ഇന്ത്യൻ സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’യുടെ റിലീസ് തിയതി പുറത്ത്. നിതീഷ് തിവാരിയുടെ സംവിധാനത്തില്‍ പിറക്കുന്ന ഈ ഇതിഹാസ ചിത്രത്തിന്‍റെ തിയതി പുറത്തുവന്നതോടെ ആരാധകരുടെ ആകാംക്ഷയും ആവേശവും വര്‍ധിക്കുകയാണ്.
ഇന്ത്യൻ സിനിമയിൽ ഇതുവരെ കാണാത്ത തരത്തിലുള്ള അതിശയിപ്പിക്കുന്ന ദൃശ്യഭംഗിയും ലോകോത്തര നിലവാരത്തിലുള്ള വിഷ്വല്‍ ക്വാളിറ്റിയുമുണ്ടാകുമെന്ന് തന്നെയാണ് ആരാധകരുടെ വിലയിരുത്തല്‍. ഇതിനകം പുറത്തിറങ്ങിയ പ്രൊമോഷണൽ ദൃശ്യങ്ങളും ട്രെയിലറും വലിയ സ്വീകാര്യത നേടിയതോടെ ചിത്രം റിലീസിന് മുമ്പേ തന്നെ വമ്പൻ ഹൈപ്പാണുള്ളത്.
ചിത്രം 2026 നവംബർ 6-ന്, ദീപാവലി റിലീസായി ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിക്കുന്നത്. റിലീസ് പ്രഖ്യാപനത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിലടക്കം സിനിമയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാവുകയാണ്.
ചിത്രത്തിൽ ഭഗവാൻ ശ്രീരാമനായി ബോളിവുഡ് താരം രൺബീർ കപൂർ എത്തുമ്പോൾ, ലങ്കാധിപൻ രാവണന്‍റെ ശക്തമായ കഥാപാത്രത്തെ യാഷ് ആണ് അവതരിപ്പിക്കുന്നത്. സീതയായി സായ് പല്ലവി, ലക്ഷ്മണനായി രവി ദുബെ, ഹനുമാനായി സണ്ണി ഡിയോൾ എന്നിവരും അണിനിരക്കുന്നു. ഓരോ കഥാപാത്രത്തിന്റെയും ലുക്കുകളും ആദ്യ ദൃശ്യങ്ങളും ഇതിനകം തന്നെ ആരാധകർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്.
പ്രത്യേകിച്ച് രൺബീർ കപൂറിന്‍റെ ശ്രീരാമാവതാരവും യാഷിന്‍റെ രാവണ കഥാപാത്രവും വലിയ പ്രതീക്ഷയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഹനുമാനായി സണ്ണി ഡിയോളിന്‍റെ സാന്നിധ്യവും ചിത്രത്തിന് കൂടുതൽ കരുത്തേകുമെന്നാണ് ആരാധകരുടെ വിലയിരുത്തൽ.
‘രാമായണ’ എന്ന ഇതിഹാസത്തെ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ദൃശ്യവിസ്മയമാക്കി അവതരിപ്പിക്കുകയാണ് അണിയറ പ്രവർത്തകരുടെ ലക്ഷ്യം. ചിത്രത്തിലെ വിഷ്വൽ എഫക്ട്സിന് പിന്നിൽ പ്രവർത്തിക്കുന്നത് എട്ട് തവണ അക്കാദമി അവാർഡ് നേടിയ പ്രമുഖ വിഎഫ്എക്സ് സ്റ്റുഡിയോ ഡി എന്‍ ഇ ജി (DNEG) ആണ്. ഹോളിവുഡ് നിലവാരത്തിലുള്ള സാങ്കേതിക മികവ് ചിത്രത്തിൽ പൂർണമായി പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം.
ആക്ഷൻ രംഗങ്ങളും യുദ്ധദൃശ്യങ്ങളും പ്രകൃതിദൃശ്യങ്ങളും ഉൾപ്പെടെ ഓരോ ഫ്രെയിമും ആഗോള നിലവാരത്തിൽ ഒരുക്കാനാണ് നിർമ്മാതാക്കൾ ലക്ഷ്യമിടുന്നത്. ഇന്ത്യൻ സിനിമ ഇതുവരെ കാണാത്ത തരത്തിലുള്ള ദൃശ്യാനുഭവമായിരിക്കും ചിത്രം സമ്മാനിക്കുകയെന്നാണ് വിലയിരുത്തൽ.
ചിത്രത്തിന്‍റെ മറ്റൊരു വലിയ പ്രത്യേകത സംഗീതമാണ്. ഹോളിവുഡിലെ ഇതിഹാസ സംഗീതസംവിധായകൻ ഹാൻസ് സിമ്മറും ഇന്ത്യൻ സംഗീതത്തിന്‍റെ അഭിമാനമായ എ.ആർ. റഹ്മാനും ആദ്യമായി ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകത ‘രാമായണ’ത്തിനുണ്ട്. ലോക സിനിമയിലെയും ഇന്ത്യൻ സിനിമയിലെയും സംഗീത പാരമ്പര്യങ്ങൾ ഒരുമിക്കുന്ന അപൂർവ അവസരമായാണ് ഈ സഹകരണം വിലയിരുത്തപ്പെടുന്നത്.
തിയേറ്ററുകളിലെത്തുന്നതിന് മുമ്പേ തന്നെ ചിത്രം ബിസിനസ് രംഗത്തും ശ്രദ്ധേയ നേട്ടങ്ങൾ കൈവരിക്കുകയാണ്. ചിത്രത്തിന്‍റെ സംഗീതാവകാശം ടി-സീരീസ് 75 കോടി രൂപയുടെ അഡ്വാൻസ് തുകയ്ക്കാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ മ്യൂസിക് റൈറ്റ്സ് ഇടപാടുകളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
റിലീസിന് മുമ്പേ തന്നെ വിവിധ ഭാഷകളിലെ വിതരണാവകാശങ്ങൾക്കും ഡിജിറ്റൽ അവകാശങ്ങൾക്കും വൻ ആവശ്യമാണ് ഉയരുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
‘ദംഗൽ’, ‘ഛിച്ചോറെ’ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്‌ത നിതേഷ് തിവാരിയാണ് ‘രാമായണ’ ഒരുക്കുന്നത്. ലോകത്തിലെ ഏറ്റവും മഹത്തായ ഇതിഹാസങ്ങളിലൊന്നായ രാമായണത്തെ പുതിയ തലമുറയ്ക്ക് ആധുനിക അവതരണത്തിലൂടെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ചിത്രം ഒരുക്കുന്നത്.
വികാരവും ആത്മീയതയും കുടുംബബന്ധങ്ങളും ത്യാഗവും നീതിയും ധർമ്മവും ദൃശ്യവിസ്മയവുമായി സമന്വയിപ്പിച്ച് ലോകോത്തര നിലവാരത്തിലുള്ള സിനിമാനുഭവം ഒരുക്കാനാണ് സംവിധായകന്‍റെ ശ്രമം.
നമിത് മൽഹോത്രയുടെ ഡി.എൻ.ഇ.ജിയും യാഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഇന്ത്യയിൽ ധർമ പ്രൊഡക്ഷൻസ് വിതരണം ചെയ്യുന്ന ചിത്രം സോണി പിക്‌ചേഴ്സിന്റെ സഹകരണത്തോടെ ലോകമെമ്പാടും വമ്പൻ റിലീസായാണ് എത്തുക.
രണ്ട് ഭാഗങ്ങളിലായി പുറത്തിറങ്ങുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ആദ്യഭാഗമാണ് 2026 നവംബർ 6-ന് റിലീസ് ചെയ്യുന്നത്. രണ്ടാം ഭാഗം 2027 ദീപാവലി റിലീസായാണ് എത്തുക.
റിലീസ് പ്രഖ്യാപനത്തിന് പിന്നാലെ ആരാധകരുടെ പ്രതീക്ഷകൾ ഉയരുകയാണ്. സാങ്കേതിക മികവും വമ്പൻ താരനിരയും സംഗീതവും ദൃശ്യവിസ്മയവും ഒത്തുചേരുന്ന ‘രാമായണം’ ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാകുമോയെന്ന ആകാംക്ഷയിലാണ് സിനിമാ ലോകവും ആരാധകരും.







