വരാനിരിക്കുന്നത് വൻ തിരിച്ചടി: കെ-ഫോൺ വിൽക്കാൻ സർക്കാർ;

0
1

തിരുവനന്തപുരം: കെ-ഫോൺ (K-FON) പദ്ധതി സ്വകാര്യ മേഖലയ്ക്ക് വിൽക്കാൻ നീക്കങ്ങൾ നടക്കുന്നുവെന്ന് റിപ്പോർട്ടുകൾ. കടബാധ്യതകളും ഉയർന്ന നടത്തിപ്പ് ചെലവുകളും കാരണമായി ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഈ നീക്കം നടത്തുന്നത്. പദ്ധതിയെ പൂർണ്ണമായും ഒരു സ്വകാര്യ കമ്പനിക്ക് വിൽക്കുക എന്നതാണ് ലക്ഷ്യം. കെ ഫോൺ നടത്തുക എന്നത് സർക്കാരിന്റെ പണിയല്ല എന്ന് പ്രതിപക്ഷത്തിരിക്കെവെ മുതിർന്ന നേതാവ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചിരുന്നു.

കെ-ഫോൺ വിൽക്കുന്നതിലൂടെ സർക്കാരിന് ചില താൽക്കാലിക നേട്ടങ്ങൾ ഉണ്ടാകും. അതിലൊന്ന് സർക്കാരിന് ഒരു ‍ബാധ്യത ഒഴിയും എന്നതാണ്. അറ്റകുറ്റപ്പണികൾ, വലിയ സാങ്കേതിക ചെലവുകൾ, ജീവനക്കാരുടെ ശമ്പളം തുടങ്ങിയ വലിയ പ്രതിമാസ ബാധ്യതകളിൽ നിന്ന് സർക്കാരിന് എളുപ്പത്തിൽ തലയൂരാം. ‌ഈ ഭീമൻ പദ്ധതി വിൽക്കുമ്പോൾ ഒറ്റത്തവണയായി സർക്കാരിന് നല്ലൊരു തുക ഖജനാവിലേക്ക് ലഭിക്കും. കടക്കെണിയുടെ പേര് പറഞ്ഞ് സർക്കാരിന് ഈ പദ്ധതി വിൽക്കുകയും ചെയ്യാം.

എന്നാൽ ഈ വിൽപ്പന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. സർക്കാർ വിവരങ്ങളുടെ സുരക്ഷയാണ് അവയിലൊന്ന്. മുപ്പതിനായിരത്തോളം വരുന്ന സർക്കാർ ഓഫീസുകളെയും ആശുപത്രികളെയും പോലീസ് സ്റ്റേഷനുകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന അതീവ സുരക്ഷിതമായ ഒരു ശൃംഖല കെ-ഫോണിലൂടെ ലക്ഷ്യമിടുന്നുണ്ട്. ഇത് പൂർണ്ണമായും ഒരു സ്വകാര്യ കമ്പനിക്ക് വിറ്റാൽ, സർക്കാരിന്റെ തന്ത്രപ്രധാനമായ ആശയവിനിമയ ശൃംഖലയും ഡാറ്റയും സ്വകാര്യ വ്യക്തികളുടെയോ കോർപ്പറേറ്റുകളുടെയോ കൈകളിലാകും. ഇത് വലിയൊരു സുരക്ഷാ ഭീഷണിയാണ്.

കൂടാതെ ഇത്രയേറെ സർക്കാർ സ്ഥാപനങ്ങളിലും വീടുകളിലുമുള്ള കണക്ഷനുകൾക്ക് ഭാവിയിൽ ഉയർന്ന തുക ഈടാക്കാൻ ഇടയുണ്ട്. സ്വകാര്യ കമ്പനിക്ക് കോടിക്കണക്കിന് രൂപയുടെ ലാഭമുണ്ടാക്കി കൊടുക്കുന്ന നീക്കമായിരിക്കും സർക്കാരിന്റേത്. വമ്പൻ ടെലികോം കമ്പനികൾ ഭാവിയിൽ ഇന്റർനെറ്റ് നിരക്ക് വലിയ തോതിൽ കൂട്ടിയാൽ, ജനങ്ങൾക്ക് ആശ്രയിക്കാൻ സർക്കാർ നിയന്ത്രണത്തിലുള്ള ഒരു ബദൽ (Alternative) വേണം എന്നതാണ് കെ-ഫോണിന്റെ പ്രധാന ഉദ്ദേശ്യം. ഇത് ഏതെങ്കിലും സ്വകാര്യ കമ്പനിക്ക് തന്നെ വിറ്റാൽ, വിപണിയിൽ വീണ്ടും കുത്തകവൽക്കരണം ഉണ്ടാകുകയും ജനങ്ങൾക്ക് ഉയർന്ന നിരക്ക് നൽകേണ്ടി വരികയും ചെയ്യും. മത്സരമില്ലാത്ത അവസ്ഥ ജനങ്ങളെ ചൂഷണം ചെയ്യാൻ കമ്പനികൾക്ക് അവസരമൊരുക്കും. അഥവാ കെ ഫോൺ വിൽക്കുന്നതിലൂടെ സംഭവിക്കുക മറ്റ് ടെലികോം കമ്പനികൾ തങ്ങളുടെ സേവനങ്ങൾക്ക് വില കൂട്ടും എന്നതാണ്.

കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പതിനായിരക്കണക്കിന് കുടുംബങ്ങൾക്ക് സൗജന്യമായി ഇന്റർനെറ്റ് നൽകുക എന്ന മാനുഷികമായ ലക്ഷ്യം കെ-ഫോണിനുണ്ട്. ഒരു സ്വകാര്യ കമ്പനിയും ഈ ഉത്തരവാദിത്തം ഏറ്റെടുക്കില്ല. അവർ ലാഭം മാത്രം നോക്കിയേ പ്രവർത്തിക്കൂ. ലാഭമില്ലാത്ത ഗ്രാമപ്രദേശങ്ങളിലെയും ഉൾനാടുകളിലെയും കേബിളുകളും സേവനങ്ങളും അവർ ഉപേക്ഷിക്കാനും സാധ്യതയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here