കൊല്ലം – കോട്ടയം – എറണാകുളം മെമുവിൽ ഇനി 12 കോച്ചുകൾ; തിങ്കളാഴ്ച മുതൽ സർവീസ്

0
4

  • കൊല്ലം – കോട്ടയം – എറണാകുളം മെമു തിങ്കളാഴ്ച മുതൽ 12 കോച്ചുകളുമായി സർവീസ് നടത്തും.
  • ഇടപടൽ നടത്തി കൊടിക്കുന്നിൽ സുരേഷ് എംപി.
  • തീരുമാനം കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ടതിന് പിന്നാലെ.
കൊല്ലം – കോട്ടയം – എറണാകുളം മെമു തിങ്കളാഴ്ച മുതൽ 12 കോച്ചുകളുമായി സർവീസ് നടത്തും.
തിരുവനന്തപുരം: യാത്രക്കാരുടെ ദുരിതത്തിന് താൽക്കാലികമായി വിരാമമിട്ട് കൊല്ലം – കോട്ടയം – എറണാകുളം മെമു തിങ്കളാഴ്ച മുതൽ 12 കോച്ചുകളുമായി സർവീസ് നടത്തും. കൊല്ലം – കോട്ടയം – എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന മെമു ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം എട്ടായി കുറച്ചതിനെ തുടർന്ന് യാത്രക്കാർ നേരിട്ടിരുന്ന കടുത്ത യാത്രാക്ലേശത്തിന് കൊടിക്കുന്നിൽ സുരേഷ് എംപി നടത്തിയ അടിയന്തര ഇടപെടലാണ് വിജയം കണ്ടത്.

കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ കൊടിക്കുന്നിൽ സുരേഷ് എംപി നേരിൽ കണ്ട് വിഷയം ശക്തമായി ഉന്നയിച്ചതിനെ തുടർന്ന് അധിക കോച്ചുകൾ അടിയന്തിരമായി ലഭ്യമാക്കാൻ റെയിൽവേ ആസ്ഥാനത്തുനിന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്ക് അടിയന്തര നിർദേശം നൽകി.

തിരുവനന്തപുരം റെയിൽവേ ഡിവിഷനിലെ മെമു കോച്ചുകളുടെ സാങ്കേതിക തകരാറും സ്പെയർ റേക്കിന്റെ അഭാവവും മൂലമാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൊല്ലം – കോട്ടയം – കൊല്ലം മെമു ട്രെയിൻ എട്ട് കോച്ചുകളുമായി സർവീസ് നടത്തിയിരുന്നത്. ഇതുമൂലം വിദ്യാർഥികൾ, വനിതാ യാത്രക്കാർ, ഓഫീസ് ജീവനക്കാർ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ ദിവസേന അതിരൂക്ഷമായ തിരക്കിലും ദുരിതത്തിലുമായിരുന്നു.

പാർലമെന്റ് സമ്മേളനത്തിനിടെ കേന്ദ്ര റെയിൽവേ മന്ത്രിയെ സന്ദർശിച്ച കൊടിക്കുന്നിൽ സുരേഷ് എംപി, നിലവിലെ സാഹചര്യം വിശദീകരിക്കുകയും യാത്രക്കാരുടെ സുരക്ഷയും യാത്രാസൗകര്യവും ഗുരുതരമായി ബാധിക്കപ്പെടുന്ന സാഹചര്യത്തിൽ അടിയന്തരമായി അധിക കോച്ചുകൾ അനുവദിക്കണമെന്നും തിരുവനന്തപുരം റെയിൽവേ ഡിവിഷന് സ്ഥിരമായി ഒരു സ്പെയർ മെമു റേക്ക് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.

എംപിയുടെ ആവശ്യത്തിന് അനുകൂലമായി റെയിൽവേ ബോർഡ് ഇടപെട്ടതിനെ തുടർന്ന് 12 കോച്ചുകളാക്കി സർവീസ് പുനഃസ്ഥാപിക്കുന്നതിനാവശ്യമായ അധിക കോച്ചുകൾ ശനിയാഴ്ച കൊല്ലത്ത് എത്തും. സാങ്കേതിക നടപടികൾ പൂർത്തിയായാൽ ഞായറാഴ്ച മുതൽ തന്നെ 12 കോച്ചുകളോടെ സർവീസ് ആരംഭിക്കാനാണ് ശ്രമം. അല്ലാത്തപക്ഷം തിങ്കളാഴ്ച മുതൽ ഓഫീസ് ദിനത്തിൽ പൂർണമായും 12 കോച്ചുകളോടെയായിരിക്കും മെമു ട്രെയിനുകൾ സർവീസ് നടത്തുകയെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.

യാത്രക്കാരുടെ ആവശ്യത്തിന് പരിഹാരം കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും, തിരുവനന്തപുരം റെയിൽവേ ഡിവിഷന് സ്ഥിരമായി ഒരു സ്പെയർ മെമു റേക്ക് അനുവദിക്കുന്നതടക്കമുള്ള വിഷയങ്ങളിൽ തുടർന്നും ശക്തമായ ഇടപെടൽ നടത്തുമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here