മുട്ടകൾ ഏറ്റവും വൈവിധ്യമാർന്ന ഭക്ഷണങ്ങളിൽ ഒന്നാണെന്നതിൽ സംശയമില്ല, കൂടാതെ ഇവ പോഷകഗുണങ്ങളാൽ സമ്പന്നവുമാണ്. ഹെൽത്ത്ലൈനിന്റെ കണക്കനുസരിച്ച്, പുഴുങ്ങിയ ഒരു വലിയ മുട്ടയിൽ 6 ഗ്രാം പ്രോട്ടീൻ, 5 ഗ്രാം കൊഴുപ്പ്, 78 കാലറി എന്നിവ അടങ്ങിയിട്ടുണ്ട്.
പ്രോട്ടീന്റെ കലവറയായ മുട്ട ദിവസവും ഡയറ്റിൽ ഉൾപ്പെടുത്തിയാൽ ശരീരത്തിൽ പ്രകടമായ മാറ്റങ്ങൾ വരുമെന്ന് ഹൈദരാബാദ് ആസ്ഥാനമായുള്ള ഡോ.പൂജ റെഡ്ഡി പറയുന്നു. രണ്ടാഴ്ച തുടർച്ചയായി ദിവസവും മുട്ട കഴിക്കുന്നത് ശരീരത്തിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചാണ് അവർ വിശദീകരിച്ചത്.
ഏറ്റവും ഗുണനിലവാരമുള്ള അമിനോ ആസിഡുകൾ അടങ്ങിയ പ്രോട്ടീൻ സ്രോതസാണ് മുട്ട. ഇത് പേശികളെയും കോശങ്ങളെയും ശക്തിപ്പെടുത്തുന്നതിനൊപ്പം ചർമ്മത്തിന് പ്രത്യേക തിളക്കവും ആരോഗ്യവും നൽകുന്നു.
മുട്ടയിൽ അടങ്ങിയിരിക്കുന്ന കോളിൻ എന്ന പോഷകം തലച്ചോറിന്റെ പ്രവർത്തനങ്ങളെ സഹായിക്കുന്നു. ഇത് ഏകാഗ്രത വർധിപ്പിക്കാനും ഓർമ്മശക്തി മെച്ചപ്പെടുത്താനും സഹായിക്കും. കൂടാതെ, ഫാറ്റി ലിവർ തടയുന്നതിനും ഇത് അത്യുത്തമമാണ്.
മുട്ട കഴിച്ചാൽ കൊളസ്ട്രോൾ കൂടും എന്ന തെറ്റായ ധാരണ പലർക്കുമുണ്ട്. എന്നാൽ മുട്ടയിലെ എച്ച്ഡിഎൽ അഥവാ നല്ല കൊളസ്ട്രോൾ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ദിവസവും മുട്ട കഴിക്കുന്നതിലൂടെ നല്ല കൊളസ്ട്രോളിന്റെ അളവിൽ 10 ശതമാനം വരെ വർധനവ് രണ്ടാഴ്ചയ്ക്കുള്ളിൽ ഉണ്ടായേക്കാം.
രാവിലെ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾക്ക് പകരം മുട്ട കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുന്നത് തടയും. ഇത് ദിവസം മുഴുവൻ ഉന്മേഷം നൽകുകയും ഉച്ചഭക്ഷണം വരെ വിശപ്പ് അനുഭവപ്പെടാതിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.








