സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; കനത്ത മഴയിലും ഉരുൾപൊട്ടലിലുമായി മൂന്ന് മരണം

0
29

സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടം. ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടി. രണ്ട് ജില്ലകളിലായി മൂന്ന് പേർ മരിച്ചു. പത്തനംതിട്ട റാന്നി ടൗണിൽ വെള്ളം കയറി. എട്ട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്.

അതിശക്തമായ മഴയിൽ ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ കനത്ത നാശം. 3 പേർ മരിച്ചു. അടൂർമലയിൽ ഉരുൾപൊട്ടി വീട്ടമ്മ മരിച്ചു. പയ്യാനിത്തോട്ടത്ത് വീടിന് മുകളിൽ മണ്ണിടിഞ്ഞ് യുവാവിന് ദാരുണാന്ത്യം. അമ്മയെ കാണാതായി. കോലാഹലമേട്ടിൽ മണ്ണിടിഞ്ഞ് 72 കാരനും മരിച്ചു.

എറണാകുളം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു. പലയിടങ്ങളിലും കനത്ത മഴയും ഓറഞ്ച് അലർട്ടും നിലനിൽക്കുന്നതിനെ തുടർന്നാണ് തീരുമാനം. പെരിയാറിലും ജലനിരപ്പ് ഉയർന്നു. മൂന്നടിയോളം ആണ് ജലനിരപ്പ് ഉയർന്നത്. ആലുവ ശിവക്ഷേത്രത്തിൽ ഉൾപ്പെടെ വെള്ളം കയറി.

വയനാട് ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും മുന്നറിയിപ്പുമായി ജില്ലാഭരണകൂടം രംഗത്തെത്തി. ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളും വിനോദസഞ്ചാരികളും അതീവ ജാഗ്രത പാലിക്കണം.അത്യാവശ്യ ആവശ്യങ്ങള്‍ ഒഴികെ വയനാട്ടിലേക്കുള്ള യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

നിലവില്‍ ജില്ലയില്‍ ഉള്ള എല്ലാ വിനോദസഞ്ചാരികളും സുരക്ഷിതമായ താമസസ്ഥലങ്ങളില്‍ തന്നെ തുടരുകയും അനാവശ്യ യാത്രകളും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സന്ദര്‍ശനവും ഒഴിവാക്കുകയും വേണം.ജില്ലാ ഭരണകൂടവും ദുരന്തനിവാരണ അതോറിറ്റിയും നല്‍കുന്ന ഔദ്യോഗിക നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

അതിതീവ്ര മഴ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ സുരക്ഷ പരിഗണിച്ച് കാസർഗോഡ് ജില്ലയിലെ റാണിപുരം ഹിൽ സ്റ്റേഷൻ അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രവേശനം നിരോധിച്ചു. പുഴകളും തോടുകളിലുമുൾപ്പെടെ എല്ലാ ജലാശയങ്ങളിലും വിനോദ പ്രവർത്തനങ്ങൾ നിരോധിച്ചിട്ടുണ്ട്.

ശക്തമായ മണ്ണിടിച്ചിലിനെ തുടർന്ന് തിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു. കല്ലാർ – പൊന്മുടി റോഡിൽ പന്ത്രണ്ടാം വളവിൽ മണ്ണിടിച്ചിൽ ഉണ്ടായി. ഇരുപത്തിരണ്ടാം വളവിന് സമീപത്തും മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്.

ഇന്നലെ രാത്രി മലയോര മേഖലയിൽ ഉണ്ടായ ശക്തമായ മഴയെ തുടർന്നാണ് പൊന്മുടിയിൽ മണ്ണിടിച്ചിൽ ഉണ്ടായത്. ഇന്ന് പുലർച്ചെയാകാം മണ്ണിടിച്ചിൽ ഉണ്ടായതെന്നാണ് നിഗമനം. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ട്. വിതുരയിൽ നിന്ന് ഫയർഫോഴ്സും എത്തി. മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതവും തടസപ്പെട്ടു.

കനത്ത മഴയുടെ സാഹചര്യത്തിൽ പാലക്കാട്ടെ മലയോര മേഖലയിലും സഞ്ചാരികൾക്ക് യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി ഉൾപ്പടെ മലയോര മേഖലയിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചു. മലമ്പുഴയിലെ കവയിലും സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചതായി ജില്ലാ കളക്‌ടർ അറിയിച്ചു. അച്ചൻകോവിൽ മേഖലയിലെ ഉൾവനത്തിലും കനത്ത മഴയാണ് പെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here