മലയാള മാസമായ കർക്കടകത്തിലെ അമാവാസി നാളിൽ പിതൃക്കൾക്ക് ആത്മശാന്തിക്കായി നടത്തുന്ന പിതൃതർപ്പണമാണ് കർക്കടക വാവുബലി. ദക്ഷിണായനത്തിലെ ആദ്യത്തെ കറുത്തവാവാണിത്. മരിച്ചുപോയ മുൻഗാമികളെ സ്‌മരിക്കാനും അവർക്ക് അന്നജലങ്ങൾ സമർപ്പിച്ച് കൃതജ്ഞത പ്രകടിപ്പിക്കാനുമുള്ള പ്രധാന ദിവസമായാണ്. ദക്ഷിണായനം പിതൃക്കൾക്കും ഉത്തരായനം ദേവന്മാർക്കും ഉള്ളതാണെന്ന് വിശ്വസിക്കപ്പെടുന്നു.
കർക്കടക വാവ് ദിനത്തിൽ ബലിയിട്ടാൽ പിതൃക്കൾക്ക് ഒരു വർഷത്തേക്ക് ആത്മശാന്തിയും തൃപ്‌തിയും ലഭിക്കുമെന്നാണ് വിശ്വാസം. മാതാപിതാക്കളെയും പൂർവികരെയും ഓർക്കുന്നതിലൂടെ കുടുംബത്തിൽ ഐക്യവും സമാധാനവും ഉണ്ടാകുമെന്ന് ഗരുഡപുരാണം പോലുള്ള ഗ്രന്ഥങ്ങൾ പറയുന്നു. 2026 ഓഗസ്റ്റ് 12 ബുധനാഴ്‌ചയാണ് ഈ വർഷത്തെ വാവ്. പുലർച്ചെ (ബ്രാഹ്മ മൂഹൂർത്തം) 3 മണി മുതൽ കർക്കടക വാവുബലി തർപ്പണം നടത്താവുന്നതാണ്. ഉച്ചക്ക് 12 മണി വരെയാണ് വാവുബലിക്ക് ഉത്തമം.
ബലിയിടുന്ന വിധം
നദീതീരങ്ങളിലും കടൽത്തീരങ്ങളിലും പ്രത്യേക കാർമികരുടെ (തന്ത്രിമാരുടെ/പൂജാരിമാരുടെ) നേതൃത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. പലരും വീടുകളിലും ലളിതമായ രീതിയിൽ ഈ കർമ്മങ്ങൾ അനുഷ്‌ഠിക്കാറുണ്ട്. പ്രശസ്‌തമായ സ്‌നാനഘട്ടങ്ങളിലും ക്ഷേത്രക്കടവുകളിലും ഗയയിലും കാശിയിലും രാമേശ്വരത്തും ബലിയിടുന്നത് വളരെ വിശേഷമായി കണക്കാക്കുന്നു.
തലേന്നു വ്രതമെടുത്ത് അമാവാസി ദിവസം കുളിച്ച് ഈറനണിഞ്ഞു പിതൃക്കളെ മനസിൽ സങ്കൽപ്പിച്ചു ഭക്തിപുരസരം ബലിയിടും. എള്ള് പൂവ് ഉണക്കലരിയും ദർഭപുല്ല് പൂക്കളും ഇലകളും ചന്ദനം, അക്ഷതം (നെല്ലും അരിയും ചേർന്നത്) ഉൾപ്പെടെയുള്ള പൂജാദ്രവ്യങ്ങൾ കൊണ്ടാണ് ബലിതർപ്പണം നടത്തുക.
കർക്കടക വാവുബലി നടക്കുന്ന പ്രധാന കേന്ദ്രങ്ങൾ
വർക്കല പാപനാശം, തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രം, ആലുവ മണപ്പുറം, തിരുനാവായ നാവാമുകുന്ദ ക്ഷേത്രം, പെരുമ്പാവൂർ ചേലാമറ്റം, തിരുനെല്ലി പാപനാശിനി, ചാവക്കാട് പഞ്ചവടി ശ്രീ ശങ്കരനാരായണ ക്ഷേത്രം തുടങ്ങിയവ കേരളത്തിലെ പ്രധാന ബലിതർപ്പണകേന്ദ്രങ്ങളാണ്. ഇതിനു പുറമെ പെരുമ്പാവൂർ ചേലാമറ്റം ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രം, പാഴൂർ പെരും തൃക്കോവിൽ, ശംഖുമുഖം ബീച്ച്, അരുവിപ്പുറം, വെന്നിമല ശ്രീരാമലക്ഷ്‌മണ ക്ഷേത്രം, വയനാട് ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം എന്നിവയാണ് ബലിയ്‌ക്കായി ഏറ്റവും കൂടുതൽ ആളുകൾ എത്തിച്ചേരുന്ന പ്രധാന സ്ഥലങ്ങൾ.
തിരുവല്ലത്ത് ഒരുക്കങ്ങള്‍ പൂര്‍ണം, ഓണ്‍ലൈന്‍ വഴിയും ബുക്ക് ചെയ്യാം
കർക്കടക വാവുബലിയോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളായ തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിലും വർക്കല പാപനാശം കടപ്പുറത്തും വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി. തിരുവല്ലം ക്ഷേത്രത്തിൽ ഇത്തവണ 25,000 ഭക്തരെയും വർക്കല പാപനാശത്ത് 30,000 ഭക്തരെയുമാണ് പ്രതീക്ഷിക്കുന്നത്.
തിരുവല്ലത്ത് തിരക്ക് നിയന്ത്രിക്കുന്നതിനും തർപ്പണം തടസമില്ലാതെ നടത്തുന്നതിനുമായി 20 കൗണ്ടറുകളും 8 സെഗ്മെന്റുകളും 250 പുരോഹിതന്മാരെയും സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ തിരക്ക് ഒഴിവാക്കാൻ ഇതാദ്യമായി ഓൺലൈൻ ടിക്കറ്റ് വിതരണവും ഏർപ്പെടുത്തിയിട്ടുണ്ട്. online.travancoredevaswomboard.org എന്ന വെബ്‌സൈറ്റ് വഴി ബലിതർപ്പണ ചടങ്ങ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. പോർട്ടലിലെ ‘Login’ ഭാഗത്ത് മൊബൈൽ നമ്പറോ പാസ്‌വേർഡോ ഉപയോഗിച്ച് പ്രവേശിക്കാം. മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന ഒടിപി നൽകിയ ശേഷം തുറന്നുവരുന്ന പേജിൽ അപേക്ഷ പൂരിപ്പിക്കേണ്ടതുണ്ട്. പേര്, ഇമെയിൽ ഐഡി, ജനനത്തീയതി, ഭാഷ, വിലാസം, ഫോട്ടോ ഐഡി നമ്പർ തുടങ്ങിയ വിവരങ്ങൾ നൽകുമ്പോൾ 1 എംബിയിൽ താഴെ വലിപ്പമുള്ള (JPG/ JPEG/ PNG/ GIF) ഫോട്ടോ കൂടി അപ്‌ലോഡ് ചെയ്യണം. തുടർന്ന് നിബന്ധനകൾ അംഗീകരിച്ച് ബുക്കിംഗ് പൂർത്തിയാക്കാം.
അതേസമയം, വർക്കല പാപനാശം കടപ്പുറത്ത് തർപ്പണത്തിനെത്തുന്ന ഭക്തരുടെ സുരക്ഷ മുൻനിർത്തി മുഴുവൻ സമയ ലൈഫ് ഗാർഡ് സേവനവും തീരത്ത് പ്രത്യേക സുരക്ഷാ വേലിയും ഉറപ്പാക്കിയിട്ടുണ്ടെന്ന് ദേവസ്വം അധികൃതർ വ്യക്തമാക്കി.
ഭാരതപുഴയോരത്ത് സൗജന്യമായി ബലിയിടാം
കർക്കടക വാവുബലിയോടനുബന്ധിച്ച് ഭാരതപ്പുഴയോരത്ത് സൗജന്യമായി ബലികർമ്മത്തിന് സൗകര്യമൊരുക്കി ഷൊർണൂർ ശാന്തിതീരം ചാരിറ്റബിൾ ട്രസ്റ്റ്. ശാന്തിതീരം സ്‌മാശാനത്തിന് മുമ്പിലായി ഒരുക്കിയിരിക്കുന്ന പ്രത്യേക വേദിയിലാണ് ബലിതർപ്പണ ചടങ്ങുകൾ നടക്കുന്നത്. 1500 പേർക്കുള്ള സാകര്യമാണ് ഇവിടെ ഒരുക്കിയിട്ടുളളത്.
ബലിതർപ്പണത്തിനായി എത്തിച്ചേരുന്നവർക്ക് ആവശ്യമായ പൂജാസാധനങ്ങളും മറ്റ് സൗകര്യങ്ങളും ട്രസ്റ്റിൻ്റെ വകയായി പൂർണമായും സൗജന്യമായാണ് നൽകുന്നത്. ഭാരതപ്പുഴയോരത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് ബലിതർപ്പണ കർമ്മങ്ങൾ നടക്കുന്നത്. പ്രധാനമായും രണ്ട് കാർമിരുടെ നേതൃത്വത്തിലാണ് കർമ്മങ്ങൾ നടക്കുക. ജനങ്ങളുടെ സൗകര്യാർത്ഥം എല്ലാ വർഷവും ട്രസ്റ്റ് ഈ സൽപ്രവൃത്തി മുടങ്ങാതെ ചെയ്‌തുവരുന്നുണ്ടെന്ന് ട്രസ്റ്റ് ഭാരവാഹിയായ ബിജു പറഞ്ഞു.
ആലുവ മണപ്പുറവും പെരിയാറിൻ്റെ തീരവും ഒരുങ്ങി
കർക്കടകവാവ് ബലിതർപ്പണത്തിനായി എറണാകുളം ജില്ലയിലെ പ്രസിദ്ധമായ ആലുവ മണപ്പുറവും പെരിയാറിൻ്റെ തീരങ്ങളും ഒരുങ്ങി. നാളെ പുലർച്ചെ രണ്ട് മണിക്ക് ആരംഭിക്കുന്ന ബലിതർപ്പണ ചടങ്ങുകൾ ഉച്ചവരെ നീണ്ടുനിൽക്കും. ക്ഷേത്രകർമങ്ങൾക്ക് മേൽശാന്തി മുല്ലപ്പിള്ളി ശങ്കരൻ നമ്പൂതിരി കാർമികത്വം വഹിക്കും. ബലിതർപ്പണ ചടങ്ങുകളുടെ സുഗമമായ നടത്തിപ്പിനായി പുലർച്ചെ ഒന്ന് മുതൽ ആലുവ നഗരത്തിലും പരിസരങ്ങളിലും കർശന ഗതാഗത നിയന്ത്രണങ്ങളും ശക്തമായ സുരക്ഷാ സംവിധാനങ്ങളുമാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.
തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ നേതൃത്വത്തിൽ ബലിതർപ്പണത്തിനായി എൺപതോളം ബലിപ്പുരകൾ ഇത്തവണ സജ്ജീകരിച്ചിട്ടുണ്ട്. പെരിയാറിൽ വെള്ളമുയരുകയാണെങ്കിൽ നേരിടാനാവശ്യമായ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായിക്കഴിഞ്ഞു. ഹരിത പ്രോട്ടോക്കോൾ പൂർണമായും പാലിച്ചുകൊണ്ടായിരിക്കും ചടങ്ങുകൾ നടക്കുക. ക്ഷേത്രപരിസരത്ത് കുടിവെള്ളം, ഭക്ഷണം എന്നിവയും വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ അധിക പബ്ലിക് ടാപ്പുകളും ക്രമീകരിച്ചിട്ടുണ്ട്.
സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി ആലുവ മണപ്പുറത്തും പരിസരത്തുമായി മൂന്ന് ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിൽ 450-ഓളം പോലീസുകാരെ വിന്യസിക്കുമെന്ന് റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശൻ പറഞ്ഞു. പെരിയാറിലെ സുരക്ഷ ഉറപ്പാക്കാൻ ഇരുപതോളം ലൈഫ് ഗാർഡുകൾ, സുരക്ഷാ ബോട്ടുകൾ, സ്‌കൂബ ഡൈവിങ് സംഘം, രണ്ട് ഡിങ്കി ബോട്ടുകൾ എന്നിവ സജ്ജമാണ്. 25-ഓളം ഫയർ ഓഫിസർമാരും 40-ഓളം സിവിൽ ഡിഫൻസ് അംഗങ്ങളും മണപ്പുറത്ത് ക്യാമ്പ് ചെയ്യും.
മെട്രോയും കെഎസ്ആർടിസിയും: തീര്‍ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് കൊച്ചി മെട്രോയും കെഎസ്ആർടിസിയും പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്‌ച രാത്രി 11:15-നും 11:30-നും തൃപ്പൂണിത്തുറയിൽ നിന്ന് ആലുവയിലേക്ക് കൊച്ചി മെട്രോ അധിക സർവീസുകൾ നടത്തും. ബുധനാഴ്‌ച രാവിലെ 5:00, 5:30 മണികൾക്ക് ആലുവയിൽ നിന്ന് തൃപ്പൂണിത്തുറയിലേക്കും സർവീസ് ഉണ്ടായിരിക്കും. കെഎസ്ആർടിസി വിവിധ കേന്ദ്രങ്ങളിൽ നിന്ന് അധിക സർവീസുകൾ നടത്തും. പറവൂരിൽ നിന്ന് പുലർച്ചെ 4 മണിക്ക് തന്നെ സർവീസ് ആരംഭിക്കും. തോട്ടയ്ക്കാട്ടുകരയിലും മഹാത്മാഗാന്ധി ടൗൺ ഹാളിന് സമീപവും പ്രത്യേക പാർക്കിംഗ് കേന്ദ്രങ്ങളും കെഎസ്ആർടിസി ഒരുക്കിയിട്ടുണ്ട്.
പ്രധാന ഗതാഗത നിയന്ത്രണങ്ങൾ: മണപ്പുറത്തേക്ക് വരുന്ന എല്ലാ വാഹനങ്ങളും സെമിനാരിപ്പടിയിൽ നിന്ന് ജിസിഡിഎ റോഡ് വഴി ആയുർവേദ ആശുപത്രിക്ക് മുന്നിലൂടെ മണപ്പുറത്തേക്ക് പോകേണ്ടതാണ്. മണപ്പുറത്തുനിന്നുള്ള വാഹനങ്ങൾ ഓൾഡ് ദേശം റോഡ് വഴി പറവൂർ കവലയിലെത്തണം. തോട്ടയ്ക്കാട്ടുകരയിൽ നിന്ന് മണപ്പുറത്തേക്കുള്ള റോഡിൽ യാതൊരുവിധ വാഹന ഗതാഗതവും അനുവദിക്കില്ല.
വരാപ്പുഴ, എടയാർ ഭാഗങ്ങളിൽ നിന്ന് വരുന്ന ബസുകൾ തോട്ടയ്ക്കാട്ടുകരയിൽ ആളുകളെ ഇറക്കി പറവൂർ കവല – യു.സി കോളേജ് വഴി തിരികെ പോകണം. അങ്കമാലി ഭാഗത്ത് നിന്ന് വരുന്ന പ്രൈവറ്റ് ബസ്സുകൾ പറവൂർ കവലയ്ക്ക് സമീപമുള്ള ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ യാത്ര അവസാനിപ്പിക്കേണ്ടതാണ്. ബാങ്ക് കവല മുതൽ മഹാത്മാഗാന്ധി ടൗൺ ഹാൾ റോഡ് വരെ സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടെ യാതൊരുവിധ വാഹന ഗതാഗതവും അനുവദിക്കുന്നതല്ല. കൂടാതെ, ദേശീയപാതയുടെ ഇരുവശങ്ങളിലും റോഡ് സൈഡുകളിലും പാർക്കിങ് കർശനമായി നിരോധിച്ചിട്ടുണ്ട്.
കോഴിക്കോട് ഉരുപുണ്യകാവ് ദുർഗാ ഭഗവതിക്ഷേത്രം ഒരുങ്ങി
കർക്കിടക വാവ് ബലിതർപ്പണത്തിനായി കൊയിലാണ്ടി മൂടാടിയിലെ ഉരുപുണ്യകാവ് ദുർഗാ ഭഗവതിക്ഷേത്രം ഒരുങ്ങി. പുലർച്ചെ മൂന്നു മണിമുതൽ കടൽക്കരയിലെ ക്ഷേത്രബലിത്തറയിൽ ബലികർമങ്ങൾ നടക്കും. ഭക്തരുടെ സൗകര്യാർഥം ബലിത്തറ വിപുലീകരിച്ച് നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കി. കടലിനഭിമുഖമായി സുരക്ഷാവേലികൾ സ്ഥാപിച്ചു.
പൊലീസ്, അഗ്നിരക്ഷാസേന, കോസ്റ്റ്ഗാർഡ്, മെഡിക്കൽ ആംബുലൻസ് സൗകര്യങ്ങൾ എന്നിവയൊരുക്കും. ദേശീയപാതയിലെ ക്ഷേത്രകവാടംമുതൽ രണ്ടുവരിയായിട്ടായിരിക്കും ക്ഷേത്ര ബലിതർപ്പണ കൗണ്ടറിലേക്ക് ഭക്തരെ കടത്തിവിടുക. അവിടെനിന്നുതന്നെ ബലിസാധനങ്ങൾ വാങ്ങി ബലിത്തറയിലേക്ക് കടക്കാം. ബലി കഴിഞ്ഞതിനുശേഷം ക്ഷേത്രക്കുളത്തിൽ കുളിക്കാം. ബലിതർപ്പണത്തിനെത്തുന്ന ഭക്തർക്ക് പ്രഭാതഭക്ഷണവും നൽകും. ഇത്തവണ ഇരുപത്തയ്യായിരത്തിലേറെ പേരെ പ്രതീക്ഷിക്കുന്നതായി ക്ഷേത്ര ഭാരവാഹി എൻ കെ മധു ഇ ടിവി ഭാരതിനോട് പറഞ്ഞു. മുരളി നമ്പീശന്റെ നേതൃത്വത്തിലാണ് കർമ്മങ്ങൾ നടത്തുക.







