുപത് ഇന്ത്യന്‍ സൈനികര്‍ക്കും നാല് ചൈനീസ് സൈനികര്‍ക്കും ജീവന്‍ നഷ്‌ടപ്പെട്ടതിനെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു. പിന്നീട് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ക്രമാനുഗതമായി മെച്ചപ്പെട്ട് വരികയാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇരുരാജ്യങ്ങളും തമ്മില്‍ ഉന്നതതല ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അതിര്‍ത്തി സംഘര്‍ഷങ്ങള്‍ ലഘൂകരിച്ച് നയതന്ത്ര സാമ്പത്തിക ഇടപെടല്‍ ലക്ഷ്യമിട്ടുള്ളതാണ് ഇവ. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ വര്‍ഷം ചൈന സന്ദര്‍ശിച്ചിരുന്നു. കിര്‍ഗിസ്ഥാനില്‍ നടന്ന ഒരു പ്രാദേശിക ഫോറത്തില്‍ ഇരുരാഷ്‌ട്രത്തലവന്‍മാരും ഒരു ഹ്രസ്വ കൂടിക്കാഴ്‌ചയും നടത്തിയിരുന്നു.
ഈ മാസം പന്ത്രണ്ടിനും പതിമൂന്നിനും ന്യൂഡല്‍ഹിയില്‍ നടക്കുന്ന ബ്രിക്‌സ് യോഗത്തില്‍ വന്‍സാമ്പത്തിക സ്വയംഭരണമെന്ന ആശയത്തിന്‍റെ ചെലവ് ആര് വഹിക്കുമെന്ന ചോദ്യം ഇന്ത്യ ഉയര്‍ത്തും. സാമ്പത്തിക ബദലുകള്‍ തേടുമ്പോള്‍ വിഭവങ്ങളും നഷ്‌ടങ്ങള്‍ സഹിക്കാനുള്ള ഇച്ഛാശക്തിയും ഉണ്ടാകണം.
പണം വാങ്ങുന്നവരെ സംബന്ധിച്ചിടത്തോളം സാമ്പത്തിക സഹായത്തിലെ നിബന്ധനയാണ് ഏത് പദ്ധതിയുമായി മുന്നോട്ട് പോകണമെന്ന് നിശ്ചയിക്കുന്നത്. ഒപ്പം പൊതുബജറ്റിന് എത്രമാത്രം ഇത് അനുഗുണമാകുമെന്നതും നിര്‍ണായകമാണ്. സാമ്പത്തിക സ്വയംഭരണം എന്നത് ഇത്തരം നിബന്ധനകള്‍ക്ക് രൂപം നല്‍കാനുള്ള കഴിവിനെ ഭാഗികമായി ആശ്രയിച്ചിരിക്കുന്നു.
നേരത്തെ അംഗരാജ്യങ്ങൾ തമ്മിലുള്ള സാംസ്‌കാരിക സഹകരണം ശക്തിപ്പെടുത്താനും സർഗാത്മക വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ‘ഭോപ്പാൽ പ്രഖ്യാപന’ ത്തിന് അംഗീകാരം നല്‍കിയിരുന്നു. ഇന്ത്യയുടെ അധ്യക്ഷതയിൽ ഭോപ്പാലിൽ നടന്ന 11-ാമത് ബ്രിക്‌സ് സാംസ്‌കാരിക മന്ത്രിമാരുടെ യോഗത്തിൽ സാംസ്‌കാരിക സഹകരണം ലക്ഷ്യമിട്ട് ‘ഭോപ്പാൽ പ്രഖ്യാപനം’ അംഗീകരിച്ചതായി കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്താണ് അറിയിച്ചത്. മന്ത്രിതല യോഗത്തിൽ 14 രാജ്യങ്ങളിൽ നിന്നുള്ള 55 പ്രതിനിധികൾ പങ്കെടുത്തു.







