ഹൈദരാബാദ് രാജ്യാന്തര ടി20 ക്രിക്കറ്റിലെ സർവ്വകാല റെക്കോർഡുകളും തിരുത്തിക്കുറിച്ച് ബ്രസീൽ വനിതാ ടീം ക്യാപ്റ്റൻ ലോറ കാർഡോസോ. ബിസിഎ കലഹാരി വനിതാ ടി20 ടൂർണമെന്‍റിലാണ് ക്രിക്കറ്റ് ലോകം ഇന്നുവരെ കാണാത്ത ബൗളിംഗ് പ്രകടനം അരങ്ങേറിയത്. ലെസോത്തോയ്‌ക്കെതിരെ നടന്ന മത്സരത്തിൽ വെറും മൂന്ന് ഓവറുകളിൽ നിന്ന് 4 റൺസ് മാത്രം വഴങ്ങി 9 വിക്കറ്റുകൾ വീഴ്ത്തിയാണ് ലോറ ലോകത്തെ അമ്പരപ്പിച്ചത്.
പുരുഷ-വനിതാ ടി20 ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായാണ് ഒരു താരം ഒരൊറ്റ ഇന്നിങ്‌സിൽ ഒൻപത് വിക്കറ്റുകൾ സ്വന്തമാക്കുന്നത്. 2025ൽ മ്യാൻമറിനെതിരെ 7 റൺസിന് 8 വിക്കറ്റ് വീഴ്ത്തിയ ഭൂട്ടാൻ താരം സോനം യെഷെയുടെ പുരുഷ വിഭാഗത്തിലെ റെക്കോർഡും, മംഗോളിയക്കെതിരെ ഒരു റൺസ് പോലും വഴങ്ങാതെ 7 വിക്കറ്റ് നേടിയ ഇന്തോനേഷ്യൻ താരം റോഹ്‌മാലിയയുടെ വനിതാ വിഭാഗത്തിലെ റെക്കോർഡുമാണ് ഇതോടെ പഴങ്കഥയായത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ബ്രസീൽ വനിതകൾ നിശ്ചിത ഓവറിൽ 202 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. 41 പന്തിൽ പുറത്താകാതെ 69 റൺസ് നേടിയ മോണിക്ക മച്ചാഡോയും, 35 പന്തിൽ 48 റൺസ് നേടിയ റോബർട്ട ആവറിയുമാണ് ബ്രസീൽ ഇന്നിങ്‌സിന് കരുത്തായത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ലെസോത്തോയ്ക്ക് ലോറയുടെ തീപ്പൊരി ബൗളിംഗിന് മുന്നിൽ മറുപടിയുണ്ടായിരുന്നില്ല. തന്‍റെ രണ്ടാമത്തെ ഓവറിൽ ഹാട്രിക് നേടിയ ലോറ, അതേ ഓവറിൽ തന്നെ ആകെ നാല് വിക്കറ്റുകൾ പിഴുതു. തൊട്ടടുത്ത ഓവറിൽ വീണ്ടും ആഞ്ഞടിച്ച താരം വിക്കറ്റ് വേട്ട ഏഴായി ഉയർത്തി. മൂന്നാം ഓവറിൽ രണ്ട് വിക്കറ്റുകൾ കൂടി വീഴ്ത്തിയാണ് ലോറ 9 വിക്കറ്റ് നേട്ടം പൂർത്തിയാക്കിയത്. വെറും 6.2 ഓവറിൽ 13 റൺസിന് ലെസോത്തോ ഇന്നിങ്‌സ് അവസാനിച്ചു. ലോറ കാർഡോസോ എടുത്ത 9 വിക്കറ്റുകൾക്ക് പുറമെ ബാക്കിയുള്ള ഒരു വിക്കറ്റ് മരിയാനെ ആർതർ സ്വന്തമാക്കി. ഇതോടെ 189 റൺസിന്‍റെ കൂറ്റൻ വിജയമാണ് ബ്രസീൽ ആഘോഷിച്ചത്.
ടൂർണമെന്‍റിലുടനീളം ബ്രസീൽ അതിശക്തമായ പ്രകടനമാണ് കാഴ്ചവെക്കുന്നത്. മറ്റൊരു മത്സരത്തിൽ സാംബിയ വനിതാ ടീമിനെ 174 റൺസിനാണ് അവർ പരാജയപ്പെടുത്തിയത്. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ മികവ് പുലർത്തുന്ന ബ്രസീൽ, ലോറ കാർഡോസോയുടെ ഈ ചരിത്ര നേട്ടത്തോടെ ടൂർണമെന്‍റിലെ ഏറ്റവും കരുത്തുറ്റ ടീമായി മാറിയിരിക്കുകയാണ്.






