തിരുവനന്തപുരം: ട്രോളിങ് നിരോധനം തുടരുന്നതിനാൽ മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും 52 ദിവസത്തേക്ക് സൗജന്യ റേഷൻ. ട്രോളിങ് നിരോധനകാലത്ത് തൊഴിലില്ലായ്മ നേരിടുന്ന യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളിലെ തൊഴിലാളികൾ, പീലിങ് തൊഴിലാളികൾ, മത്സ്യമേഖലയിലെ അനുബന്ധ തൊഴിലാളികൾ എന്നിവർക്ക് 52 ദിവസത്തേക്ക് സൗജന്യ റേഷൻ വിതരണം ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ 30 ലക്ഷം രൂപയുടെ ഭരണാനുമതി നൽകി.
ട്രോളിങ് നിരോധനകാലത്ത് വരുമാനം നഷ്ടപ്പെടുന്ന തൊഴിലാളികൾക്ക് ആശ്വാസം നൽകുക, സ്വകാര്യ പണമിടപാടുകാരുടെ ചൂഷണത്തിൽ നിന്ന് സംരക്ഷിക്കുക, മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് പോഷകാഹാര പിന്തുണ ഉറപ്പാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.
മത്സ്യബന്ധന തുറമുഖവകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം അനുവദിച്ചിരിക്കുന്ന തുക പ്രകാരം പദ്ധതി നടപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മത്സ്യബന്ധന വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. ട്രോളിങ് നിരോധനം തുടരുന്ന സമയത്ത് സംസ്ഥാന സർക്കാരിൻ്റെ ഭാഗത്ത് നിന്നും റേഷൻ ഉൾപ്പെടെയുള്ള സഹായങ്ങൾ നൽകണമെന്ന ആവശ്യം മത്സ്യത്തൊഴിലാളികളുടെ ഭാഗത്ത് നിന്നും ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് 52 ദിവസത്തേക്ക് സൗജന്യ റേഷൻ അനുവദിക്കാനുള്ള തീരുമാനം ഉണ്ടായത്.
വിഴിഞ്ഞത്ത് നിന്നുള്ള മത്സ്യത്തൊഴിലാളികളെ സുരക്ഷിതരായി കണ്ടെത്തി
വിഴിഞ്ഞം തീരത്ത് നിന്ന് മത്സ്യബന്ധനത്തിനായി കടലിൽ പോയി കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളെയും സുരക്ഷിതരായി കണ്ടെത്തി. ഇവരെ ഉച്ചയ്ക്ക് ഏകദേശം 1.30ഓടെ വിഴിഞ്ഞം തീരത്തെത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.
വെട്ടുകാട് സ്വദേശികളായ സനു (37), റോബിൻസൺ (55), വലിയവെളി സ്വദേശി ബാബു (40) എന്നിവർ ജൂൺ 28ന് വൈകിട്ട് 3 മണിയോടെയാണ് മത്സ്യബന്ധനത്തിനായി കടലിൽ പോയത്. ജൂൺ 29ന് പുലർച്ചെ തിരികെ എത്തേണ്ടിയിരുന്നെങ്കിലും എത്താതിരുന്നതിനെ തുടർന്ന് കോസ്റ്റൽ പോലീസിന്റെ വിവരത്തിന്റെ അടിസ്ഥാനത്തിൽ മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗം തിരച്ചിൽ ആരംഭിച്ചു.
കാണാതായവരുടെ ബന്ധുക്കളെ ഉൾപ്പെടുത്തി രാത്രി വൈകിയും തിരച്ചിൽ നടത്തിയിരുന്നു. കോസ്റ്റ് ഗാർഡും സമാന്തരമായി തെരച്ചിൽ നടത്തി. കടലിന്റെ ഒഴുക്ക് തെക്കൻ ദിശയിലായതിനാൽ തമിഴ്‌നാട്ടിലെ കുളച്ചൽ, കന്യാകുമാരി, തേങ്ങാപ്പട്ടണം മേഖലകളിലേക്കും വിവരം കൈമാറി അവിടെയും തിരച്ചിൽ ശക്തമാക്കിയിരുന്നു.
ഇന്ന് പുലർച്ചെ മുതൽ മറൈൻ എൻഫോഴ്സ്മെന്റ്, കോസ്റ്റ് ഗാർഡ്, മത്സ്യത്തൊഴിലാളികൾ എന്നിവരുടെ നേതൃത്വത്തിൽ വീണ്ടും വ്യാപക തിരച്ചിൽ ആരംഭിച്ച ശേഷമാണ് മൂന്ന് പേരെയും സുരക്ഷിതരായി കണ്ടെത്താനായത്.








