8 മുതൽ 12 മണിക്കൂർ വരെ പവർ കട്ട്, ഇന്ത്യയില്‍ ഇരുട്ടില്‍ തപ്പുന്ന സംസ്ഥാനങ്ങള്‍, കേരളവുമുണ്ട്

0
2

രാജ്യത്തെ മൊത്തം വൈദ്യുതി ഉത്പാദന ശേഷി ചരിത്രത്തിലാദ്യമായി 520 ജിഗാവാട്ട് കവിഞ്ഞതായി പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഈ വര്‍ഷം ആദ്യം പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യ ആവശ്യത്തിന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ‘പവർ സർപ്ലസ്’ യുഗത്തിലേക്ക് മാറിയെന്ന് ഔദ്യോഗിക കണക്കുകൾ പ്രഖ്യാപിക്കുമ്പോഴും യാഥാർത്ഥ്യം മറ്റൊന്നാണ്.

കടുത്ത ഉഷ്ണതരംഗവും വിതരണ ശൃംഖലയിലെ പിഴവുകളും കാരണം രാജ്യത്തെ പകുതിയിലധികം സംസ്ഥാനങ്ങളും ഇന്നും കടുത്ത പവർകട്ടിലൂടെയും അപ്രഖ്യാപിത ലോഡ്ഷെഡിങ്ങിലൂടെയുമാണ് കടന്നുപോകുന്നത്. അതേസമയം, കേരളവും ഊർജ്ജ മേഖലയും അതിന്റെ ചരിത്രത്തിലെ ഏറ്റവും കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ‘പവർ കട്ട് ഇല്ല’ എന്ന് ഭരണാധികാരികൾ ആവർത്തിച്ച് പ്രഖ്യാപിക്കുമ്പോഴും, ദിവസേന മണിക്കൂറുകളോളം നീളുന്ന അപ്രഖ്യാപിത ലോഡ്ഷെഡ്ഡിങ്ങും കടുത്ത വോൾട്ടേജ് ക്ഷാമവും മൂലം ജനങ്ങൾ അക്ഷരാർത്ഥത്തിൽ നരകിക്കുകയാണ്.

പത്ത് വർഷത്തെ അപേക്ഷിച്ച് രാജ്യത്തെ വൈദ്യുതി ക്ഷാമത്തിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് ഈ വര്‍ഷം ജനുവരിയില്‍ പുറത്തിറക്കുന്ന കണക്കുകളില്‍ കേന്ദ്ര ഊര്‍ജ മന്ത്രാലയം പറയുന്നു. 2013-14 കാലഘട്ടത്തിൽ രാജ്യത്തെ വൈദ്യുതി ക്ഷാമം 4.2 ശതമാനം ആയിരുന്നു 2025-26 (ഡിസംബർ 2025 വരെയുള്ള കണക്ക്) എത്തുമ്പോൾ ഇത് വെറും 0.03 ശതമാനമായി കുറഞ്ഞു.

ഈ കാലയളവിൽ ഇന്ത്യ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പീക്ക് പവർ ഡിമാൻഡായ 242.49 ജിഗാവാട്ട് വിജയകരമായി മറികടക്കുകയും ചെയ്തു. ഇന്ത്യയുടെ ആകെ വൈദ്യുതി ഉത്പാദന ശേഷിയിൽ സമാനതകളില്ലാത്ത വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. 2026 ജനുവരിയിലെ കണക്കനുസരിച്ച് ഇന്ത്യയുടെ ആകെ സ്ഥാപിത വൈദ്യുതി ഉത്പാദന ശേഷി 520.51 ജിഗാവാട്ട് ആയി ഉയർന്നു.

ഫിനാൻഷ്യൽ ഇയർ 2025-26-ൽ മാത്രം റെക്കോഡ് വേഗതയിൽ 52,537 മെഗാവാട്ട് ഉത്പാദന ശേഷിയാണ് ഗ്രിഡിലേക്ക് പുതുതായി കൂട്ടിച്ചേർത്തത്.ഇതിൽ സിംഹഭാഗവും (39,657 MW) പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളിൽ നിന്നാണ്. ഇതിൽ സോളാർ പവർ (34,955 MW), വിൻഡ് പവർ (4,613 MW) എന്നിവ ഉൾപ്പെടുന്നുവെന്നും കേന്ദ്രം അവകാശപ്പെടുന്നു.

കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിൻ്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ആവശ്യത്തിന് വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. എന്നാൽ പ്രമുഖ ഉപഭോക്തൃ സർവേ ഏജൻസിയായ LocalCircles രാജ്യത്തുടനീളം നടത്തിയ പഠനമനുസരിച്ച് ഇന്ത്യയിലെ 80%-ലധികം വീടുകളും ഇന്നും പ്രതിദിനം പലതരത്തിലുള്ള പവർ കട്ടുകൾ നേരിടുന്നുണ്ട്. ഇതിൽ 37 ശതമാനം കുടുംബങ്ങളും ദിവസേന 2 മുതൽ 8 മണിക്കൂർ വരെ കറൻ്റ്‌ ഇല്ലാതെ ബുദ്ധിമുട്ടുന്നവരാണ്.

ദേശീയതലത്തിൽ ഉപഭോക്താക്കൾക്കിടയിൽ നടത്തിയ സർവേകൾ പ്രകാരം 37% ഇന്ത്യൻ വീടുകൾ ദിവസേന 2 മുതൽ 8 മണിക്കൂർ വരെ പവർ കട്ട് നേരിടുന്നുണ്ടെന്ന് വ്യക്തമാക്കുന്നു.45% ആളുകൾ പ്രതിദിനം പലതവണയായി വരുന്ന ചെറിയ പവർ കട്ടുകളാണ് (വോൾട്ടേജ് ട്രിപ്പിംഗ്) തങ്ങളുടെ ഇലക്ട്രോണിക്സ് ഉപകരണങ്ങളെ നശിപ്പിക്കുന്നതെന്ന് പരാതിപ്പെടുന്നു.

ദേശീയ ഗ്രിഡ് റെഗുലേറ്ററായ ഗ്രിഡ് ഇന്ത്യ, ഊര്‍ജ്ജ മന്ത്രാലയം, പ്രമുഖ ഉപഭോക്തൃ സർവേ ഏജൻസിയായ LocalCircles എന്നിവരുടെ പുതിയ റിപ്പോർട്ടുകള്‍ പ്രകാരം രാജ്യത്ത് ഏറ്റവും പവര്‍ കട്ട് നേരിടുന്ന സംസ്ഥാനങ്ങള്‍ ഏതെല്ലാമെന്ന് പരിശോധിക്കാം. കടുത്ത വേനൽക്കാലത്തും പീക്ക് സമയങ്ങളിലും സംസ്ഥാനങ്ങളിലെ യഥാർത്ഥ ഗ്രൗണ്ട് റിയാലിറ്റി ഇപ്രകാരമാണ്…

1. ജാർഖണ്ഡ് – പ്രതിസന്ധിയിൽ ഒന്നാമത്

ദേശീയ തലത്തിൽ ഏറ്റവും ഉയർന്ന വൈദ്യുതി കമ്മി രേഖപ്പെടുത്തുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് ജാർഖണ്ഡ് പീക്ക് സമയങ്ങളിൽ ആവശ്യത്തിന് വൈദ്യുതി മാർക്കറ്റിൽ നിന്ന് വാങ്ങാനുള്ള ഫണ്ടിൻ്റെ കുറവ് ഡിസ്കോമുകളെ ബാധിക്കുന്നു. ഗ്രാമീണ മേഖലകളിൽ പലപ്പോഴും 8 മുതൽ 12 മണിക്കൂർ വരെ പവർ കട്ട് അനുഭവപ്പെടുന്നു. സാമ്പത്തിക പ്രതിസന്ധിയും, വിതരണ ശൃംഖലകളുടെ കനത്ത അറ്റകുറ്റപ്പണി കുറവുമാണ് ജാർഖണ്ഡിനെ ഇരുട്ടിലാക്കുന്നത്.

2. യുപി

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വൈദ്യുതി ആവശ്യകതയുള്ള സംസ്ഥാനമാണ് യു.പി.കടുത്ത വേനൽക്കാലത്ത് ഉത്തർപ്രദേശിൽ മാത്രം പീക്ക് ഡിമാൻഡിൽ വലിയ കുറവ് അനുഭവപ്പെടാറുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ പവർ കട്ട് പരാതികൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സംസ്ഥാനങ്ങളിലൊന്നാണിത്. നോയിഡ, ഗ്രേറ്റർ നോയിഡ തുടങ്ങിയ വൻ നഗരങ്ങളിലെ എയർകണ്ടീഷണറുകളുടെ അമിത ഉപയോഗം ഗ്രിഡുകളെ ഓവർലോഡ് ആക്കുന്നു. ഗ്രാമീണ മേഖലകളിൽ ഇപ്പോഴും ഷെഡ്യൂൾഡ് അല്ലാത്ത ലോഡ്ഷെഡ്ഡിങ് പതിവാണ്.

3. രാജസ്ഥാൻ

വേനൽക്കാലത്ത് രാജസ്ഥാനിൽ വൈദ്യുതി ആവശ്യകതയിൽ 31 ശതമാനത്തിലധികം പെട്ടെന്നുള്ള വർധനവാണ് ഉണ്ടാകുന്നത്. പല ഗ്രാമീണ മേഖലകളിലും 5 മുതൽ 7 മണിക്കൂർ വരെയും, ചിലയിടങ്ങളിൽ 12 മണിക്കൂർ വരെയും പവർ കട്ട് അനുഭവപ്പെടുന്നതായി സര്‍വേ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൃഷിക്കായുള്ള പമ്പ് സെറ്റുകളുടെ ഉപയോഗവും കൽക്കരി വിതരണത്തിലുണ്ടാകുന്ന താൽക്കാലിക കുറവുകളുമാണ് സംസ്ഥാനത്തെ ബാധിക്കുന്നത്.

4. ഹരിയാന & പഞ്ചാബ്

ഡൽഹിയോട് ചേർന്നുകിടക്കുന്ന ഗുരുഗ്രാം, ഫരീദാബാദ് തുടങ്ങിയ വ്യവസായ നഗരങ്ങളിൽ പവർ കട്ടുകൾ അതിരൂക്ഷമാണ്. പഞ്ചാബിൽ നെൽകൃഷി സീസൺ ആരംഭിക്കുന്നതോടെ വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നു. ഉയർന്ന വ്യവസായ-കാർഷിക ആവശ്യകത നിലനിൽക്കുമ്പോഴും പവർ ലൈനുകളുടെ കാലപ്പഴക്കവും ട്രാൻസ്ഫോർമറുകൾ കരിഞ്ഞുപോകുന്നതുമാണ് വില്ലനാകുന്നത്.

5. കേരളം

പട്ടികയിൽ ആദ്യ സ്ഥാനങ്ങളിലല്ലെങ്കിലും, ദക്ഷിണേന്ത്യയിൽ കടുത്ത ഉഷ്ണതരംഗവും മൺസൂൺ മഴയുടെ കുറവും ഉണ്ടാകുമ്പോൾ കേരളവും പവർ കട്ട് ഭീഷണിയിലാകാറുണ്ട്. ഇലക്ട്രിസിറ്റി ബോർഡ് (KSEB) കേന്ദ്ര ഗ്രിഡിൽ നിന്നുള്ള വൈദ്യുതി ലഭ്യത കുറയുമ്പോൾ, വൈകുന്നേരങ്ങളിൽ (6 PM മുതൽ അർധരാത്രി വരെ) ലോഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നിർബന്ധിതരാകുന്നു. 0 മുതൽ 30 മിനിറ്റ് വരെയും ചില സമയങ്ങളില്‍ അതില്‍ കൂടുതലും ലോഡ് ഷെഡിങ്ങ് ഉണ്ടാകാറുണ്ട്. ആഭ്യന്തര ഉത്പാദനത്തിനായി ജലവൈദ്യുത പദ്ധതികളെ (ഡാമുകളെ) അമിതമായി ആശ്രയിക്കുന്ന കേരളത്തിന് മൺസൂൺ മഴയിലുണ്ടാകുന്ന നേരിയ കുറവ് പോലും വലിയ ആഘാതമുണ്ടാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here