മെഡിക്കൽ ടൂറിസത്തിൽ കുതിച്ചുചാട്ടത്തിനൊരുങ്ങി ഹൈദരാബാദ്;

0
38

ഹൈദരാബാദ്: ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ മെഡിക്കൽ ടൂറിസം ഹബ്ബായി ഹൈദരാബാദിനെ മാറ്റാൻ ലക്ഷ്യമിട്ട് തെലങ്കാന ആരോഗ്യവകുപ്പും ടൂറിസം വകുപ്പും സംയുക്ത പദ്ധതികൾ ആരംഭിക്കുന്നു. ഇതിൻ്റെ ഭാഗമായി വിദേശികൾക്ക് സർക്കാർ ആശുപത്രികളിൽ ഉൾപ്പെടെ മികച്ച ചികിത്സ ലഭ്യമാക്കുന്നതിനായി പ്രത്യേക തെലങ്കാന സ്റ്റേറ്റ് മെഡിക്കൽ ടൂറിസം സൊസൈറ്റി രൂപീകരിക്കും. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലാണ് ഈ പദ്ധതികൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.

പുതുതായി നിർമിച്ച സനത് നഗറിലെ തെലങ്കാന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (ടിംസ്) വിദേശികൾക്കായി പ്രത്യേക വാർഡുകളോട് കൂടിയ ഇൻ്റർനാഷണൽ മെഡിക്കൽ ടൂറിസം ബ്ലോക്ക് സജ്ജമാക്കും. ആയിരത്തോളം കിടക്കകളുള്ള ഈ ആശുപത്രിയിൽ വിദേശ രോഗികൾക്കായി വി.ഐ.പി സ്യൂട്ടുകളും അത്യാധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഘട്ടംഘട്ടമായി നഗരത്തിലെ മറ്റ് പ്രധാന സർക്കാർ ആശുപത്രികളിലേക്കും ഈ സൗകര്യം വ്യാപിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം. കേന്ദ്ര സർക്കാരിൻ്റെ ‘ഹീൽ ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച അഞ്ച് മെഡിക്കൽ വാല്യൂ ടൂറിസം ഹബ്ബുകളിൽ ഒന്നായി ഹൈദരാബാദിനെ മാറ്റുകയാണ് സർക്കാരിൻ്റെ പ്രധാന ലക്ഷ്യം.

ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം
പുതിയതായി രൂപീകരിക്കുന്ന സൊസൈറ്റി വഴി വിദേശത്ത് നിന്ന് ചികിത്സയ്ക്കായി എത്തുന്നവർക്ക് ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം ലഭ്യമാക്കും. ആശുപത്രികൾ തിരഞ്ഞെടുക്കൽ, വിസ നടപടികൾ, താമസം, ചികിത്സാ ചെലവുകൾ തുടങ്ങിയ വിവരങ്ങളെല്ലാം ഇതിലൂടെ എളുപ്പത്തിൽ അറിയാൻ സാധിക്കും. നഗരത്തിലെ തിരഞ്ഞെടുക്കപ്പെട്ട സർക്കാർ ആശുപത്രികൾക്കൊപ്പം പ്രമുഖ സ്വകാര്യ കോർപ്പറേറ്റ് ആശുപത്രികളെയും ഈ പദ്ധതിയുടെ ഭാഗമാക്കും. മെഡിക്കൽ ടൂറിസം രംഗത്തെ ഹൈദരാബാദിൻ്റെ സാധ്യതകൾ മറ്റ് രാജ്യങ്ങളിൽ പ്രചരിപ്പിക്കുന്നതിനായി ടൂറിസം വകുപ്പ് പ്രത്യേക പരിപാടികൾ സംഘടിപ്പിക്കും. മിഡിൽ ഈസ്റ്റ്, ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള രോഗികളെ ആകർഷിക്കുന്നതിനായി വിപുലമായ ഡിജിറ്റൽ ക്യാമ്പയിനുകളും ഇൻ്റർനാഷണൽ മെഡിക്കൽ കോൺക്ലേവുകളും സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. വിദേശ പ്രതിനിധികൾക്കായി പ്രത്യേക ബോധവത്കരണ പരിപാടികളും ഇതിൻ്റെ ഭാഗമായി സംഘടിപ്പിക്കും.

അനുകൂല ഘടകങ്ങൾ
പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ ചികിത്സാ ചെലവ്, അന്താരാഷ്ട്ര നിലവാരമുള്ള ആശുപത്രികൾ, വിദഗ്ധരായ ഡോക്ടർമാരുടെ സേവനം, വിവിധ രാജ്യങ്ങളിൽ നിന്നുള്ള നേരിട്ടുള്ള വിമാന സർവീസുകൾ തുടങ്ങിയ അനുകൂല ഘടകങ്ങൾ ഹൈദരാബാദിന് ഗുണകരമാകും. നിലവിൽ ചികിത്സയ്ക്കായി ഇവിടെ എത്തുന്ന വിദേശികളിൽ കൂടുതലും അറബ് രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഒമാൻ, യെമൻ, യുഎഇ, ഇറാഖ്, നൈജീരിയ, സുഡാൻ, സൊമാലിയ, കെനിയ, ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് പ്രധാനമായും രോഗികൾ എത്തുന്നത്. വരും ദിവസങ്ങളിൽ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള രോഗികളെ ആകർഷിക്കാനുള്ള പ്രചാരണ പരിപാടികളിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കും. ആരോഗ്യം, ഹോസ്പിറ്റാലിറ്റി, വ്യോമയാനം എന്നീ മേഖലകളെ സംയോജിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് സർക്കാർ ലക്ഷ്യമിടുന്നത്. 2026-ഓടെ ഇന്ത്യയിലെ മെഡിക്കൽ ടൂറിസം വിപണി 20.4 ബില്യൺ ഡോളറിലെത്തുമെന്നാണ് വ്യവസായ മേഖലയുടെ വിലയിരുത്തൽ. ഈ സാമ്പത്തിക സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി സംസ്ഥാനത്തിൻ്റെ വരുമാനം വർധിപ്പിക്കാനാണ് തെലങ്കാന സർക്കാരിൻ്റെ നീക്കം.

LEAVE A REPLY

Please enter your comment!
Please enter your name here