ഡല്‍ഹി : മഥുരയില്‍ ഷാഹി ഈദ്ഗാഹ് നില്‍ക്കുന്ന സ്ഥലമുള്‍പ്പെടെ 13.37 ഏക്കറിന്റെ ഉടമസ്ഥാവകാശം വേണമെന്നാവശ്യപ്പെട്ട് ശ്രീകൃഷ്ണ വിരാജ്മാന്‍ മഥുര കോടതിയില്‍ സിവില്‍ കേസ് ഫയല്‍ ചെയ്തു. ഷാഹി ഈദ്ഗാഹ് പൊളിച്ചുനീക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. മഥുര കൃഷ്ണ ജന്മഭൂമിയിലെ ഓരോ ഇഞ്ചും ഭക്തര്‍ക്കും ഹിന്ദുക്കള്‍ക്കും അവകാശപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. അഭിഭാഷകനായ വിഷ്ണു ജെയ്നാണ് ഹര്‍ജിക്കാരന്‍.
സുന്നി വഖഫ് ബോര്‍ഡിന്റെ അറിവോടെ മസ്ജിദ് ഈദ്ഗാഹ് അനധികൃതമായി കൈയേറിയ ഭൂമി ഒഴിപ്പിക്കണമെന്നും ഹര്‍ജിയില്‍ പറഞ്ഞതായി അഭിഭാഷകര്‍ അറിയിച്ചു. എന്നാല്‍, അയോധ്യക്കേസില്‍ 1947ന് ശേഷം നിലനിന്ന എല്ലാ ആരാധനാലയങ്ങളും തല്‍സ്ഥിതിയില്‍ തുടരുമെന്ന് ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ച് വ്യക്തമാക്കിയിരുന്നു.അതുകൊണ്ട് തന്നെ മഥുരയില്‍ ഭൂമിയാവശ്യപ്പെട്ടുള്ള ഹര്‍ജി കോടതിയില്‍ നിലനില്‍ക്കുമോയെന്ന് സംശയമാണെന്നും വിദഗ്ധര്‍ പറയുന്നു.
ഭഗവാന്‍ ശ്രീകൃഷ്ണന്‍ ജനിച്ചത് കംസന്റെ കാരാഗൃഹത്തിലാണ്. അതിന്റെ പേരില്‍ ആ പ്രദേശം മുഴുവന്‍ ‘കാത്ര കേശവ് ദേവ്’ എന്നാണ് അറിയപ്പെടുന്നത്. ഭഗവാന്‍ ജനിച്ച ഇടം നിലവില്‍ പള്ളി നില്‍ക്കുന്ന സ്ഥലത്താണെന്നും ഹര്‍ജിയില്‍ പറയുന്നു.
മഥുരയിലെ കൃഷ്ണ ക്ഷേത്രം തകര്‍ത്തത് മുഗള്‍ ഭരണാധികാരിയായിരുന്ന ഔറംഗസേബ് ആയിരുന്നു. കടുത്ത ഇസ്ലാമികവാദിയായിരുന്ന ഔറംഗസേബ് രാജ്യത്തെ നിരവധി ഹൈന്ദവ ക്ഷേത്രങ്ങള്‍ തകര്‍ത്തിട്ടുണ്ട്. അക്കൂട്ടത്തില്‍ ഏ ഡി 1669-70 കാലഘട്ടത്തില്‍ തകര്‍ക്കപ്പെട്ടതാണ് മഥുരയിലെ ശ്രീകൃഷ്ണ ക്ഷേത്രമെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു.