കൂൺ കർഷകർക്ക് പ്രതീക്ഷയായി പുതിയ കൃഷിരീതി!

0
5

ഭുവനേശ്വർ: വൈക്കോൽ ക്ഷാമവും വിലക്കയറ്റവും മൂലം പ്രയാസപ്പെടുന്ന കൂൺ കർഷകർക്ക് ആശ്വാസമായി ശാസ്ത്രലോകത്തുനിന്ന് ഒരു മികച്ച കണ്ടെത്തൽ. സാധാരണയായി ഉപേക്ഷിച്ചു കളയുന്ന വാഴപ്പിണ്ടി ഉപയോഗിച്ച് കുറഞ്ഞ ചെലവിൽ കൂടുതൽ വിളവ് നേടാമെന്ന് തെളിയിച്ചിരിക്കുകയാണ് പ്രൊഫസർ സുശാന്ത കുമാർ ദാസ്.

ഐ.ഐ.ടി ബിരുദങ്ങളും ജർമ്മനിയിലെ ഗവേഷണ പരിചയവുമുള്ള ഈ ഫിസിക്‌സ് അധ്യാപകൻ, സയൻസിനെ കൃഷിയുമായി സമർത്ഥമായി കോർത്തിണക്കിയാണ് ‘മാലിന്യത്തിൽ നിന്ന് സമ്പത്ത്’ എന്ന ആശയം സ്വന്തം വീട്ടുമുറ്റത്ത് യാഥാർത്ഥ്യമാക്കിയത്. ഒഡീഷയിലെ പ്രൊഫ. സുശാന്തയുടെ ഈ നൂതന പരീക്ഷണം കൂൺ കൃഷിരംഗത്ത് വലിയൊരു വിപ്ലവത്തിനാണ് വഴിതുറക്കുന്നത്.

വാഴപ്പിണ്ടി കൃഷിരീതിയും മികച്ച വിളവും

സാധാരണയായി കുലവെട്ടി കഴിഞ്ഞാൽ വാഴപ്പിണ്ടി കർഷകർ എറിഞ്ഞു കളയുകയാണ് പതിവ്. എന്നാൽ ഇതിൻ്റെ ഉള്ളിലെ മൃദുവായ ഭാഗം കൂൺ വളർത്താൻ ഉത്തമമാണെന്ന് പ്രൊഫ. ദാസ് കണ്ടെത്തുകയായിരുന്നു. 10 കിലോഗ്രാം വൈക്കോലിൽ നിന്ന് ശരാശരി 1.5 കിലോ കൂൺ ലഭിക്കുമ്പോൾ, 10 കിലോ വാഴപ്പിണ്ടിയിൽ നിന്ന് 2 കിലോഗ്രാം വരെ വിളവ് ലഭിക്കുമെന്നും പ്രൊഫസര്‍ പ്രതികരിച്ചു.

“വൈക്കോൽ വൻ തുക കൊടുത്ത് വാങ്ങേണ്ട സ്ഥാനത്ത് വാഴപ്പിണ്ടി സൗജന്യമായി ലഭിക്കുന്നത് ഉൽപ്പാദനച്ചെലവ് വൻതോതിൽ കുറയ്ക്കുന്നു. വാഴപ്പിണ്ടി ചെറിയ കഷ്‌ണങ്ങളാക്കി മുറിച്ച് കാർഡ്ബോർഡ് കഷ്‌ണങ്ങളുമായി കലർത്തുന്നു. ഈ മിശ്രിതം കുമ്മായവെള്ളത്തിൽ 24 മണിക്കൂർ മുക്കിവെച്ച ശേഷം പുറത്തെടുത്ത് നനവോടെ തടങ്ങളിൽ നിരത്തുന്നു. ഇതിലേക്ക് കൂൺ സ്പോണും അൽപ്പം കടലമാവും ചേർത്താണ് കൃഷി സജ്ജമാക്കുന്നത്. 10 ദിവസത്തിനകം മൈസീലിയം വളരുകയും 15-20 ദിവസത്തിനുള്ളിൽ വിളവെടുപ്പിന് പാകമാവുകയും ചെയ്യും” അദ്ദേഹം കൃഷിരീതിയെ കുറിച്ച് വിശദീകരിച്ചു.

വീടുകളിൽ തന്നെ കൂൺ വിത്ത് നിർമ്മാണം

കൂൺ കൃഷിക്ക് പുറമെ കർഷകർക്ക് സ്വയം കൂൺ വിത്തുകൾ നിർമ്മിക്കാനുള്ള പരിശീലനവും ഇദ്ദേഹം നൽകുന്നുണ്ട്. ഗോതമ്പ് മണികൾ വേവിച്ച് കുമ്മായം ചേർത്ത് കുപ്പിയിലാക്കി അണുവിമുക്തമാക്കിയ ശേഷം കൂൺ കോശങ്ങൾ ഉൾപ്പെടുത്തിയാണ് മദർ സ്പോൺ (Mother Spawn) തയ്യാറാക്കുന്നത്. പ്രൊഫസറുടെ “profdasegyan” എന്ന യൂട്യൂബ് ചാനൽ വഴിയും നിരവധി പേർ ഈ വിദ്യ പഠിക്കുന്നുണ്ട്.

കർഷകർക്കിടയിൽ തരംഗമാകുന്ന മാതൃക

സംബൽപൂരിലെ പാഡിയാബഹലിൽ നിന്നുള്ള ഖിരോധ് റാണ, ആദിപ ദീപ് തുടങ്ങിയ യുവകർഷകർ പ്രൊഫ. ദാസിൻ്റെ പരിശീലനം നേടി സ്വന്തമായി ഈ രീതിയിൽ കൃഷി ആരംഭിക്കാൻ ഒരുങ്ങുകയാണ്. വൈക്കോൽ ലഭ്യമാകാത്ത പ്രദേശങ്ങളിലെ കർഷകർക്കും ചെറുകിട സംരംഭകർക്കും ഈ വാഴപ്പിണ്ടി കൃഷി രീതി വൻ സാമ്പത്തിക ലാഭമാണ് വാഗ്ദാനം ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here