സൂപ്പർ ലീഗ് കേരളയിൽ വീണ്ടും സമനിലക്കളി:

0
25

തൃശൂർ: സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ തിരുവനന്തപുരം കൊമ്പൻസും തൃശൂർ മാജിക് എഫ്‌സിയും ഏറ്റുമുട്ടിയപ്പോൾ മത്സരം 1-1 സമനിലയിൽ കലാശിച്ചു. തുടർച്ചയായ രണ്ടാം മത്സരമാണ് സമനിലയിൽ കലാശിച്ചത്. എട്ടാം റൗണ്ടിലെ ആദ്യ പോരാട്ടത്തിൽ കൊമ്പൻസിനായി പൗളോ വിക്ടറും തൃശൂരിനായി ഗോൾ ഫൈസൽ അലിയും നേടി. നേരത്തെ തിരുവനന്തപുരത്ത്‌ നടന്ന കളിയിൽ തൃശൂർ ഒരു ഗോളിന്‌ കൊമ്പൻസിനെ തോൽപ്പിച്ചിരുന്നു. എട്ട് കളികളിൽ 14 പോയിന്‍റുമായി തൃശൂർ പട്ടികയിൽ രണ്ടാംസ്ഥാനത്താണ്. 11പോയിന്‍റുമായി കൊമ്പൻസാണ് മൂന്നാമത് നില്‍ക്കുന്നത്.

കഴിഞ്ഞ കളിയിൽ നിന്നും അഞ്ച്‌ മാറ്റങ്ങളുമായാണ്‌ തൃശൂർ ഇറങ്ങിയത്‌. മത്സരം തുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ തിരുവനന്തപുരം വലകുലുക്കി. ഷാഫിയിൽ നിന്ന് വന്ന പന്ത് തൃശൂരിന്‍റെ മുഹമ്മദ്‌ ജിയാദിന് ക്ലിയർ ചെയ്യാൻ കഴിയാതിരുന്നതോടെ ഓടിപ്പിടിച്ച പൗളോ വിക്ടർ ഗോളാക്കി മാറ്റുകയായിരുന്നു. എന്നാല്‍ കൊമ്പന്മാരുടെ സന്തോഷത്തിനു അധികം ആയുസുണ്ടായിരുന്നില്ല. പതിനാറാം മിനിറ്റിൽ തൃശൂർ ശക്തമായ മറുപടി നല്‍കി. ഇവാൻ മാർക്കോവിച്ചിന്‍റെ പാസ് കെവിൻ ജാവിയർ നീക്കി നൽകിയപ്പോൾ ഫൈസൽ അലി ഫസ്റ്റ് ടൈം ടച്ചിൽ പന്ത് വലയിലാക്കി.

ഇരുപത്തിയാറാം മിനിറ്റിൽ എതിരാളികളെ ഒന്നൊന്നായി വെട്ടിയൊഴിഞ്ഞു മുന്നേറിയ കൊമ്പൻസിന്‍റെ റൊണാൾഡ് നടത്തിയ ശ്രമം ക്രോസ്സ് ബാറിന് മുകളിലൂടെ പറന്നു. ആദ്യപകുതിയുടെ അവസാന മിനിറ്റുകളിൽ ഇരുഭാഗത്ത് നിന്നും ആസൂത്രിതമായ നീക്കങ്ങളൊന്നും പിറന്നില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ മുഹമ്മദ്‌ ഷാഫിയെ പിൻവലിച്ച കൊമ്പൻസ് മുഹമ്മദ്‌ അസ്ഹറിനെ കൊണ്ടുവന്നു. കെവിൻ ജാവിയറിനെ കാൽവെച്ചുവീഴ്ത്തിയ കൊമ്പൻസിന്‍റെ ജാസിമിന് റഫറി മഞ്ഞക്കാർഡ് നൽകി.

കളി അവസാനിക്കാനിരിക്കെ കൊമ്പൻസ് യദു കൃഷ്‌ണ, ബിബിൻ ബോബൻ എന്നിവർക്കും തൃശൂർ നവീൻ കൃഷ്‌ണ, ഉമാശങ്കർ എന്നിവർക്കും അവസരം നൽകി. എഴുപത്തിമൂന്നാം മിനിറ്റിൽ കെവിൻ ജാവിയർ എടുത്ത ഫ്രീകിക്ക് കൊമ്പൻസിന്‍റെ പോസ്റ്റിനെ തൊട്ടുരുമ്മി പുറത്തേക്ക് പോയി. കളി അവസാനിക്കാൻ സെക്കൻഡുകൾ ബാക്കി നിൽക്കെ റൊണാൾഡ് പറത്തിയ ഷോട്ട് തൃശൂർ ഗോളി കമാലുദ്ധീൻ തട്ടിത്തെറിപ്പിച്ചു.

നാളെ നടക്കുന്ന എട്ടാം റൗണ്ടിലെ രണ്ടാം മത്സരത്തിൽ കണ്ണൂർ വാരിയേഴ്‌സ്, ഫോഴ്‌സ കൊച്ചിയെ നേരിടും. കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ രാത്രി 7.30 ന് കിക്കോഫ്. മത്സരം സോണി ടെൻ 2, ഡി ഡി മലയാളം, സ്പോർട്‌സ്.കോമിലും (sports.com) എന്നിവയില്‍ തൽസമയം കാണാം. യു എ ഇയിൽ ഇത്തിസാലാത്തിന്‍റെ ഇ വിഷൻ ചാനലിൽ (നമ്പർ 742) മത്സരം കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here