നാളെ മുതൽ മൂന്ന് ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല,

0
2

ന്യൂഡൽഹി: ലേബര്‍ കമ്മിഷണറുടെ മധ്യസ്ഥതയില്‍ നടന്ന അനുരഞ്ജന യോഗം പരാജയപ്പെട്ടതോടെ പണിമുടക്കുമായി ബാങ്ക് ജീവനക്കാര്‍. നാളെ മുതലാണ് പണിമുടക്ക്‌. ശനിയും ഞായറും ബാങ്ക് അവധി ആയതിനാൽ തുടർച്ചയായ മൂന്ന് ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും. ചില സംസ്ഥാനങ്ങളില്‍ തിങ്കളാഴ്‌ച്ച വിനായക ചതുര്‍ഥിയുടെ അവധി കുടിയുള്ളതിനാല്‍ 4 ദിവസം വരെ ബാങ്ക് പ്രവര്‍ത്തനങ്ങൾ തടസപ്പെടാം.

ബാങ്ക് യൂണിയനുകളുടെ സംയുക്ത ഫോറം, യൂണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് എന്നീ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്. 28,29,30 തീയതികളിലാണ് രണ്ടാംഘട്ട പണിമുടക്ക്. ഇതിനു ശേഷം ഒക്ടോബര്‍ 26 മുതല്‍ അനിശ്ചിതകാല പണിമുടക്കും ജീവനക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ആഴ്‌ച്ചയിൽ അഞ്ച് ദിവസം ജോലി, രണ്ട് ദിവസം അവധി എന്ന ആവശ്യം ഉന്നയിച്ചാണ് ബാങ്കിങ് ജീവനക്കാരുടെ പണിമുടക്ക്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നാണ് സംഘടനകൾ പറയുന്നത്.

ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്‌ചയിൽ 5 ആക്കണമെന്ന ആവശ്യത്തോട് സർക്കാർ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. വിശാലമായ കൂടിയാലോചനകൾക്ക് ശേഷമേ തീരുമാനത്തിലെത്താൻ കഴിയൂവെന്ന നിലപാടിലാണ് സർക്കാർ.

ഡിജിറ്റൽ ഇടപാടുകൾക്ക് തടസമില്ല

അര്‍ധ വാര്‍ഷിക കണക്കെടുപ്പ് സെപ്റ്റംബര്‍ അവസാനമായതിനാൽ, ഈസമയത്ത് പണിമുടക്ക് നടക്കുന്നത് ബാങ്കുകളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചേക്കും. അതേസമയം ബാങ്ക് അവധി ദിനങ്ങളിൽ എടിഎം, ഡിജിറ്റൽ ഇടപാടുകൾ തടസമില്ലാതെ തുടരും. തുടർച്ചയായ ദിവസങ്ങളിൽ ബാങ്കിങ് സേവനങ്ങൾ തടസ്സപ്പെടുന്നതിനാൽ അത്യാവശ്യ ഇടപാടുകൾ ഇന്നു തന്നെ ഉപഭോക്താകൾ പൂർത്തിയാക്കേണ്ടതുണ്ട്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക് തുടങ്ങിയ പ്രമുഖ പൊതുമേഖലാ ബാങ്കുകൾ തങ്ങളുടെ ശാഖകളുടെ പ്രവർത്തനം തടസ്സപ്പെട്ടേക്കാമെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകളെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ബാങ്ക് ശാഖകൾ വഴി നേരിട്ട് ചെയ്യേണ്ട പണം നിക്ഷേപിക്കൽ, പിൻവലിക്കൽ, ചെക്ക് ക്ലിയറൻസ്, വായ്‌പാ നടപടികൾ, പുതിയ അക്കൗണ്ട് തുറക്കൽ, കെവൈസി പുതുക്കൽ തുടങ്ങിയ പ്രധാന സേവനങ്ങളെല്ലാം ഈ ദിവസങ്ങളിൽ തടസ്സപ്പെടും. ചെക്ക് ക്ലിയറിങ് പ്രക്രിയകൾ പൂർണ്ണമായും വൈകാൻ സാധ്യതയുള്ളതിനാൽ വലിയ തുകകളുടെ ഇടപാടുകൾ നടത്തേണ്ടവർ മുൻകൂട്ടി ക്രമീകരണങ്ങൾ ചെയ്യേണ്ടതാണ്.

സമരം പ്രഖ്യാപിച്ചതിന് പിന്നാലെ ജീവനക്കാരെ അനുനയിപ്പിക്കുന്നതിൻ്റെ ഭാഗമായി പൊതുമേഖലാ ബാങ്കുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ പെർഫോമൻസ് ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) സ്കീം മരവിപ്പിച്ചിരുന്നു. എന്നാൽ പ്രവൃത്തിദിനം 5 ആക്കണമെന്ന ആവശ്യത്തിൽ ജീവനക്കാർ ഉറച്ച് നിൽക്കുകയാണ്.

2024 മാർച്ചിലായിരുന്നു പ്രവൃത്തിദിനം 5 ആക്കാൻ ബാങ്ക് മാനേജ്മെൻ്റുകളുടെ കൂട്ടായ്‌മയായ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐബിഎ) തീരുമാനമെടുത്തിരുന്നു. എന്നാൽ, കേന്ദ്രസർക്കാർ പിന്നീടു ഈ വിഷയത്തിൽ നടപടിയെടുത്തില്ല. ലേബര്‍ കമ്മിഷണറുമായി യൂണിയനുകളുടെ അടുത്ത യോഗം ഒക്ടോബര്‍ 15നാണ്.

LEAVE A REPLY

Please enter your comment!
Please enter your name here