സി ബി ഐ യെ മറികടക്കാൻ ഓർഡിനൻസ് വേണ്ട, പ്രതിപക്ഷ നേതാവിനെ വ്യക്തിപരമായി ആക്രമിക്കില്ല : ചുവടു മാറ്റി ചവുട്ടി സി.പിഎം

0
98

തിരുവനന്തപുരം: ലൈഫ് മിഷന്‍ തട്ടിപ്പ് അന്വേഷിക്കുന്ന സി.ബി.ഐയെ നിയന്ത്രിക്കാന്‍ ഓര്‍ഡിനന്‍സ് വേണ്ടെന്ന് സി.പി.എം തീരുമാനം. ഇതിനായി ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ അത് ഇപ്പോള്‍ തെറ്റിദ്ധരിക്കപ്പെടുമെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തിയത്. ലൈഫിലെ അന്വേഷണത്തെ തടയാനാണ് ഓര്‍ഡിനന്‍സ് എന്ന് വ്യാഖ്യാനിക്കപ്പെടുമെന്നാണ് നേതാക്കള്‍ യോഗത്തില്‍ പറഞ്ഞത്.

 

ലൈഫ് മിഷന്‍, കൊവിഡ് പ്രതിരോധം എന്നിവയും പാര്‍ട്ടി ചര്‍ച്ച ചെയ്‌തു. സ്വപ്‌ന സുരേഷ് പ്രതിപക്ഷനേതാവിന് ഐഫോണ്‍ നല്‍കിയെന്ന യൂണിടാക്ക് മേധാവിയുടെ വെളിപ്പെടുത്തല്‍ രാഷ്ട്രീയമായി ഏറ്റെടുക്കേണ്ടെന്നാണ് പാര്‍ട്ടി തീരുമാനം. നേതാക്കള്‍ക്ക് ഇതേപ്പറ്റി നിര്‍ദേശം നല്‍കും.വ്യക്തിപരമായ ആക്രമണത്തിന് കോണ്‍ഗ്രസിനെപോലെ സി.പി.എം മുതിരില്ലെന്ന സന്ദേശം നല്‍കുകയാണ് പാര്‍ട്ടി ലക്ഷ്യം. അതേസമയം സമൂഹമാദ്ധ്യമങ്ങളില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പ് അണികള്‍ തുറന്നുകാട്ടുന്നതിനെ പാര്‍ട്ടി തടയില്ല.

 

സി.ബി.ഐ ഉള്‍പ്പടെയുള്ള കേന്ദ്ര ഏജന്‍സികളെ ബാബറി മസ്ജിദ് വിധി ഉദാഹരിച്ചുകൊണ്ട് തുറന്നുകാട്ടി പ്രചാരണം നടത്താനും തീരുമാനമായി. ബാബറി മസ്ജിദ് കേസില്‍ സി.ബി.ഐ കോടതിക്ക് പോലും സി.ബി.ഐയുടെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന കാര്യമാണ് കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ പ്രചാരണ ആയുധമാക്കാന്‍ സി.പി.എം ഉപയോഗിക്കുക. ബാബറി മസ്‌ജിദ് കേസ് വര്‍ഷങ്ങള്‍ അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്താനാവാത്ത സി.ബി.ഐ ഉള്‍പ്പടെയുളള കേന്ദ്രഏജന്‍സികള്‍ എതിരാളികളെ ഒതുക്കാനുള്ള രാഷ്ട്രീയചട്ടുകമാണെന്ന് സി.പി.എം പ്രചാരണം നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here