ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്രകൾക്ക് ജാഗ്രതാനിർദേശവുമായി കേന്ദ്രം

0
12

ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് ബാധ അതിവേഗം പടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതാ നിർദേശവുമായി ഇന്ത്യൻ സർക്കാർ. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (DRC), ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിലേക്കുള്ള അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും പൗരന്മാർ ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.

എബോളയുടെ മാരകമായ ‘ബുന്ദിബുഗ്യോ’ (Bundibugyo) വകഭേദമാണ് ഈ രാജ്യങ്ങളിൽ ഇപ്പോൾ പടർന്നുപിടിക്കുന്നത്.

ലോകാരോഗ്യ സംഘടന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

അന്താരാഷ്ട്ര ആരോഗ്യ ചട്ടങ്ങൾ മുൻനിർത്തി ലോകാരോഗ്യ സംഘടന (WHO) ഈ പ്രതിസന്ധിയെ ‘അന്താരാഷ്ട്ര ആശങ്കയുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി’ (PHEIC) പ്രഖ്യാപിച്ചിട്ടുണ്ട്. ആഫ്രിക്കൻ ഡിസീസ് കൺട്രോൾ ബോർഡും (Africa CDC) മേഖലയിൽ കടുത്ത ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

ആഫ്രിക്കയിലെ ചില പ്രദേശങ്ങളിൽ റിപ്പോർട്ട് ചെയ്‌തിരിക്കുന്ന ബുണ്ടിബുഗ്യോ വിഭാഗത്തിലുള്ള എബോള വൈറസ് വ്യാപനം ഗുരുതര പ്രതിസന്ധിയാണ് സൃഷ്‌ടിക്കുക എന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് കേന്ദ്രത്തിൻ്റെ ഈ നടപടി. രോഗവ്യാപന സാധ്യത ഉയർന്ന സാഹചര്യത്തിൽ രാജ്യാന്തര യാത്രകൾ നിയന്ത്രിക്കണമെന്ന നിർദേശവും വിവിധ ആരോഗ്യ ഏജൻസികൾ മുന്നോട്ട് വെച്ചിട്ടുണ്ട്.

ഡബ്ല്യുഎച്ഒയുടെ അടിയന്തര സമിതിയും മേയ് 22 ന് നിർദേശങ്ങൾ പുറത്തിറക്കി. രോഗബാധിത പ്രദേശങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാരെ വിമാനത്താവളങ്ങളിലും അതിർത്തി പരിശോധനാ കേന്ദ്രങ്ങളിലും കർശനമായി നിരീക്ഷിക്കണമെന്ന് നിർദേശത്തിൽ വ്യക്തമാക്കുന്നു. പനി, അസ്വാഭാവിക ക്ഷീണം, രക്തസ്രാവം പോലുള്ള ലക്ഷണങ്ങളുള്ള യാത്രക്കാരെ പ്രത്യേക നിരീക്ഷണത്തിന് വിധേയരാക്കണമെന്നും അവർ നിർദേശിച്ചു. ​കോംഗോ, ഉഗാണ്ട രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ദക്ഷിണ സുഡാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ രോഗവ്യാപനത്തിനുള്ള സാധ്യത വളരെ കൂടുതലാണെന്ന് യാത്രാ നിർദ്ദേശത്തിൽ വിലയിരുത്തുന്നു.

രോഗ ബാധിത രാജ്യങ്ങളിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാർക്ക് സർക്കാർ നൽകിയ പ്രധാന നിർദേശങ്ങൾ

  • പ്രാദേശിക ആരോഗ്യ അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കുക
  • രോഗലക്ഷണങ്ങളുള്ള ആളുകളുമായി സമ്പർക്കം ഒഴിവാക്കുക
  • വ്യക്തിഗത ശുചിത്വം ശക്തമായി പാലിക്കുക
  • പനി, ക്ഷീണം, രക്തസ്രാവം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടുക
  • അനാവശ്യ യാത്രകളും പൊതുയോഗങ്ങളും ഒഴിവാക്കുക

എന്താണ് ബുണ്ടിബുഗ്യോ വൈറസ്?

​ശരീരത്തിനുള്ളിൽ മാരകമായ രക്തസ്രാവത്തിന് കാരണമാകുന്ന വൈറസ് പനിയാണ് എബോള. നിലവിൽ പടരുന്ന ബുന്ദിബുഗ്യോ വകഭേദത്തിന് ഉയർന്ന മരണനിരക്കാണുള്ളത്. ആശങ്കപ്പെടുത്തുന്ന മറ്റൊരു കാര്യം, ഈ പ്രത്യേക വകഭേദത്തിനെതിരെ പ്രതിരോധ വാക്സിനുകളോ ഫലപ്രദമായ മറ്റ് ചികിത്സകളോ ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നതാണ്.

അതേസമയം, ഇന്ത്യയിൽ ഇതുവരെ എബോളയുടെ ഈ പുതിയ വകഭേദം ആർക്കും സ്ഥിരീകരിച്ചിട്ടില്ലെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയുടെ മാർഗനിർദ്ദേശങ്ങൾ പാലിച്ച് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here