നടൻ സൂര്യയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയായ ‘അഗരം ഫൗണ്ടേഷൻ’ വിദ്യാഭ്യാസ രംഗത്ത് കൈവരിച്ച നേട്ടങ്ങളെ അഭിനന്ദിച്ച് നടൻ ആർ. മാധവൻ. അഗരത്തിന്റെ പിന്തുണയോടെ പഠനം പൂർത്തിയാക്കിയ വിദ്യാർഥികളിൽ 51 പേർ ഡോക്ടർമാരും 1800ഓളം പേർ എൻജിനീയർമാരുമായി മാറിയെന്ന വിവരം മാധവൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. സൂര്യയുടെയും അഗരം ഫൗണ്ടേഷന്റെയും പ്രവർത്തനങ്ങളെ ആദരിച്ച് സല്യൂട്ട് ഇമോജിയും അദ്ദേഹം കുറിപ്പിനൊപ്പം ചേർത്തു.
സാമ്പത്തികവും സാമൂഹികവുമായ പരിമിതികൾ കാരണം ഉന്നത വിദ്യാഭ്യാസം നേടാൻ ബുദ്ധിമുട്ടുന്ന വിദ്യാർഥികൾക്ക് വർഷങ്ങളായി കൈത്താങ്ങാകുകയാണ് അഗരം ഫൗണ്ടേഷൻ. കുടുംബത്തിൽനിന്ന് ആദ്യമായി കോളേജിലെത്തുന്ന വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേരുടെ പഠനസ്വപ്നങ്ങൾക്ക് സംഘടന പിന്തുണ നൽകിയിട്ടുണ്ട്. വെല്ലുവിളികൾ നിറഞ്ഞ സാഹചര്യങ്ങളിൽനിന്നെത്തുന്ന കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസവും ഭാവിയും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അഗരത്തിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ പിന്നാക്ക സാഹചര്യങ്ങളിൽനിന്നുള്ള 6000ത്തിലധികം വിദ്യാർഥികൾക്ക് അഗരം ഫൗണ്ടേഷന്റെ സഹായം ലഭിച്ചതായി ചെന്നൈയിൽ നടന്ന ഒരു പരിപാടിയിൽ സൂര്യ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇവരിൽ 51 പേർ ഡോക്ടർമാരും ഏകദേശം 1800 പേർ എൻജിനീയർമാരുമായി മാറിയെന്ന നേട്ടമാണ് ഇപ്പോൾ മാധവൻ പ്രത്യേകം എടുത്തുപറഞ്ഞിരിക്കുന്നത്.
സൂര്യയും മാധവനും തമ്മിലുള്ള ദീർഘകാല സൗഹൃദവും സിനിമാപ്രേമികൾക്ക് പരിചിതമാണ്. മണിരത്നം സംവിധാനം ചെയ്ത് 2004ൽ പുറത്തിറങ്ങിയ ‘ആയുത എഴുത്ത്’ എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. പിന്നീട് മാധവന്റെ ആദ്യ സംവിധാന സംരംഭമായ ‘റോക്കട്രി: ദി നമ്പി ഇഫക്റ്റ്’ എന്ന ചിത്രത്തിൽ സൂര്യ അതിഥി വേഷത്തിലും എത്തിയിരുന്നു. സിനിമയ്ക്കപ്പുറത്തേക്കും നീളുന്ന സൗഹൃദത്തിന്റെ മറ്റൊരു ഉദാഹരണമായാണ് അഗരം ഫൗണ്ടേഷന്റെ നേട്ടത്തെ അഭിനന്ദിച്ചുള്ള മാധവന്റെ കുറിപ്പ് ശ്രദ്ധ നേടുന്നത്.








