ന്യൂഡല്‍ഹി: ഹത്രാസില്‍ ദലിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ പ്രധാനമന്ത്രിയുടെ മൗനം അപകടകരമാണെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ഹത്രാസിലെ പെണ്‍കുട്ടിയുടെ നിലവിളിയോ കുടുംബാംഗങ്ങളുടെ കരച്ചിലോ പ്രധാനമന്ത്രി കേട്ടില്ല. മോദി എത്രകാലം മൗനം തുടരുമെന്നും ചന്ദ്രശേഖര്‍ ആസാദ് ചോദിച്ചു. അഞ്ച് മണിക്ക് ഇന്ത്യ ഗേറ്റില്‍ നടക്കുന്ന പ്രതിഷേധ പരിപാടിയില്‍ താന്‍ പങ്കെടുക്കുമെന്നും ആസാദ് വ്യക്തമാക്കി.
‘ ഇത്രയും മനുഷ്യാവകാശ ലംഘനമുണ്ടായിട്ടും പ്രധാനമന്ത്രി ഒരു വാക്ക് മിണ്ടിയോ?ഉത്തര്‍പ്രദേശിലെ ജനങ്ങളാല്‍ തെരഞ്ഞെടുത്ത് പാര്‍ലമെന്‍റിലേക്ക് എത്തിയ വ്യക്തിയാണ് മോദി.അതേ സ്ഥലത്താണ് ഹത്രാസിലെ മകള്‍ അതിക്രൂരമായി കൊല്ലപ്പെട്ടതും. അവള്‍ ബാലത്സംഗത്തിനിരയാവുകയും കൊലചെയ്യപ്പെടുകയുമായിരുന്നു. അവളുടെ അസ്ഥികള്‍ നുറുങ്ങിയിരുന്നു. അവളുടെ മൃതദേഹം ചവറുപോലെ ദഹിപ്പിച്ചുകളഞ്ഞു. ‘ -ആസാദ് ചോദിച്ചു.
പ്രധാനമന്ത്രി പെണ്‍കുട്ടിയുടെ നിലവിളിയോ അവളുടെ കുടുംബത്തിന്റെ രോദനമോ കേട്ടില്ല. പ്രധാനമന്ത്രി താങ്കള്‍ എത്രകാലം ഈ മൗനം തുടരും. നിങ്ങള്‍ ഒന്നിനും ഉത്തരങ്ങള്‍ തന്നില്ല. ഉത്തരങ്ങള്‍ ആവശ്യപ്പെട്ട് ഇന്ന് അഞ്ച് മണിക്ക് ഞങ്ങള്‍ ഇന്ത്യ ഗേറ്റില്‍ ഒത്തുകൂടുന്നു. നിങ്ങളുടെ മൗനം ഞങ്ങളുടെ പെണ്‍മക്കള്‍ക്ക് അപകടമാണ്’. എന്നാല്‍ പ്രധാനമന്ത്രി മറുപടി പറയണം. മറുപടി നല്‍കാനും നീതി ഉറപ്പാക്കാനും കഴിയണം. യോഗി ആദിത്യനാഥ് സര്‍ക്കാറിനെതിരെ എങ്ങനെയാണ് പ്രധാനമന്ത്രിക്ക് അഭിപ്രായം പറയാന്‍ കഴിയുക. അതിനാല്‍ ഉത്തര്‍പ്രദേശില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്നും ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.
പെണ്‍കുട്ടിയുടെ മൃതദേഹം കുടുംബാംഗങ്ങളുടെ അനുമതിയില്ലാതെ ബലംപ്രയോഗത്തിലൂടെ സംസ്കരിച്ച പോലീസ് നിലപാടിനെതിരെ ഇന്ത്യ ഗേറ്റില്‍ പ്രതിഷേധിച്ച ചന്ദ്രശേഖര്‍ ആസാദിനെ പോലീസ് കസ്റ്റഡിയിലെടുത്ത് വീട്ടുതടങ്കലിലാക്കിയിരുന്നു