എബോള വൈറസ്: കോംഗോയിലും ഉഗാണ്ടയിലും നിരീക്ഷണം ശക്തം;

0
20

ന്യൂഡൽഹി: എബോള വൈറസ് ബാധയെത്തുടർന്ന് ഡെമോക്രാറ്റിക് റിപ്പബ്ലിക്‌ ഓഫ് കോംഗോയിൽ ലോകാരോഗ്യ സംഘടന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെത്തുടർന്ന് കോംഗോയുടെ അയൽ പ്രദേശമായ ഉഗാണ്ടയും ചില പ്രദേശങ്ങളും സൂക്ഷ്‌മമായി നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

നാഷണൽ സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ (NCDC)(ദേശീയ പകര്‍ച്ചവ്യാധി നിയന്ത്രണ കേന്ദ്രം), ഇൻ്റിഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോഗ്രാം (IDSP), ഐസിഎംആർ മറ്റ് ബന്ധപ്പെട്ട വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ സംയുക്തമായി സ്ഥിതിഗതികൾ അവലോകനം ചെയ്‌തുവരുന്നു. ഇതിൻ്റെ ഭാഗമായി പൊതുജനാരോഗ്യ നടപടികൾ ആരംഭിക്കുകയും ചെയ്‌തു.

ഇന്ത്യയിൽ വൈറസ് ബാധയില്ലെന്ന് റിപ്പോർട്ട്

അതേസമയം, ഇന്ത്യയിൽ എബോള വൈറസ് റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നും രാജ്യത്തിനുള്ളിൽ അപകട സാധ്യത വളരെ കുറവാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. എന്നിരുന്നാലും വളരെയധികം ജാഗ്രത പാലിക്കാനും മുൻകരുതൽ നടപടികൾ സ്വീകരിക്കാനും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.

സുരക്ഷാ നടപടികൾ ശക്തം

സ്‌ക്രീനിങ്, നിരീക്ഷണം, ക്വാറൻ്റൈൻ, കേസ് മാനേജ്‌മെൻ്റ് എന്നിവയ്‌ക്കായി ഒസ്‌ഒപികളുടെ അവലോകനം, ലബോറട്ടറികൾ സജീവമാക്കൽ, പരിശോധനകൾക്ക് എൻഐവി പൂനെയുടെ സഹകരണം എന്നിവയും നിയോഗിക്കും. ഘട്ടം ഘട്ടമായി അധികം ലബോറട്ടറികൾ ഉൾപ്പെടുത്തുകയും ചെയ്യും.

വൈറസ് ബാധിത പ്രദേശങ്ങളിൽ നിന്നുള്ള അന്താരാഷ്‌ട്ര യാത്രകൾ നിരീക്ഷിക്കുന്നതിനായി പ്രസക്തമായ മന്ത്രാലയങ്ങളുമായും ഏജൻസികളുമായും മെച്ചപ്പെട്ട ഏകോപനം, പ്രധാന വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ഐസൊലേഷൻ, ക്വാറൻ്റൈൻ സൗകര്യങ്ങൾ എന്നിവയും നടപടികളിൽ ഉൾപ്പെടുന്നു. സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും അതിൽ പരിഭ്രാന്തരാകരുതെന്നും പൊതുജനങ്ങളോടും മാധ്യമങ്ങളോടും മന്ത്രാലയം പ്രത്യേകം അറിയിച്ചിട്ടുണ്ട്.

ഇന്ത്യയുടെ പൊതുജനാരോഗ്യ സംവിധാനം ജാഗ്രത പുലർത്തുന്നുണ്ടെന്നും ഏത് സാഹചര്യത്തെയും നേരിടാൻ പൂർണ സജ്ജമാണെന്നും ഉറപ്പിച്ചു പറഞ്ഞു. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയവും ലോകാരോഗ്യ സംഘടനയും പുറപ്പെടുവിക്കുന്ന ഔദ്യോഗിക നിർദേശങ്ങൾ ശ്രദ്ധിക്കണം. കൂടാതെ, അന്താരാഷ്‌ട്ര ആരോഗ്യ മേഖലയിലെ അധികാരികളുമായി ഇന്ത്യൻ സർക്കാർ ഏകോപനം തുടരുമെന്നും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥൻ ഉറപ്പിച്ചു പറഞ്ഞു.

പരിഭ്രാന്തിയുടെ ആവശ്യമില്ലെന്ന് വിദഗ്‌ധർ

അതേസമയം, കിഴക്കൻ കോംഗോയിലെ ഇറ്റൂരി പ്രവിശ്യയിൽ നൂറോളം മരണങ്ങൾക്ക് കാരണമായ എബോള വൈറസിൻ്റെ വകഭേദമായ ബുണ്ടിബുഗ്യ സ്‌ട്രെയിൻ പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിൽ, ഇന്ത്യയിൽ പരിഭ്രാന്തിയുടെ ആവശ്യമില്ലെന്ന് ബിലാസ്‌പൂർ എയിംസ് പ്രസിഡൻ്റ് ഡോ. എൻ കെ അറോറ പറഞ്ഞു.

ഈ വൈറസ് വളരെ വേഗത്തിൽ പടരുന്നില്ല. എന്നാൽ കോംഗോയുടെ അയൽ പ്രദേശങ്ങൾ സ്വാഭാവികമായും ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. അതിനാൽ നമ്മളും ശ്രദ്ധപുലർത്തേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

ലോകാരോഗ്യ സംഘടന പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ജാഗ്രത പാലിക്കേണ്ട ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. എന്നാൽ രോഗം മനുഷ്യരിൽ നിന്നോ മൃഗങ്ങളിൽ നിന്നോ പടരുന്നത് അതിവേഗം കണ്ടെത്തുന്നതിനുള്ള നൂതന നിരീക്ഷണ സംവിധാനം ഇന്ത്യയുടെ ആരോഗ്യ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. രാജ്യത്തെ സംരക്ഷിക്കുന്നതിന് ഈ പ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here