തെലുങ്ക് നടൻ റാം പോത്തിനേനി സംവിധായകനാകുന്നു

0
26

പ്രശസ്ത തെലുങ്ക് താരം റാം പോത്തിനേനി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു. അദ്ദേഹം തന്നെ നായകനായി എത്തുന്ന ചിത്രം നിർമിക്കുന്നത് റാപോ സിനിമാറ്റിക്‌സിന്റെ ബാനറിൽ കൃഷ്ണ പോത്തിനേനി ആണ്. റാം പോത്തിനേനിയുടെ 23ാം ചിത്രമാണ് ഒരുങ്ങുന്നത്.

മുൻ ചിത്രം ‘ആന്ധ്ര കിംഗ് താലൂക്ക’യിലൂടെ ഗായകനായും ഗാനരചയിതാവായും അരങ്ങേറ്റം കുറിച്ച റാം പോത്തിനേനി തന്റെ ബഹുമുഖ പ്രതിഭ പ്രേക്ഷകരിലെത്തിക്കാനുള്ള ഒരുക്കത്തിലാണ്. നടന്റെ ജന്മദിനം പ്രമാണിച്ചാണ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ‘റാപോ23’ പ്രഖ്യാപിച്ചത്. തെലുങ്ക് സിനിമയിൽ അപൂർവമായി മാത്രം വന്നിട്ടുള്ള ഒരു സ്റ്റൈലിഷ് സൈക്കോളജിക്കൽ ആക്ഷൻ ത്രില്ലർ ആയാണ് ഈ ചിത്രം ഒരുങ്ങുന്നത്.

ഇതോടെ, സീനിയർ എൻടിആർ, കൃഷ്ണ, പവൻ കല്യാൺ തുടങ്ങി സംവിധായകരായി മാറിയ താരങ്ങളുടെ എലൈറ്റ് ലിസ്റ്റിൽ റാം പോത്തിനേനിയും ഇടം പിടിച്ചു. പ്രഖ്യാപനത്തിനൊപ്പം, റാം പോത്തിനേനിയുടെ വീര എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശ്രദ്ധേയമായ ജന്മദിന സ്പെഷ്യൽ പോസ്റ്ററും നിർമാതാക്കൾ പുറത്തിറക്കി.

ലെതർ ജാക്കറ്റ് ധരിച്ച റാമിനെ അവതരിപ്പിക്കുന്ന ആകർഷകമായ പോസ്റ്റർ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. കലാപം, അപകടം, ആധിപത്യം എന്നിവയുടെ പ്രതീകമായ ചുവപ്പു കളറിൽ ‘V’ എന്ന അക്ഷരം നടന്റെ ജാക്കറ്റിന്റെ പുറകിൽ രേഖപ്പെടുത്തിയിരിക്കുന്നത് കാണാം. ‘ദ സ്റ്റോറി ഓഫ് എ ലോൺ വൂൾഫ്’ എന്നാണ് സിനിമയുടെ ടാഗ് ലൈൻ. ഏകാന്തതയും സങ്കീർണമായ മാനസികാവസ്ഥയുമുള്ള നായക കഥാപാത്രത്തെയാണ് ഈ ടാഗ്‌ലൈൻ സൂചിപ്പിക്കുന്നത്.

ജൂണിൽ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കാനും ഈ വർഷം ഡിസംബറിൽ ചിത്രം റിലീസ് ചെയ്യാനുമാണ് നിർമാതാക്കൾ ശ്രമിക്കുന്നത്. അഭിനേതാക്കളെയും സാങ്കേതിക സംഘത്തെയും കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ വെളിപ്പെടുത്തും. ഇത് റാം പോത്തിനേനിയുടെ കരിയറിലെ ഇതുവരെയുള്ള ഏറ്റവും വലിയ സംരംഭങ്ങളിലൊന്നായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.തിരക്കഥാകൃത്ത്, സംവിധായകൻ- റാം പോത്തിനേനി, നിർമാതാവ്- കൃഷ്ണ പൊത്തിനേനി, ബാനർ- റാപോ സിനിമാറ്റിക്സ്, പിആർഒ- ശബരി.

LEAVE A REPLY

Please enter your comment!
Please enter your name here