ന്യൂഡൽഹി: ഡിജിറ്റൽ ഇന്ത്യ പദ്ധതികൾ രാജ്യത്ത് വലിയ മുന്നേറ്റം ഉണ്ടാക്കുമ്പോഴും സൈബർ തട്ടിപ്പുകളിലൂടെ ഇന്ത്യക്കാർക്ക് നഷ്‌ടമാകുന്നത് കോടിക്കണക്കിന് രൂപ. 2024ൽ 22,845 കോടി രൂപയും 2025ൽ 22,495 കോടി രൂപയുമാണ് സൈബർ കുറ്റകൃത്യങ്ങളിലൂടെ രാജ്യത്തിന് നഷ്‌ടമായത്. അടിസ്ഥാന സൗകര്യ വികസനങ്ങളായ റോഡുകൾ, തുറമുഖങ്ങൾ, ഫാക്ടറികൾ എന്നിവയുടെ നിർമാണത്തിന് നൽകുന്ന അതേ പ്രാധാന്യം സൈബർ സുരക്ഷയ്ക്കും നൽകിയില്ലെങ്കിൽ 2047ഓടെ വികസിത ഇന്ത്യയെന്ന ലക്ഷ്യം കൈവരിക്കുക അസാധ്യമാകുമെന്ന് വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നു.
അതിർത്തി കടന്നെത്തുന്ന ഭീഷണി
ആഗോളതലത്തിൽ ഡിജിറ്റൽ പണമിടപാടുകളിൽ വലിയ കുതിപ്പാണ് ഇന്ത്യ നടത്തുന്നത്. പ്രതിദിനം 66 കോടി യുപിഐ ഇടപാടുകൾ രാജ്യത്ത് നടക്കുന്നുണ്ടെന്നാണ് കണക്കുകൾ. എന്നാൽ ഇതിന് സമാന്തരമായി വലിയൊരു സൈബർ ക്രിമിനൽ ശൃംഖലയും വേരുറപ്പിക്കുകയാണ്. മ്യാൻമർ, ലാവോസ്, തായ്‌ലൻഡ് അതിർത്തികളിലെ ‘ഗോൾഡൻ ട്രയാംഗിൾ’, കംബോഡിയ-തായ്‌ലൻഡ് അതിർത്തികൾ എന്നിവ കേന്ദ്രീകരിച്ച് ചൈനീസ് സംഘങ്ങളുടെ നേതൃത്വത്തിലാണ് ഇന്ത്യക്കാർക്ക് നേരെയുള്ള സൈബർ ആക്രമണങ്ങൾ പ്രധാനമായും നടക്കുന്നത്. ഡിജിറ്റൽ അറസ്റ്റ്, നിക്ഷേപ തട്ടിപ്പുകൾ എന്നിവയിലൂടെയാണ് സാധാരണക്കാരുടെ പണം ഇവർ കവരുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ കണക്കുകൾ പ്രകാരം 2021ൽ 551 കോടി രൂപയായിരുന്ന സൈബർ തട്ടിപ്പ് നഷ്‌ടമാണ് 2024ൽ 22,845 കോടിയായി കുതിച്ചുയർന്നത്.
ആശങ്കയായി വിദേശ ഇടപെടലുകൾ
2022 നവംബറിൽ ഡൽഹി എയിംസിലുണ്ടായ റാൻസംവെയർ ആക്രമണം രാജ്യത്തെ സൈബർ സുരക്ഷാ വീഴ്‌ചയുടെ വലിയ ഉദാഹരണമാണ്. രണ്ടാഴ്‌ചയോളം ആശുപത്രി സേവനങ്ങൾ സ്‌തംഭിക്കുകയും മൂന്ന് കോടി രോഗികളുടെ വിവരങ്ങൾ ചോരുകയും ചെയ്‌ത ആക്രമണത്തിന് പിന്നിൽ ചൈന, ഹോങ്കോങ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘങ്ങളാണെന്ന് ദേശീയ അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു.
ഇതിന് പുറമെ തീവ്രവാദ വിരുദ്ധ സ്ക്വാഡിൻ്റെ (എടിഎസ്) പേരിൽ പൗരന്മാരിൽ നിന്ന് നൂറ് കോടി രൂപ തട്ടിയ സംഘത്തെ ഡൽഹി സ്പെഷ്യൽ സെൽ പൊലീസ് ഈ വർഷം ജനുവരിയിൽ പിടികൂടിയിരുന്നു. പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ സംഘത്തിന് തായ്‌വാനുമായും ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. ചൈനീസ് നിർമിത ബാറ്ററി മാനേജ്‌മെൻ്റ് ആപ്പുകൾ വഴി ഇ-റിക്ഷകളുടെ പ്രവർത്തനം തടസ്സപ്പെട്ടതിനെ തുടർന്ന് ഡൽഹിയിൽ ഗതാഗതക്കുരുക്ക് ഉണ്ടായതും വലിയ സുരക്ഷാ ഭീഷണിയായാണ് വിലയിരുത്തപ്പെടുന്നത്. പിന്നീട് ഈ ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്യുകയായിരുന്നു.
എഐ തീർക്കുന്ന പ്രതിസന്ധി
നിർമിത ബുദ്ധിയുടെ (എഐ) കടന്നുവരവ് സൈബർ കുറ്റകൃത്യങ്ങളുടെ വ്യാപ്തി വർധിപ്പിച്ചിട്ടുണ്ട്. ഡീപ്ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് അന്വേഷണ ഉദ്യോഗസ്ഥരായും ബന്ധുക്കളായും വേഷമിട്ട് തത്സമയം വീഡിയോ കോളുകൾ ചെയ്താണ് പലപ്പോഴും തട്ടിപ്പ് നടത്തുന്നത്. സൈബർ സുരക്ഷയെക്കുറിച്ചുള്ള അറിവില്ലാതെയുള്ള ഡിജിറ്റൽ സാക്ഷരത വലിയ അപകടമാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പ്രത്യേകിച്ച് രാജ്യത്തെ രണ്ടും മൂന്നും നിര നഗരങ്ങളിൽ ഇൻ്റർനെറ്റ് ഉപയോഗിക്കുന്നവരിൽ കൃത്യമായ അവബോധം സൃഷ്ടിക്കുന്നതിനൊപ്പം സൈബർ തട്ടിപ്പുകൾ തടയാൻ അഞ്ച് നിർദേശങ്ങളും വിദഗ്‌ധര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.
പ്രതിരോധിക്കാൻ അഞ്ചിന കർമപദ്ധതി
സർക്കാർ സംവിധാനങ്ങളിൽ സൈബർ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകുക എന്നതാണ് ആദ്യ നിർദേശം. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്റർ (ഐഫോർസി), സെർട്ട്-ഇൻ, റിസർവ് ബാങ്ക്, ഇൻ്റലിജൻസ് ഏജൻസികൾ, സംസ്ഥാന പൊലീസ് എന്നിവയ്ക്കിടയിൽ തത്സമയ ഏകോപനം ഉറപ്പാക്കണം. രണ്ടാമതായി, സാക്ഷരതയ്ക്ക് നൽകിയ അതേ മുൻഗണനയോടെ സർക്കാർ, സ്വകാര്യ മേഖലകളിലെ ജീവനക്കാരുടെ പരിശീലന പരിപാടികളിലും പാഠ്യപദ്ധതിയിലും സൈബർ സുരക്ഷ അവിഭാജ്യ ഘടകമാക്കണം.
സൈബർ ഫോറൻസിക് രംഗത്ത് വൈദഗ്ധ്യമുള്ള ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കുക എന്നതാണ് മൂന്നാമത്തെ നിർദേശം. നിർമിത ബുദ്ധിയുടെ സഹായത്തോടെ തട്ടിപ്പ് അക്കൗണ്ടുകൾ (മ്യൂൾ അക്കൗണ്ടുകൾ) തത്സമയം കണ്ടെത്തി കുറ്റകൃത്യങ്ങൾ മുൻകൂട്ടി തടയാനുള്ള സംവിധാനങ്ങൾ ഒരുക്കുക എന്നതാണ് നാലാമത്തെ കാര്യം. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തട്ടിപ്പ് കേന്ദ്രങ്ങൾ ഇല്ലാതാക്കാൻ അതത് രാജ്യങ്ങളുമായി കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാറുകൾ, ഇൻ്റർപോൾ ഏകോപനം, നയതന്ത്ര സമ്മർദം എന്നിവ ശക്തമാക്കണമെന്നും വിദഗ്‌ധർ നിർദേശിക്കുന്നു.






