നീറ്റ്-യുജി 2026 പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ആപ്പ് താൽക്കാലികമായി ബ്ലോക്ക് ചെയ്യാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്ത് മെസേജിംഗ് പ്ലാറ്റ്‌ഫോമായ ടെലഗ്രാം ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. സർക്കാരിന്റെ ഈ നടപടി ദശലക്ഷക്കണക്കിന് വരുന്ന സാധാരണ ഉപയോക്താക്കളെ ദോഷകരമായി ബാധിക്കുമെന്ന് ടെലഗ്രാം വാദിച്ചു. ജസ്റ്റിസ് തേജസ് കരിയയുടെ മുമ്പാകെയാണ് ഈ വിഷയം പരാമർശിച്ചത്. ഹർജി ഇന്ന് വൈകിട്ട് പരിഗണിക്കാമെന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ട്.
നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (എൻടിഎ) ശുപാർശകളുടെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ ജൂൺ 22 വരെ ടെലിഗ്രാമിൽ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയതിന് ഒരു ദിവസത്തിന് ശേഷമാണ് ഹർജി നൽകിയിരിക്കുന്നത്. ജൂൺ 21 ലെ നീറ്റ്-യുജി പുനഃപരീക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങളും ആശങ്കകളുമാണ് ഇതിന് പിന്നിലുള്ളത്. തട്ടിപ്പ് റാക്കറ്റുകൾ, വ്യാജ പേപ്പർ ചോർച്ച അവകാശവാദങ്ങൾ, ഉദ്യോഗാർത്ഥികളെ ലക്ഷ്യം വച്ചുള്ള തെറ്റായ വിവരങ്ങൾ എന്നിവ തടയുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്ന് സർക്കാർ വാദിച്ചു.എൻടിഎയുടെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും പരാമർശങ്ങൾക്ക് ശേഷം, ഇൻഫർമേഷൻ ടെക്നോളജി ആക്ട്, 2000 ലെ സെക്ഷൻ 69 എ പ്രകാരം ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയമാണ് സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്.
സർക്കാർ ടെലഗ്രാം നിരോധിച്ചത് എന്തുകൊണ്ട്?
പരീക്ഷ ക്രമക്കേടുകളില്ലാതെ സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഈ നിയന്ത്രണമെന്ന് എൻ.ടി.എ ഡയറക്ടർ ജനറൽ അഭിഷേക് സിംഗ് പറഞ്ഞു. “ഒരു തരത്തിലുള്ള വീഴ്ചയും ഉണ്ടാകാൻ ഞങ്ങൾ അനുവദിക്കില്ല. പരീക്ഷ യാതൊരുവിധ ക്രമക്കേടുകളുമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സാധ്യമായ എല്ലാ നടപടികളും ഞങ്ങൾ സ്വീകരിക്കും,” അദ്ദേഹം വ്യക്തമാക്കി.
യഥാർത്ഥതത്തിൽ ഏതെങ്കിലും ചോദ്യപേപ്പർ ചോർന്നത് കൊണ്ടല്ല ഈ നടപടിയെന്നും പകരം, ഓൺലൈനിൽ വ്യാജ സന്ദേശങ്ങളും തട്ടിപ്പുകളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് അധികൃതർ ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ഇത് വിദ്യാർത്ഥികളിൽ വലിയ ആശങ്ക പരത്തുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. ഏജൻസിയുടെ അഭിപ്രായത്തിൽ, “പേപ്പർ ലീക്ക്ഡ് നീറ്റ്”, “റീ-നീറ്റ് 2026”, “പ്രൈവറ്റ് മാഫിയ”, “റീ നീറ്റ് മാഫിയ” തുടങ്ങിയ പേരുകളിൽ പ്രവർത്തിക്കുന്ന ടെലിഗ്രാം ചാനലുകൾ വഴി, തങ്ങളുടെ കൈവശം ചോദ്യപേപ്പർ ഉണ്ടെന്ന വ്യാജ അവകാശവാദം ഉന്നയിച്ച് വിദ്യാർത്ഥികളിൽ നിന്നും അവരുടെ കുടുംബങ്ങളിൽ നിന്നും ലക്ഷങ്ങൾ വരെ തട്ടിയെടുക്കാൻ ശ്രമം നടന്നിരുന്നു.
മെസേജ്-എഡിറ്റിംഗ് ഫീച്ചറിനും നിയന്ത്രണം
പ്ലാറ്റ്‌ഫോമിലേക്കുള്ള ആക്‌സസ് നിയന്ത്രിക്കുന്നതിന് പുറമേ, ജൂൺ 30 വരെ ഇന്ത്യയിൽ ഇതിനകം പോസ്റ്റ് ചെയ്ത സന്ദേശങ്ങൾക്കുള്ള മെസേജ്-എഡിറ്റിംഗ് ഫീച്ചർ പ്രവർത്തനരഹിതമാക്കാൻ സർക്കാർ ടെലഗ്രാമിനോട് നിർദ്ദേശിച്ചിട്ടുണ്ട്. സമീപകാല പരീക്ഷകളിൽ പേപ്പർ ചോർച്ച തെളിവുകൾ കെട്ടിച്ചമയ്ക്കാൻ ഈ ഫീച്ചർ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന് എൻടിഎ പറഞ്ഞു.







