തിരുവനന്തപുരം: കുടുംബാരോഗ്യ കേന്ദ്രങ്ങളിലടക്കം എല്ലാ ആശുപത്രികളിലും മരുന്നും ഉപകരണങ്ങളും ലഭ്യമാക്കാൻ കർശന നിർദ്ദേശം നൽകിയതായി ആരോഗ്യമന്ത്രി കെ മുരളീധരൻ. പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മരുന്നുകളില്ലാതെ രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാകരുത്. അതുപോലെ തന്നെ ശസ്ത്രക്രിയകൾ മുടങ്ങാൻ അനുവദിക്കില്ലെന്നും ശസ്ത്രക്രിയകൾക്ക് കർശന പ്രോട്ടോ ക്കോൾ പാലിക്കാൻ നിർദ്ദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു.
മെഡിക്കൽ കോളജുകളിൽ രോഗികളെ നിലത്ത് കിടത്താനാവില്ല. ആവശ്യത്തിന് കിടക്കകൾ നൽകും. വൃത്തിഹീനമായ അവസ്ഥയിൽ നിന്നാണ് പകർച്ചവ്യാധികൾ പടരുന്നത്. അതുകൊണ്ട് തന്നെ ആശുപത്രികൾ വൃത്തിയായി സൂക്ഷിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ജോലിക്കാരെ ആവശ്യമുള്ളിടത്ത് പുനർവിന്യസിക്കാനും അറിയിപ്പ് നൽകിയിട്ടുണ്ട്. യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് നൽകിയ മെഡിക്കൽ കോളജുകൾ കഴിഞ്ഞ സർക്കാരുകൾ നിർത്തലാക്കിയിരുന്നു. തിരുവനന്തപുരത്തടക്കമുള്ളവ പുനരാരംഭിക്കും.
കൊവിഡിന് മുൻപ് മെഡിക്കൽ കോളജിൽ നാല് മുതൽ ആറ് വരെ രോഗികളെ സന്ദർശിക്കാൻ സമയം അനുവദിച്ചിരുന്നു. കൊവിഡ് കാല നിയന്ത്രണത്തിൻ്റെ ഭാഗമായി അത് നിർത്തിലാക്കിയിരുന്നു. അത് നിലവിൽ പുനരാരംഭിക്കും. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിൽ പുതുതായി ജില്ലാ മെഡിക്കൽ ഓഫീസറോട് റിപ്പോർട്ട് തേടിയെന്നും മ്രന്തി വ്യക്തമാക്കി.
അന്ന് രോഗിയെ കുത്തിവെച്ച നഴ്‌സിൻ്റെയടക്കം അഭിപ്രായം തേടും. മുൻപത്തെ റിപ്പോർട്ട് വിശ്വാസയോഗ്യമല്ല. നിലവിൽ എല്ലാ അഭിപ്രായങ്ങളും ക്രോഡീകരിച്ചുള്ള റിപ്പോർട്ട് കിട്ടിയ ശേഷം അതിൽ നടപടിയെടുക്കും. കിഫ്ബി ഫണ്ട് ഉപയോഗിച്ച് പല ആശുപത്രികളുടെയും കെട്ടിടം പണിത് നൽകിയിട്ടുണ്ട്. എന്നാൽ അവിടെ ആവശ്യത്തിന് ഉപകരണങ്ങളില്ല. ഇതിനടക്കം പരിഹാരമുണ്ടാക്കും.
കൊവിഡ് കാല അഴിമതി ആരോപണങ്ങളിൽ റിപ്പോർട്ട് തേടി
കൊവിഡ് കാലത്ത് മെഡിക്കൽ സർവിസ് കോർപ്പറേഷൻ വഴിയുള്ള വാങ്ങൽ സംബന്ധിച്ചുള്ള അഴിമതി ആരോപണങ്ങളിൽ ബന്ധപ്പെട്ട ആളുകളോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. എല്ലാ അഴിമതിയെ കുറിച്ചും അന്വേഷിക്കും. പക്ഷേ മുൻ വിധിയോടെ അയിരിക്കില്ല. അന്വേഷണം ആരെയെങ്കിലും മനപൂർവ്വം കുടുക്കാനല്ല. അതിന് സമയം കളയില്ല. പഴയതിനെ കുറ്റം പറഞ്ഞിരുന്നിട്ട് കാര്യമില്ലെന്നും മുരളീധരൻ അറിയിച്ചു.
എംയിസ് വരുന്നതിൽ തുറന്ന സമീപനം
സംസ്ഥാനത്ത് എയിംസ് വരുന്നതിൽ സർക്കാരിന് തുറന്ന സമീപനമാണുള്ളതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. എയിംസ് സംസ്ഥാനത്ത് വരണമെന്ന് മാത്രമാണ് സർക്കാരിൻ്റെ നിലപാട്. അത് എവിടെയാണെങ്കിലും കുഴപ്പമില്ല. തൃശൂരിൽ മാത്രം ഇതുവരെ സ്ഥലം കണ്ടെത്തി നൽകിയിട്ടില്ല.
എയിംസ് ആലപ്പുഴയിൽ വേണമെന്നമാണ് തൃശൂർ എംപിയുടെ നിലപാട്. തിരുവനന്തപുരമടക്കം ഏത് സ്ഥലത്തും ഇത് വരുന്നതിൽ സർക്കാരിന് എതിരഭിപ്രായമില്ല.
എബോള ബാധയുമായി ബന്ധപ്പെട്ട മുൻകരുതലുകൾ വകുപ്പ് സ്വീകരിക്കുന്നുണ്ട്. ആദ്യഘട്ടത്തിൽ വിദേശത്ത് നിന്നും വരുന്ന യാത്രക്കാരെ നിരീക്ഷിക്കാൻ നിർദ്ദേശം നൽകിക്കഴിഞ്ഞുവെന്നും മ്രന്തി അറിയിച്ചു.
ശബരിമല സ്വർണ്ണക്കൊള്ള എസ്‌ഐടി അന്വേഷണം തുടരും
ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണസംഘം തുടരുമെന്നും ദേവസ്വം മ്രന്തി കൂടിയായ അദ്ദേഹം അറിയിച്ചു. അന്വേഷണത്തിന് കൂടുതൽ സമയം നൽകും. യുവതി പ്രവേശന കാലത്തെ പ്രക്ഷോഭ കേസുകൾ പിൻവലിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.







