ഇറാനുമായി കരാറിന് തയ്യാറെന്ന് ഡൊണാൾഡ് ട്രംപ്

0
32
ഇറാനുമായി കൂടുതൽ സൈനിക സംഘർഷങ്ങളിലേക്ക് പോകുന്നതിനേക്കാൾ ഒരു നയതന്ത്ര കരാറിലെത്താനാണ് താൻ ആഗ്രഹിക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ടെഹ്‌റാനെ ഒരിക്കലും ആണവായുധങ്ങൾ വികസിപ്പിക്കാൻ അനുവദിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം തന്നെ സൈനിക നടപടികളുടെ സാധ്യതയും തള്ളിക്കളഞ്ഞില്ല. ലാസ് വെഗാസിൽ നടന്ന ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.
“നമ്മൾ അവരെ തോൽപ്പിക്കുകയാണ്. ആരെയും കൊല്ലാൻ ഞാൻ ആഗ്രഹിക്കാത്തതിനാൽ ഒരു കരാറിൽ ഏർപ്പെടുന്നതാണ് എനിക്ക് നല്ലത്,” ട്രംപ് വ്യക്തമാക്കി. അമേരിക്കയുടെ സമീപകാല സൈനിക നീക്കങ്ങൾ ഇറാനെ കാര്യമായി ദുർബലപ്പെടുത്തിയെങ്കിലും ചർച്ചകൾക്കാണ് താൻ മുൻഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വളരെ വലിയൊരു സൈനിക ആക്രമണത്തിന് രാജ്യം തയാറെടുത്തിരുന്നുവെന്നും, എന്നാൽ ഇറാൻ ചർച്ചകൾക്കായി അഭ്യർത്ഥിച്ചതിനെത്തുടർന്നാണ് അത് നിർത്തിവെച്ചതെന്നും ട്രംപ് വെളിപ്പെടുത്തി. “രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ ആക്രമണത്തിന് ഞങ്ങൾ ഒരുങ്ങിയിരുന്നു. അവർ എന്നെ വിളിച്ച് ‘ദയവായി അത് ചെയ്യരുത്, നമുക്ക് സംസാരിക്കാം’ എന്ന് പറഞ്ഞു. ഇപ്പോൾ ഞങ്ങൾ ചർച്ചയിലാണ്. എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം.” അദ്ദേഹം പറഞ്ഞു. വെനിസ്വേലയിലെ യുഎസ് നടപടികളുമായി ഇറാൻ വിഷയത്തെ താരതമ്യം ചെയ്ത ട്രംപ്, രണ്ട് സാഹചര്യങ്ങളിലും വാഷിംഗ്ടണിന് മേൽക്കൈ ലഭിച്ചതായും അവകാശപ്പെട്ടു.അതിനിടയിൽ, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പൽ പാതകളിലൊന്നായ ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട് ഒമാനുമായി പ്രത്യേക കരാറിലെത്തുന്നതിൽ പുരോഗതിയുണ്ടെന്ന് ഇറാൻ അറിയിച്ചു.
കരാർ തയ്യാറാക്കുന്നതിന്റെ അവസാന ഘട്ടത്തിലാണെന്നും ചില ബാഹ്യ കക്ഷികൾ തടസ്സപ്പെടുത്തുന്നില്ലെങ്കിൽ സംയുക്ത പ്രസ്താവന ഉടൻ പുറപ്പെടുവിക്കുമെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായിൽ ബഗായ് വ്യക്തമാക്കി. ഇരു രാജ്യങ്ങളും കരാർ അന്തിമമാക്കുന്നതിന്റെ വക്കിലാണെന്നും മിക്ക പ്രശ്‌നങ്ങളും പരിഹരിച്ചതായും ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഗാരിബാബാദി അറിയിച്ചു. എന്നാൽ, ഒമാനുമായുള്ള ചർച്ചകൾ തികച്ചും ഉഭയകക്ഷിപരമാണെന്നും തന്ത്രപ്രധാനമായ ജലപാതയെക്കുറിച്ച് അമേരിക്കയുമായി ചർച്ചകൾ നടത്തുന്നില്ലെന്നുമാണ് ഇറാൻ ഔദ്യോഗികമായി നിലപാട് വ്യക്തമാക്കിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here